ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരു വര്‍ഷത്തിനിടെ 25.53 ലക്ഷം സഞ്ചാരികളെത്തി

Posted on: January 2, 2018 10:54 pm | Last updated: January 2, 2018 at 10:54 pm
SHARE

ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി സസ്യോദ്യാനത്തില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 25.53 ലക്ഷം സഞ്ചാരികള്‍. 2017 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സഞ്ചാരികള്‍ ഈ വര്‍ഷം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.80 ലക്ഷം അധികം സഞ്ചാരികളാണ് ഈ വര്‍ഷം എത്തിയത്. സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത് സസ്യോദ്യാനത്തിലേക്കാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും. ഊട്ടിയുടെ പ്രത്യേകതയാണ് തണുത്ത കാലാവസ്ഥ ഇതേത്തുടര്‍ന്നാണ് സഞ്ചാരികളെ ഊട്ടിയിലേക്ക് ആകര്‍ഷിക്കുന്നത്. പച്ചവിരിച്ച പരവതാനിയില്‍ വിവിധ വര്‍ണങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ചരിത്രത്തില്‍ ഇടംനേടിയ പുഷ്പനഗരി. പതിനായിരത്തിലേറെ പുഷ്പങ്ങളുടെ വൈവിധ്യമാണ് ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ഊട്ടി സഞ്ചാരികളുടെ മനംകവരുന്നതാണ്. അതേസമയം ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗ്ലാസ് ഹൗസ് തുറന്ന് കൊടുക്കാന്‍ ഇതുവരെ കാര്‍ഷിക വകുപ്പും, ടൂറിസംവകുപ്പും തയ്യാറായിട്ടില്ല. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടംനേടിയതാണ് ഊട്ടിയുടെ പെരുമ.

ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളുടെ ശേഖരമാണ് ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയോട് ചേര്‍ന്നുള്ള സസ്യോദ്യാനത്തില്‍ പത്തേക്കര്‍ പച്ചപ്പുല്‍ മൈതാനമാണ് പുഷ്പ പ്രദര്‍ശനത്തിന്റെ പ്രധാന കേന്ദ്രം. 1847-ല്‍ വില്യം ഗ്രഹാം മാക്‌ഐവര്‍ ആണ് സസ്യോദ്യാനം സ്ഥാപിച്ചത്. യൂറോപ്പിന്റെ കാലാവസ്ഥയുള്ള ഊട്ടിയെ ജോണ്‍ സള്ളിവനാണ് കണ്ടെത്തിയത്. ഊട്ടിയിലെ കന്തേരിമുക്കിലാണ് ആദ്യത്തെ കെട്ടിടം നിര്‍മിച്ചത്. 1896ലാണ് ഊട്ടി സസ്യോദ്യാനത്തില്‍ ആദ്യത്തെ പുഷ്പമേള നടന്നത്. ഊട്ടിയില്‍ വിരിയുന്ന പൂക്കള്‍ ലോകം മുഴുവന്‍ സുഗന്ധം പരത്തുകയാണ്. സൗരഭ്യവും സൗന്ദര്യവും തേടികൊണ്ട് അവധി ദിവസങ്ങളില്‍ ധാരാളം സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. 60 ഏക്കര്‍ സ്ഥലത്തിലെ പകുതിയോളം പൂക്കളുടെ ശേഖരമാണുള്ളത്. വിദേശ രാജ്യത്തില്‍ നിന്നടക്കമുള്ള വിവിധങ്ങളായ പൂക്കളാണ് ഇവിടെയുള്ളത്. ജര്‍ബറ, ലില്ലിയം, ഡാലിയ, കാര്‍ണീഷ്യം, മാരിഗോള്‍ഡ് തുടങ്ങിയ ഇനങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. മലകളുടെ റാണിയായ നീലഗിരി സഞ്ചാരികളുടെ പറുദീസയാണ്. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള മതിയായ സൗകര്യം ഇല്ലാത്തതായിരുന്നു ഊട്ടിയിലെ എടുത്ത് പറഞ്ഞിരുന്ന പോരായ്മയെങ്കില്‍ ഇത്തവണ അതിന് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഊട്ടിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി 30 കോടി രൂപയാണ് വാഹന പാര്‍ക്കിംഗ് സൗകര്യത്തിന് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ആധിക്യം കാരണം ഊട്ടിയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഇതിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. അതേസമയം ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ വികസനത്തിന് ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ 8 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. സഞ്ചാരികള്‍ക്ക് ആവശ്യമായി സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here