ഉദ്യാനങ്ങളില്‍ ഹുക്ക വലിക്കുന്നവര്‍ക്കും പിഴ ലഭിക്കും ബാര്‍ബിക്യൂ പാചകം ചെയ്യുന്നവര്‍ക്കും

Posted on: January 1, 2018 4:09 pm | Last updated: January 1, 2018 at 4:09 pm
SHARE

അബുദാബിയിലെ ഉദ്യാനങ്ങളിലും കടല്‍ തീരങ്ങളിലും ബാര്‍ബിക്യൂ പാചകം ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ കനത്ത പിഴ ലഭിക്കും. നിയമം ലഘിക്കുന്നവര്‍ക്ക് കുറഞ്ഞത് 1000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബുദാബി നഗരസഭാധികൃതര്‍ വ്യക്തമാക്കി. എമിറേറ്റില്‍ ഏഴു ഉദ്യാനങ്ങളില്‍ മാത്രം പാചകം പരിമിതപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. തണുപ്പുകാലമായതോടെ എമിറേറ്റുകളില്‍ പാര്‍ക്കുകളും സജീവമായ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. പാചകം നിയന്ത്രിച്ചതിനു പുറമേ ഹുക്ക വലിക്കുന്നത് എല്ലാ പാര്‍ക്കുകളിലും നിരോധിച്ചിട്ടുണ്ട്. പൊതു ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ടാണ് ‘ശീശ’ ഉപയോഗം വിലക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെറിറ്റേജ് പാര്‍ക്, നസ്ഹ, ലേയ്ക്ക് പാര്‍ക്, സിറ്റി പാര്‍ക്, കോര്‍ണീഷ് പാര്‍ക് എന്നിവയ്ക്ക് പുറമെ നസഹ 1,2,3,5 പാര്‍ക്കുകളിലാണ് പാചകം വിലക്കിയത്.

പാര്‍ക്കുകള്‍ കൂടാതെ എമിറേറ്റിലെ ഹരിതവല്‍ക്കരിച്ച സ്ഥലങ്ങളിലും പാചകം പാടില്ല. പുതുവല്‍സര, അവധി ദിവസങ്ങളില്‍ പാര്‍ക്കുകളിലേക്ക് കുടുംബമൊന്നിച്ചും കുടുംബമില്ലാതെ താമസിക്കുന്നവരുടെയും ഒഴുക്കുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മുനിസിപ്പാലിറ്റികള്‍ പാര്‍ക്കുകളില്‍ പരിശോധനകള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. സന്ദര്‍ശകരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും പുല്‍മേടുകള്‍ നശിപ്പിക്കുന്ന രീതിയിലുലുള്ള പെരുമാറ്റങ്ങള്‍ക്ക് പിഴ ചുമത്തി ശിക്ഷിക്കും. സന്ദര്‍ശകര്‍ അറിഞ്ഞിരിക്കേണ്ടേ കാര്യങ്ങളെക്കുറിച്ചുള്ള അബുദാബിയിലെ പാര്‍ക്കുകളില്‍ ഉദ്യോഗസ്ഥര്‍ ബ്രോഷറുകള്‍ നേരത്തെ തന്നെ വിതരണം ചെയ്തിട്ടുണ്ട്. നിയമം തെറ്റിച്ചുള്ള പാചകത്തിനു മാത്രമല്ല അനുമതിയില്ലാത്ത വഴികളിലൂടെയുള്ള സൈക്കിള്‍ സവാരിക്കും പിഴ ലഭിക്കും.

പുല്‍മേടുകള്‍ നശിപ്പിക്കുന്ന തരത്തിലുള്ള കായിക വിനോദങ്ങളും നഗരസഭ നിരോധിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍മാത്രമാണ് കളികള്‍ അനുവദിക്കുക. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴ ലഭിക്കും. ചവറുകളും പാഴ്‌വസ്തുക്കളും വിതറി പാര്‍ക്കുകള്‍ വൃത്തിഹീനമാക്കുന്നവരെയും നിരീക്ഷകര്‍ പിടികൂടും.