അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സിന് തുടക്കമായി

Posted on: December 30, 2017 6:19 pm | Last updated: December 30, 2017 at 11:22 pm

കോഴിക്കോട്: റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. മലേഷ്യന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയുമായും (യൂനിവേഴ്‌സിറ്റി കബാംഗ്‌സാന്‍ മലേഷ്യ) ഇറ്റലിയിലെ തവാസുല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡയലോഗുമായും സഹകരിച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ‘ഇസ്‌ലാമും നാഗരികതകളും: കലയും ശാസ്ത്രവും സാഹിത്യവും സമകാലിക മുസ്‌ലിം ലോകത്ത് ‘ എന്ന ശീര്‍ഷകത്തിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലെ പ്രൊഫ. ഡോ. ദത്തോ സക്കരിയ സ്ഥാപ അക്കാദമിക കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. മലേഷ്യന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ ദത്തോ മുഹമ്മദ് യൂസുഫ് ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ കേബംഗാന്‍ യൂനിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ചെയര്‍മാന്‍ ഡോ. ഫൈസല്‍ മുഹമ്മദ്, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബൂബക്കര്‍ പത്തംകുളം, ഡോ, ഉമറുല്‍ ഫാറൂഖ് സഖാഫി, അമീര്‍ ഹസന്‍ എന്നിവര്‍ ഉദ്ഘാടന സംഗമത്തില്‍ പ്രബന്ധമവതരിപ്പിച്ചു.

മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി, ഖത്തര്‍, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് , നേപ്പാള്‍, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഈജിപ്ത് തുടങ്ങിയ വ്യത്യസ്ത രാഷ്ട്രങ്ങളിലെ അക്കാദമിക വിദഗ്ധര്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഞ്ച് വേദികളില്‍ 26 സെഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ മുപ്പത് യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള 128 ഗവേഷകര്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട് .

ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ‘ആധുനിക നാഗരികതക്ക് ഇസ്‌ലാമിക സംഭാവന’ ശീര്‍ഷകത്തില്‍ നടക്കുന്ന സെഷനില്‍ നുഐമാന്‍ കെ എ അധ്യക്ഷത വഹിക്കും. വേദി രണ്ടില്‍ നടക്കുന്ന പ്രവാചക പാരമ്പര്യത്തിലെ പരിസ്ഥിതി വിജ്ഞാനീയം എന്ന സെഷന്‍ ഡോ. മുഹമ്മദ് സബ്‌രി ഹാറൂണ്‍ അധ്യക്ഷത വഹിക്കും. വേദി മുന്നില്‍ നടക്കുന്ന ആരോഗ്യ സമൂഹത്തിനുള്ള ഇസ്‌ലാമിക മൂല്യങ്ങള്‍ എന്ന സെഷന്‍ ഡോ ഒ കെ എം അബ്ദുര്‍റഹ്മാന്‍ നിയന്ത്രിക്കും. വേദി നാലില്‍ നടക്കുന്ന ഇസ്‌ലാമിക ധൈഷണിക പാരമ്പര്യം സെഷന്‍ ഡോ. ജാഫറലി ആലിച്ചത്ത് നിയന്ത്രിക്കും. വേദി അഞ്ചില്‍ നടക്കുന്ന മനുഷ്യാവകാശവും മൂല്യങ്ങളും ഇസ്‌ലാമില്‍ എന്ന സെഷനില്‍ ഡോ. മുഹമ്മദ് ശാഫി അധ്യക്ഷത വഹിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് കോണ്‍ഫറന്‍സ് സമാപിക്കും.