പിന്നിടുന്നത് പ്രതീക്ഷ നല്‍കുന്ന വര്‍ഷം

Posted on: December 30, 2017 7:26 pm | Last updated: January 2, 2018 at 11:08 am

2017 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പിന്നിടുന്ന വര്‍ഷം ഗള്‍ഫ് മലയാളികള്‍ക്ക്, പൊതുവില്‍ അത്ര മോശമായിരുന്നു എന്ന് പറയാന്‍ കഴിയില്ല.

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളം സന്ദര്‍ശിച്ചതിന്റെ ആഹ്ലാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഗള്‍ഫില്‍ മലയാളികള്‍ക്ക് വന്‍തോതില്‍ ജോലി സാധ്യത ഒരുക്കുന്ന എം എ യൂസുഫലി, രവിപിള്ള, ഡോ.ആസാദ്മൂപ്പന്‍, പി എന്‍ സി മേനോന്‍ തുടങ്ങിയവര്‍ പുതിയ നിക്ഷേപ സാധ്യതകള്‍ തേടുന്നു. ഇവരില്‍, എം എ യൂസുഫലി 150-ാമത് ഹൈപ്പര്‍മാര്‍കറ്റ് എന്ന സ്വപ്‌ന നേട്ടത്തിന്റെ പടിവാതിലിലാണ്. സഊദിഅറേബ്യയിലെ സ്വദേശിവല്‍കരണവും ലെവിയും മറ്റും തിരിച്ചടിയാണെന്ന് പറയാമെങ്കിലും മറ്റൊരു വശത്തു വന്‍ വികസന പദ്ധതികള്‍ വരുന്നത് പ്രതീക്ഷ നല്‍കുന്നു.

ഗള്‍ഫ് മലയാളികള്‍ക്ക് അടുത്തൊന്നും വിസ്മരിക്കാന്‍ കഴിയുന്നതല്ല ശൈഖ് സുല്‍ത്താന്റെ, കേരള സന്ദര്‍ശനം. ഗള്‍ഫ് -കേരള ബന്ധത്തിലെ നാഴികക്കല്ലായി അത് മാറി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജയിലെത്തി ക്ഷണിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം. സെപ്തംബര്‍ 24 ഞായറാഴ്ച ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തി. വമ്പിച്ച സ്വീകരണമാണ് ശൈഖ് സുല്‍ത്താനും സംഘത്തിനും ലഭിച്ചത്. ഇത് ഗള്‍ഫ് മേഖലയ്ക്ക് നല്‍കിയ സന്ദേശം അര്‍ഥവത്താണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതില്‍ ഗണ്യമായി പങ്കുവഹിക്കുന്ന ഗള്‍ഫ് മലയാളികളെ സംരക്ഷിക്കുന്ന ഭരണാധികാരികള്‍ കേരളത്തിനും എത്രമാത്രം പ്രിയപ്പെട്ടവരാണെന്നു പറയാതെപറയുകയായിരുന്നു.

ഗള്‍ഫ് ഭരണാധികാരികളെ ചുവപ്പു പരവതാനി വിരിച്ചു കേരളം കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ കേരളത്തില്‍ എത്തുമെന്ന് കേള്‍ക്കുന്നു. കേരളം പ്രദര്‍ശിപ്പിച്ച സ്‌നേഹവായ്പ് ശൈഖ് സുല്‍ത്താന്‍ മറന്നില്ല. കോടതി ശിക്ഷിച്ചു തടവിലുണ്ടായിരുന്ന പലരെയും വിട്ടയച്ചു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മലയാളത്തെ വലിയ തോതില്‍ അനുമോദിച്ചു. മലയാളികളുടെ നിയന്ത്രണത്തിലുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും നേട്ടങ്ങളുണ്ടായി.

2017ലും മലയാളികള്‍ക്കിടയില്‍ താരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. കഠിനാദ്ധ്വാനം കൊണ്ടും ദീര്‍ഘവീക്ഷണം കൊണ്ടും സമ്പത്തിന്റെ ഉന്നതിയില്‍ എത്തിയ എം എ യൂസുഫലി. വെല്ലുവിളികള്‍ കൂസാതെ മധ്യപൗരസ്ത്യ മേഖലയില്‍ മിക്കയിടങ്ങളിലും നിക്ഷേപങ്ങള്‍ തുടരാന്‍ കാണിക്കുന്ന ഔല്‍സുക്യം അദ്ദേഹത്തെ പലപ്പോഴും ശ്രദ്ധേയനാക്കി. 420 കോടി ഡോളറായി യൂസുഫലിയുടെ ആസ്തി ഉയര്‍ന്നു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളി, ഗള്‍ഫുകാരനായ യൂസുഫലിയാണ്. രണ്ടാം സ്ഥാനത്തു രവി പിള്ളയും മൂന്നാം സ്ഥാനത്തു സണ്ണി വര്‍ക്കിയുമുണ്ട്. ഇവരെല്ലാം ഗള്‍ഫ് മലയാളികളാണ്. ഇവരില്‍ യൂസുഫലി മിക്ക ഗള്‍ഫ് ഭരണാധികാരികളുമായും അടുപ്പം പുലര്‍ത്തുന്നു. വരാനിരിക്കുന്ന നാളുകളും അദ്ദേഹത്തിന്റെ തന്നെ. ലോകത്തെ ചില്ലറ വില്‍പന രംഗത്തെ ഭീമന്‍മാരുമായി മത്സരിക്കാന്‍ കരുത്തുള്ള ഏക മലയാളി അദ്ദേഹമാണ്.

സഊദി അറേബ്യയില്‍ മാത്രം അടുത്തവര്‍ഷം ആറു ഹൈപ്പര്‍മാര്‍കറ്റുകള്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനകം 50 കോടി റിയാലാണ് അവിടെ നിക്ഷേപിക്കുക. ഹൈപ്പര്‍മാര്‍കറ്റ് ശൃംഖലയുള്ള മലയാളികള്‍ക്ക് വലിയ പ്രചോദനമാണ് യൂസുഫലി. ഗള്‍ഫില്‍ കമ്പോളങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ചു ഇവര്‍ക്കെല്ലാം സാധ്യതകളുണ്ട്. വാണിജ്യത്തിലെ വൈവിധ്യ വല്‍കരണത്തിലും യൂസുഫലി ശ്രദ്ധചെലുത്തുന്നു. നിരവധി ബേങ്കുകളില്‍ കനത്ത ഓഹരി പങ്കാളിത്തം നേടി. ശൈഖ് സുല്‍ത്താന്റെ കേരള സന്ദര്‍ശനം വിജയിപ്പിക്കുന്നതിനു സംസ്ഥാന ഭരണകൂടത്തോടൊപ്പം നിന്നു.

സഊദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങളും സ്വദേശിവത്കരണവും അല്‍പം ഭീതിയോടെയാണ് മലയാളികള്‍ നോക്കിക്കണ്ടിരുന്നത്. 2017ല്‍ ഇവ രണ്ടും ശക്തിപ്പെട്ടു. ഇതിനു പുറമെ വിദേശികള്‍ക്ക് ‘നികുതി’ സ്ഥാപിതമായി. ഒരാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ എന്നതാണ് കണക്ക്. മൂന്നംഗ കുടുംബം 300 റിയാല്‍ കൊടുക്കണം. മൂല്യവര്‍ധിത നികുതികൂടി വരാന്‍ പോവുകയാണ്. കുടുംബ ബജറ്റ് താളം തെറ്റുമെന്ന ഭയം പെരുകിയ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാലും സഊദിയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ധിക്കുകയാണ്. അതിന്റെ സൂചനകള്‍ ഈ വര്‍ഷം കണ്ടു. ജിദ്ദയിലും മറ്റും പുതിയ ഉപ നഗരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ജീവിതോപാധിക്ക് സഊദിയുടെ വാതില്‍ അടയുകയില്ല. ഗള്‍ഫ് മലയാളിയുടെ സാഹിത്യ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ പ്രകടമായ വര്‍ഷമാണിത്. ധാരാളം പേര്‍ പുതിയ പുസ്തകങ്ങള്‍ ഇറക്കി. അവയ്ക്കു കേരളത്തിലും ശ്രദ്ധ നേടാനായി. 2018 ലേക്കു ശേഷിപ്പുകള്‍ ഏറെയുണ്ട്. പുതിയ താരോദയങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ട്. വിശ്വാസമാണല്ലോ എല്ലാം.

ഇതിനിടെ രണ്ടു കാരണങ്ങളാല്‍ അബുദാബിയിലെ ഡോ. ഷംഷീര്‍ വയലില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ലോകത്തിലെ ഭാരംകൂടിയ വനിതയായ ഈജിപ്തുകാരി ഈമാന്‍ അഹ്മദിനെ തന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സിക്കുകയെന്ന ഭഗീരഥ ദൗത്യം ഏറ്റെടുത്തതും വിദേശ ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടവകാശം ലഭ്യമാക്കാന്‍ നിയമ പോരാട്ടം തുടര്‍ന്നതും ഓര്‍ക്കുക. മുംബൈയില്‍ അടക്കം ഏറെ ചികില്‍സിച്ചിട്ടും കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ കഴിയാത്ത ഈമാനെ അബുദാബിയില്‍ എത്തിക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയായിരുന്നു.

അബുദാബിയില്‍ ലോകത്തെ മികച്ച ചികിത്സയും പരിചരണവും ഒരുക്കിയിരുന്നു. 500 ഓളം കിലോ ഭാരമുണ്ടായിരുന്നു ഈമാന്. ആറു മാസത്തെ ചികിത്സയില്‍ വലിയ പുരോഗതി പ്രകടിപ്പിച്ചെങ്കിലും പൊടുന്നനെയുള്ള ഹൃദയാഘാതം മൂലം ഈമാന്‍ സെപ്തംബര്‍ 24 നു നിര്യാതയായി. എന്നിരുന്നാലും ഡോ. ഷംഷീര്‍ വയലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ ഡോ. ഷംഷീര്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച നിയമ യുദ്ധം ഏതാണ്ട് ഫലപ്രാപ്തിയില്‍ എത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്.

നാട്ടിലെ ഉറ്റവര്‍വഴി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ചെയ്യാമെന്ന് കേന്ദ്ര ഭരണകൂടം വ്യക്തമാക്കിയത് ഡോ. ഷംഷീറിന് വലിയ അംഗീകാരമായി. ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ ഡോക്ടര്‍ക്ക് നന്ദി രേഖപ്പെടുത്തും.