Connect with us

Gulf

ഖത്വർ ഇൻകാസിലെ പ്രശ്നം തീർക്കാൻ കെ സുധാകരൻ

Published

|

Last Updated

ദോഹ: കോണ്‍ഗ്രസ് സാംസ്‌കാരിക സംഘടനയായ ഇന്‍കാസ് ഖത്വര്‍ ഘടകത്തിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ദോഹയിലെത്തുന്നു. കെ പി സി സി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ ഒത്തുതീര്‍പ്പ് ദൗത്യവുമായി എത്തുന്നതെന്നാണ് വിവരം. അടുത്തമാസമാണ് സുധാകരന്‍ ദോഹയിലെത്തുക.
ഔദ്യോഗിക സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിക്കാതെ ഇന്‍കാസ് ജില്ലാ കൂട്ടായ്മ എന്ന പേരില്‍ ഒരു വിഭാഗം ഏതാനും ആഴ്ചകളായി സമാന്തരമായി പരിപാടികള്‍ നടത്തി വരികയാണ്. ഗ്ലോബല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ്, സെന്‍ട്രല്‍ കമ്മിറ്റി ഉപദേശകസമിതി ചെയര്‍മാന്‍ മുഹമ്മദലി പൊന്നാനി എന്നിവരാണ് സമാന്തര വിഭാഗത്തിന്റെ നേതൃത്വത്തില്‍. എന്നാല്‍ ജോണ്‍ ഗില്‍ബര്‍ട്ട് പ്രസിഡന്റും സിദ്ദീഖ് പുറായില്‍ ജന. സെക്രട്ടറിയുമായ ഔദ്യോഗിക സെന്‍ട്രല്‍ കമ്മിറ്റിയും ഇപ്പോള്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. സംഘടനയില്‍ വിഭാഗീയത രൂപ്പെട്ടതോടെ ജില്ലാ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് നയം വിശദീകരിക്കാനും പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനും ശ്രമിച്ചു വരികയാണ് ഔദ്യോഗിക നേതൃത്വം. മുന്‍ പ്രസിഡന്റും ഗ്ലോബല്‍ ജന. സെക്രട്ടറിയുമായ കെ കെ ഉസ്മാനും ഔദ്യോഗിക നേതൃത്വത്തിനൊപ്പം സജീവമായി ഉണ്ട്.
സെന്‍ട്രല്‍ കമ്മിറ്റിക്കെതിരെ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തി വിമര്‍ശനം ഉന്നയിക്കാനും ഒരേദിവസം ഐ സി സിയില്‍ സമാന്തര പരിപാടി സംഘടിപ്പിക്കാനും വിമതവിഭാഗം രംഗത്തു വന്നിരുന്നു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാതെ ഒരു വിഭാഗം മാറിനില്‍ക്കുകയും രണ്ടു ചേരികളായി മുന്നോട്ടു പോകകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ സുധാകരന്‍ ദോഹയിലെത്തുന്നത്. സെന്‍ട്രല്‍ കമ്മിറ്റിയുടെ ശ്രമഫലമായാണ് സന്ദര്‍ശനം. പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കുമെന്നും സംഘടനാ അച്ചടക്കം ലംഘിച്ചു മുന്നോട്ടു പോകുന്നവര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യുമെന്നും നേരത്തേ ഗ്ലോബല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍ അറിയിച്ചിരുന്നു.
കെ സുധാകരന്‍ പങ്കെടുക്കുന്ന പൊതുപരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി സുരേഷ് കരിയാടിനെയും കണ്‍വീനറായി സമീര്‍ ഏറാമലയെയും യോഗം തിരഞ്ഞെടുത്തതായി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിശാലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്ഗ്രസിന്റെ നൂറ്റി മുപ്പത്തി മൂന്നാമത് ജന്മവാര്‍ഷികത്തിന്റെ സൂചകമായി കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍ ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Latest