Connect with us

Articles

കേട്ടെഴുത്തിന്റെ കാലമെത്തിയിരിക്കുന്നു

Published

|

Last Updated

ഈ ആഴ്ച മാധ്യമരംഗത്ത് രസകരമായ ഒരു സംഭവമുണ്ടായി. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലേക്ക് റിപ്പബ്ലിക്, ടൈംസ് നൗ എന്നീ ചാനലുകള്‍ക്ക് പ്രവേശനം നിഷേധിച്ചു. വാര്‍ത്താവിന്യാസത്തിലും മുന്‍ഗണനയിലുമെല്ലാം മോദി – സര്‍ക്കാര്‍ സ്തുതിയും കോണ്‍ഗ്രസ് – രാഹുല്‍ ഗാന്ധി വിരുദ്ധതയും പ്രത്യക്ഷമായി പ്രകടിപ്പിക്കുന്ന ഈ രണ്ട് ചാനലുകള്‍ക്ക് പ്രവേശനം നിഷേധിച്ചത് പക്ഷേ, ആരും അത്ര കാര്യമായെടുത്തില്ല എന്നതാണ് അതിലേറെ ശ്രദ്ധേയമായ വസ്തുത. രാഷ്ട്രീയ പ്രമുഖരോ മീഡിയ ആക്ടിവിസ്റ്റുകളോ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് മുന്നോട്ടുവന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വുമന്‍സ് പ്രസ് കോര്‍പ്‌സ്, വിവിധ പത്രപ്രവര്‍ത്തക യൂണിയനുകള്‍ ഉള്‍പ്പെടെ എല്ലാവരും മൗനം പാലിച്ചു. ഈ രണ്ട് ചാനലുകളും ഇതര്‍ഹിക്കുന്നു എന്ന മനോഭാവമാണ് പ്രമുഖരായ മാധ്യമ നിരീക്ഷകരില്‍ നിന്നുപോലും ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യനവസ്ഥയില്‍ മാധ്യമങ്ങള്‍ എത്തിനില്‍ക്കുന്ന സവിശേഷമായ സാഹചര്യം കൃത്യമായി അടയാളപ്പെടുത്തുന്നു ഈ മൗനം. തീര്‍ത്തും അപ്രതീക്ഷിതവും തീവ്രവുമായ മാറ്റങ്ങള്‍ക്ക് നിരന്തരം വിധേയപ്പെടുന്ന മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയപ്രമുഖരുടെ നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അല്‍-ജസീറ അടുത്തിടെ റിപ്പോര്‍ട്ട് (ഠവല രവശഹഹ ലളളലര:േ ക െകിറശമ” ൊലറശമ ൃൗിിശിഴ രെമൃലറ?) ചെയ്തിരുന്നു. അമിത്ഷായുടെ മകന്റെ സാമ്പത്തികക്രമക്കേട് കാര്യക്ഷമമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ പോയ ഇന്ത്യന്‍ മാധ്യമങ്ങളുടെ ദയനീയത വെളിപ്പെടുത്തി ദി ഇന്‍ഡിപെന്‍ഡന്റ് ദിനപത്രവും വിശദമായ അന്വേഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ ധീരത കാണിച്ച ദി വയര്‍ ന്യൂസ്‌പോര്‍ട്ടലിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രസ്തുത റിപ്പോര്‍ട്ട് അവസാനിക്കുന്നത്. 2017-ല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് സംഭവിച്ച ധ്രുതഗതിയിലുള്ള മാറ്റങ്ങളും ആ മാറ്റങ്ങള്‍ വഴി രൂപപ്പെട്ട ഇന്ത്യന്‍ പൊതുബോധവും നിരീക്ഷിക്കുമ്പോള്‍, രാജ്യത്തെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന രാഷ്ട്രീയം ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഈ പൊതുബോധമാണ് തങ്ങളുടെ മകള്‍ ലൗ ജിഹാദിന് ഇരയാവരുതെന്ന് കരുതുന്ന മാതാപിതാക്കളെ സൃഷ്ടിച്ചത്. തീവ്രവര്‍ഗീയതയും വെറുപ്പും ഉത്പാദിപ്പിക്കുന്ന അപകടകരമായ മാധ്യമസ്വാധീനം കൊണ്ടാണ് രാജ്യത്തിന്റെ അഭിമാനമായ ജെ എന്‍ യുവില്‍ പഠിക്കുന്നത് അരുതാത്ത എന്തോ വലിയ പ്രശ്‌നമാണെന്ന് യു പിയിലെയോ ബീഹാറിലെയോ ഒരു വിദ്യാര്‍ഥി അഭിപ്രായപ്പെടേണ്ടിവരുന്നത്. തീവ്രവലതുപക്ഷ ചിന്തകള്‍ അവതരിപ്പിച്ച മാധ്യമങ്ങള്‍ തന്നെയാണ് മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകള്‍ തീര്‍ത്ത് സാധാരണ വായനക്കാരെ, പ്രേക്ഷകരെ പരസ്പരം ശത്രുക്കളാക്കി നിലനിര്‍ത്തുന്നത്.

ഈ വര്‍ഷം, ന്യൂസ് ചാനലുകളില്‍ സംഭവിച്ച പ്രധാന ചുവടുമാറ്റം ഒരോ വാര്‍ത്തയും കേന്ദ്ര സര്‍ക്കാറിന്റെയും തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും അനുമതിയോടെ മാത്രം ബ്രോഡ്കാസ്റ്റ് ചെയ്യുക എന്നതാണ്. തത്ഫലമായി രൂപപ്പെടുന്ന റിപ്പോര്‍ട്ടിംഗും നിലപാടുകളും രാജ്യത്തെ മധ്യവര്‍ഗത്തിന്റെ അഭിപ്രായരൂപവത്കരണത്തെയും പൊതുബോധത്തെയും എത്രമേല്‍ അപകടകരമായാണ് രൂപപ്പെടുത്തിയത് എന്നതാണ് ഓരോ വര്‍ഗീയ ധ്രുവീകരണ ശ്രമത്തിലും തെളിഞ്ഞുകാണുന്നത്. കേരളത്തിലെ ഏതെങ്കിലും ഗ്രാമീണ സാഹചര്യത്തില്‍ നടക്കുന്ന സാധാരണ വര്‍ത്തമാനങ്ങളിലോ ചായക്കടയിലെ രാഷ്ട്രീയ ചര്‍ച്ചകളിലോ പോലും ഈ അപകടം നിഴലിച്ചുകാണാനാകും. സത്യം വിളിച്ചു പറയുക എന്ന അടിസ്ഥാന ധര്‍മം മറക്കുന്നു എന്നതല്ല, രാഷ്ട്രീയ നേതാക്കളുടെ വൃത്തികേടുകള്‍ക്ക് കുടപിടിക്കുക എന്നത് മാത്രമാണ് മാധ്യമപ്രവര്‍ത്തനം എന്ന് അക്ഷരാര്‍ഥത്തില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജേര്‍ണലിസ്റ്റുകള്‍ ഡല്‍ഹിയില്‍ തന്നെയുണ്ട് എന്നതാണ് വസ്തുത. ചോദ്യങ്ങളോ അന്വേഷണങ്ങളോ ഇല്ലാത്ത അനുസരണയുള്ള മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുത്തു എന്നതും ഈ വര്‍ഷം ഇന്ത്യന്‍ മാധ്യമങ്ങള്‍-പ്രത്യേകിച്ച് ദേശീയ ചാനലുകളും പത്രങ്ങളും-വരുത്തിയ പ്രധാന മാറ്റമാണ്.

റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കേട്ടെഴുത്തിന് വലിയ പ്രാധാന്യം കൈവന്ന വര്‍ഷം കൂടിയാണിത്. നൂറുകണക്കിന് ഇത്തരം കേട്ടെഴുത്തുകാര്‍ക്കിടയിലാണ് ഒന്നോ രണ്ടോ പേര്‍ മാത്രം ചില ചോദ്യങ്ങളുയര്‍ത്തി ശ്രദ്ധേയ സാന്നിധ്യമായി മാറുന്നത്. സാമ്പ്രദായിക മാധ്യമ രീതികളില്‍ നിന്ന് വിട്ടുനിന്ന് നവമാധ്യമ സങ്കേതങ്ങളിലൂടെ ഒഴുക്കിനെതിരെ നീന്തുന്നത്. യഥാര്‍ഥ സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും അതിന്റെ സര്‍ക്കാര്‍ വേര്‍ഷന്‍ വാര്‍ത്തയായി അവതരിപ്പിക്കാനും മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ വെറുക്കുന്ന ഏതൊരാളെയും-അതെത്ര വലിയ ആളാണെങ്കിലും-ആക്രമിച്ചില്ലാതാക്കാനും അവര്‍ക്കെതിരെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കാനും എത്ര മനോഹരമായാണ് മാധ്യമങ്ങള്‍ കൈകോര്‍ക്കുന്നത്. ബി ജെ പി, സംഘ്പരിവാര്‍ നേതാക്കളെ എത്ര വിദഗ്ധമായാണ് ഇവര്‍ രക്ഷിച്ചെടുക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കോടതികളെപ്പോലും സ്വാധീനിക്കുകയോ സമ്മര്‍ദത്തിലാക്കുകയോ ചെയ്യുന്നത്. കോടതി വിധി പറയുന്നതിന് മുമ്പ് തന്നെ ചില ചാനലുകളില്‍ അതേ വിധി വാര്‍ത്തയാകുന്നതും സംഘ്പരിവാര്‍ പ്രവര്‍ത്തകരോ നേതാക്കളോ എത്ര വലിയ അതിക്രമങ്ങള്‍ കാണിച്ചാലും അത് ന്യായീകരിക്കപ്പെടുന്നതും സാധാരണ സംഭവങ്ങള്‍ മാത്രമാകുന്നതും.

ഇതെല്ലാമാണ് ഇവിടുത്തെ മാധ്യമപ്രവര്‍ത്തനം എന്ന് ആവര്‍ത്തിച്ച് പറയുകയാണ് സര്‍ക്കാറിന് വേണ്ടി നിലയുറപ്പിച്ച മാധ്യമങ്ങള്‍. അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനലിലിരുന്ന് ഓരോ രാത്രിയും ദേശസ്‌നേഹം, മതം, തീവ്രവാദം, പാക്കിസ്ഥാന്‍, മുസ്‌ലിം സ്ത്രീ എന്നിങ്ങനെ വിളിച്ചാര്‍ക്കുന്നതിലൂടെ ചെയ്യുന്നതും അതുതന്നെ. ഇടക്കിടെ ബി ജെ പി നേതാക്കളില്‍ നിന്നുണ്ടാകുന്ന വര്‍ഗീയപ്രസ്താവനകളും അര്‍ണബ് ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ അലര്‍ച്ചയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഒരേ കൃത്യനിര്‍വഹണത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍. രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍, ആനന്ദ് നരസിംഹന്‍ എന്നിവര്‍ ടൈംസ് നൗ ചാനലിലെ ന്യൂസ് റൂമിലിരുന്നും അര്‍ണബ് ഗോ സ്വാമി റിപ്പബ്ലിക് ചാനലിലിരുന്നും എയ്തുവിടുന്ന വര്‍ഗീയ വിദ്വേഷങ്ങളും ധ്രുവീകരണ സന്ദേശങ്ങളും എത്രമേല്‍ അപകടകരമായ പൊതുബോധമാണ് നിര്‍മിക്കുന്നതെന്ന് ഒരു മാധ്യമഗവേഷണ പഠനത്തിലും കാണാന്‍ കഴിയില്ല. ഈ ഒഴുക്കിനെതിരെ ചെറിയ ശബ്ദങ്ങളെങ്കിലും ഉയര്‍ത്തിപ്പിടിക്കുന്ന ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ മാത്രമാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷകള്‍ സമ്മാനിക്കുന്നത്.

 

 

 

 

Latest