പൊതുകോഡിലേക്കുള്ള കുറുക്കുവഴി

Posted on: December 30, 2017 6:24 am | Last updated: December 29, 2017 at 11:43 pm

മുസ്‌ലിം വ്യക്തി നിയമങ്ങളുടെ മേലുള്ള കടന്നുകയറ്റവും ഏകസിവില്‍ കോഡിലേക്കുള്ള കാല്‍വെപ്പുമാണ് ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന മുത്വലാഖ് നിരോധന നിയമം. വിവാഹമോചനം ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീകള്‍ അതീവ ദുരിതത്തിലും ദൈന്യതയിലുമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച് അവരുടെ കണ്ണീരൊപ്പാന്‍ എന്ന വ്യാജേനയാണ് ബി ജെ പി സര്‍ക്കാര്‍ ഈ നിയമം തട്ടിപ്പടച്ചുണ്ടാക്കിയത്. ഇവരുടെ വലയില്‍ മറ്റു ചില കക്ഷികളും അകപ്പെട്ടതാണ് ഖേദകരം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ ബില്ലിന്റെ കാര്യത്തില്‍ അഴകൊഴമ്പന്‍ നയമാണ് സ്വീകരിച്ചത്. മൂന്നര വര്‍ഷം മുമ്പ് അധികാരത്തിലേറിയതു മുതല്‍ തുടങ്ങിയിട്ടുണ്ട് നരേന്ദ്ര മോദി മുത്വലാഖിനെതിരായ പ്രചാരണം. മുത്വലാഖ് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും മുസ്‌ലിം സ്ത്രീയുടെ തുല്യതക്കായി നിയമം കൊണ്ടുവരുമെന്നും പല വേദികളിലും അദ്ദേഹം പ്രഖ്യാപിച്ചു. ഇവര്‍ക്ക് ഏണി വെച്ചുകൊടുക്കുന്ന സമീപനമാണ് സലഫികള്‍ സ്വീകരിച്ചത്. സ്ത്രീകള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ലെന്ന് ഉദ്‌ഘോഷിക്കുന്ന മനുസ്മൃതിക്ക് പരിപാവനത്വം കല്‍പ്പിക്കുന്നവരാണ് മുസ്‌ലിം സ്ത്രീകളുടെ ദൈന്യതയെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്നതെന്നതാണ് വിരോധാഭാസം. ചില വനിതാസംഘടനകള്‍ മുത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണംവരെ നടത്തി. ഇത്തരം ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മുസ്‌ലിമേതര സ്ത്രീകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ആസൂത്രിതമായ നീക്കമായിരുന്നു എല്ലാം. അതിന്റെ പര്യവസാനമാണ് വ്യാഴാഴ്ച ലോക്‌സഭയില്‍ നടന്നത്. സാധാരണഗതിയില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഒരു നിയമം പാസാക്കിയെടുക്കാന്‍ വര്‍ഷങ്ങളോ ദശകങ്ങളോ എടുക്കാറുണ്ട്. അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിലാണ് മുത്വലാഖിനെതിരായ നിയമം തയാറാക്കിയതും പാസാക്കിയെടുത്തതും. രാജ്യത്തെ പ്രമുഖ മതന്യൂനപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിന് വിധേയമായ ഒരു ബില്ല് അവതരിപ്പിച്ച അന്നു തന്നെ ഒറ്റയിരുപ്പില്‍ അംഗീകരിപ്പിക്കപ്പെടുകയായിരുന്നു. ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് മുത്വലാഖ് കൂടി ഉള്‍പ്പെടുന്ന മുസ്‌ലിം വ്യക്തിനിയമം. ഇതിലേതെങ്കിലുമൊരു നിയമത്തെ തിരിത്തിയെഴുതുമ്പോള്‍ അതേക്കുറിച്ചു ആധികാരികമായി പറയാന്‍ പ്രാപ്തരായ ഇസ്‌ലാമിക പണ്ഡിതരോടും സംഘടനകളോടും ചര്‍ച്ച ചെയ്യുകയും അഭിപ്രായം ആരായുകയും ചെയ്യുകയെന്നത് സാമാന്യ മര്യാദയാണ്. ബില്ലിന്മേല്‍ വിശദമായ കൂടിയാലോചന വേണമെന്നും പാര്‍ലിമെന്ററി സമിതിക്ക് വിടണമെന്നുമൊക്കെ പലരും ആവശ്യപ്പെട്ടിരുന്നതുമാണ്. സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഒരു ജനാധിപത്യ സര്‍ക്കാറിനു ചേരുന്നതാണോ ഇത്തരമൊരു രീതി?

പുരുഷന് ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മുത്വലാഖ് അവസരമൊരുക്കുന്നുവെന്നാണ് പുതിയ നിയമനിര്‍മാണത്തെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നത്. ഇത് ശുദ്ധവിവരക്കേടാണ്. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്താല്‍ പെട്ടെന്ന് വിവാഹമോചനത്തിലേക്ക് എടുത്തു ചാടാതെ രമ്യമായി പരിഹരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. അതിന് ഘട്ടംഘട്ടമായി നാല് മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അതെല്ലാം പരാജയപ്പെടുകയും ഒരു വിധത്തിലും ഭാര്യയുമായി ഒത്തുപോകില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ബന്ധം വേര്‍പ്പെടുത്താകൂ എന്നാണ് മതം പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊടുന്നനെ ആരെങ്കിലും മോചനം നടത്തുന്നുണ്ടെങ്കില്‍ അത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ കോടതിക്കോ സര്‍ക്കാറിനോ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമെന്നല്ലാതെ ത്വലാഖോ മുത്വലാഖോ പാടേ നിരോധിക്കുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

സ്ത്രീകളോടുള്ള അനീതി അവസാനിപ്പിക്കാനെന്ന പേരില്‍ പാസാക്കിയ മുത്വലാഖ്‌വിരുദ്ധ നിയമത്തിലെ ചില വ്യവസ്ഥകള്‍ പുരുഷനോടുള്ള കടുത്ത അനീതിയും ക്രൂരതയുമാണ്, വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്ന് കൊല്ലം ജയിലിലടക്കാമെന്നും മോചിപ്പിക്കപ്പെട്ട സ്ത്രീക്ക് ചെലവിന് കൊടുക്കണമെന്നുമുള്ള വ്യവസ്ഥ ഉദാഹരണം. ഭാര്യയുമായി ഒരു വിധേനയും ഒത്തുപോകില്ലെന്ന് വന്നാലും അവളെ വെച്ചുപൊറുപ്പിക്കണമെന്നും ഗത്യന്തരമില്ലാതെ ഒഴിവാക്കുന്ന ഭാര്യക്ക് ജീവിതം മുഴുവനും ചെലവ് നല്‍കണമെന്നുമുള്ള നിര്‍ദേശത്തിന് എന്ത് ന്യായീകരണമുണ്ട്? മുസ്‌ലിം സമുദായത്തില്‍ ത്വലാഖ് വിശിഷ്യാ മുത്വലാഖ് വളരെ കുറവാണ്. അതേസമയം ആദ്യഭാര്യയെ വിവാഹമോചനം പോലും നടത്താതെ പെരുവഴിയിലാക്കി വഴിവിട്ട വേറെ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന പുരുഷന്മാര്‍ ധാരാളമുണ്ട്. സിനിമാ, കായിക, വിനോദ മേഖലയിലെല്ലാം ഇത്തരം ബന്ധങ്ങളും ആദ്യഭാര്യയെ പെരുവഴിയിലാക്കലും സാധാരണമാണ്. നടി പീഡിപ്പിക്കപ്പെട്ട കേസിന്റെ ഉത്ഭവം തന്നെ ഒരു നടന്റെ വഴിവിട്ട ബന്ധമാണെന്ന് അടുത്തിടെ വെളിപ്പെടുകയുണ്ടായി. ഇങ്ങനെ വഴിയാധാരമാക്കപ്പെടുന്ന സ്ത്രീകളെ എന്തുകൊണ്ടാണ് കാണാത്ത ഭാവം നടിക്കുന്നത്? അവര്‍ക്ക് വേണ്ടി ശബ്ദിക്കാനെന്തേ ബി ജെ പിയും ആര്‍ എസ് എസും രംഗത്തുവരാത്തത്?

മുസ്‌ലിം സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും മുത്വലാഖ് നിരോധത്തെ അനുകൂലിക്കുന്നില്ല. ലോ ബോര്‍ഡ് നിര്‍വാഹക സമിതി വനിതാ അംഗം ഡോ. അസ്മ സഹര്‍ ഉള്‍പ്പെടെ പല പ്രമുഖ വനിതകളും ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ഏകസിവില്‍ കോഡിലേക്ക് വഴിതുറക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതാണ് വസ്തുതയും. മുസ്‌ലിം സ്ത്രീകളോടുള്ള അനുഭാവമോ സഹതാപമോ അല്ല, തീര്‍ത്തും ദുഷ്ടലാക്കാണ് ഇതിനു പിന്നില്‍.