കൊടുംചൂടിലും തടി പൊള്ളാതെ; പണിവസ്ത്രങ്ങള്‍ ഫലംകണ്ടു

ദോഹ
Posted on: December 29, 2017 8:14 pm | Last updated: December 29, 2017 at 8:14 pm
ചൂടില്‍ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച തൊഴിലാളിയുമായി അധികൃതര്‍ സംസാരിക്കുന്നു

സ്റ്റേഡിയം നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൊടുംചൂടിലും ശരീരത്തില്‍ പൊള്ളലേല്‍ക്കാതെ തണുപ്പിന്റെ ആശ്വാസത്തില്‍ ജോലി ചെയ്യാം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് കൂളിംഗ് സൗകര്യമൊരുക്കുന്നതിന് അധികൃതര്‍ തയാറാക്കിയ സംവിധാനങ്ങള്‍ വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ 150 തൊഴിലാളികള്‍ക്കു വേണ്ടി സജ്ജീകരിച്ച സൗകര്യമാണ് വിജയകരമെന്ന് ബോധ്യപ്പെട്ടതെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി അറിയിച്ചു.

ചൂടിനെ പ്രതിരോധിക്കുന്ന മേല്‍വസ്ത്രം, ശീതീകൃത തൂവാല, കഴുത്തുറ തുടങ്ങിയവയാണ് തൊഴിലാളികള്‍ക്കായി സജ്ജമാക്കിയത്. ചൂടിനെ പ്രതിരോധിച്ച് തലയില്‍ തണുപ്പു നല്‍കുന്ന ഹെല്‍മെറ്റും ഇതില്‍ ഉള്‍പ്പെടും. ലുസൈല്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ പ്രവര്‍ത്തിക്കുന്ന 150 തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗകര്യങ്ങള്‍ നല്‍കിയത്. ശരീരത്തിലെ ചൂട് 10 ഡിഗ്രി വരെയാക്കി കുറക്കുന്നതിന് ഈ സംവിധനങ്ങള്‍ക്ക് കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ തൊഴിലാളികളും സംവിധാനം പ്രയോജനകരമെന്ന് അഭിപ്രായപ്പെട്ടു. മൂന്നില്‍ രണ്ടു പേരും മികച്ചത് എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൂര്യനു താഴെ മറയില്ലാതെ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടി ശീതീകരണ സൗകര്യം ഒരുക്കിയത്. ലുസൈല്‍ സ്റ്റേഡിയത്തിന്റെ പ്രധാന കരാര്‍ കമ്പനിയായ എച്ച് ബി കെ കോണ്‍ട്രാക്ടിംഗ് ആണ് സുപ്രീം കമ്മിറ്റിയുമായി ചേര്‍ന്ന് പദ്ധതിക്ക് താത്പര്യമെടുത്തത്. ലോകകപ്പ് നിര്‍മാണങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് സുപ്രീം കമ്മിറ്റി നയമായി സ്വീകരിച്ചിട്ടുണ്ട്. കൂളിംഗ് സംവിധാനം പരീക്ഷിച്ചു വിജയിച്ചതോടെ തൊഴിലാളികള്‍ക്കായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഈ സംവിധാനം ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ സുപ്രീം കമ്മിറ്റി പരിശോധിക്കുകയാണ്.

അന്തരീക്ഷതാപം 40 ഡിഗ്രി അനുഭവപ്പെട്ട ദിവസങ്ങളിലാണ് മുഴുനീള പകല്‍ തൊഴിലാളികളില്‍ ശീതീകരണ സംവിധാനം പരീക്ഷിച്ചത്. ശരീരത്തിലെ ഊഷ്മാവ് കുറക്കാന്‍ ഇതു സഹായിക്കുന്നുവെന്നാണ് കണ്ടെത്തിയത്. കരാര്‍ കമ്പനിയിലെ വിദഗ്ധര്‍ അനുകൂലമായ റിപ്പോര്‍ട്ടാണ് സംവിധാനത്തിന് നല്‍കിയത്. സംവിധാനം ഉപയോഗിച്ച് ജോലി ചെയ്ത തൊഴിലാളികളുടെ അഭിപ്രാമാണ് പ്രധാനമായും മുഖവിലക്കെടുത്തത്. കായികം, സൈനികം, നിര്‍മാണം, മരുന്ന് മേഖലയില്‍ നേരത്തേ ഉപോഗിച്ച് ഫലം കണ്ട സാങ്കേതികവിദ്യയാണ് ഖത്വറിലെ സ്റ്റേഡിയം നിര്‍മാണ തൊഴിലാളികള്‍ക്കു വേണ്ടി അവതരിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലയിലും ഉപയോഗിക്കുന്നതിന് അധികൃതര്‍ സന്നദ്ധമാകുമെന്ന പ്രതീക്ഷയും കമ്പനി മുന്നോട്ടു വെച്ചു.