Articles
എയ്ഡഡ് സംവരണ വിധി ഏല്‍പ്പിക്കുന്ന പരുക്കുകള്‍

കേരളത്തില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ നിയമനവുമായി ബന്ധപ്പെട്ട് 10 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ചര്‍ച്ചയായ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ സംവരണവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറത്ത് വന്നത്. എയിഡഡ് മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട വിധി പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പൊതു ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന എയിഡഡ് കോളജുകളില്‍ നടത്തുന്ന നിയമനങ്ങള്‍ക്ക് സംവരണം പാലിക്കപ്പെടേണ്ടതില്ല എന്ന പരാമര്‍ശം പട്ടികജാതി പട്ടികവര്‍ഗം മുസ്‌ലിം പിന്നാക്ക സമുദായങ്ങള്‍ ഉദ്യോഗ മേഖലയില്‍ പുറന്തള്ളുന്നതിന് കാരണമാകുമെന്നതില്‍ സംശയമില്ല.
സംവരണത്തെ ഭരണഘടന നിര്‍വചിച്ചിട്ടുള്ളത്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുഛേദം 4ല്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ഈ അനുഛേദത്തില്‍ “യാതൊന്നും രാഷട്രത്തിന്റെ അഭിപ്രായത്തില്‍, രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിത്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പൗരന്‍മാര്‍ക്ക് നിയമങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നില്ല” എന്ന് ഭരണഘടനകൃത്യമായി നിര്‍വചിച്ചിട്ടും സംവരണത്തിന് എതിരായി എടുക്കുന്ന നിലപാടുകള്‍ ഭരണഘടനാ ലംഘനമായി വ്യവഹരിക്കാന്‍ കഴിയുന്നില്ല എന്നത് വ്യവസ്ഥിതിയുടെ യാഥാര്‍ഥ്യബോധത്തിലേക്ക് പൗരബോധത്തെ കൊണ്ടെത്തിക്കുന്നു. സവര്‍ണ വ്യവസ്ഥിതിയുടെ നിയന്ത്രണമാണ് ഭരണകര്‍ത്താക്കളെയും നീതി നിര്‍വഹണ സംവിധാനങ്ങളെയും പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.
ഭരണഘടന നിര്‍ദേശിക്കുന്ന സംവരണത്തിന് എതിരായി കോടതിയുടെ വിധിന്യായം ദളിത് സമൂഹത്തില്‍ ഏല്‍പ്പിക്കുന്ന പ്രതിഫലനം ഭീകരമാണ്. എയിഡഡ് മേഖലയിലെ സംവരണ നിയമനങ്ങള്‍ നടപ്പിലാക്കാനുള്ള 2015ലെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കെ എയിഡഡ്‌കോളജ് നിയമനങ്ങളില്‍ സംവരണം ബാധകമല്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. നീതിന്യായ വ്യവസ്ഥയിലും സംവരണവിരുദ്ധത കടന്നു കൂടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുകയാണ് പുതിയ വിധി.
1956ലെ യു ജി സി ആക്ട് അനുസരിച്ച് സെന്‍ട്രല്‍ യൂനിവേഴ്‌സി റ്റി, ഡീംഡ് യൂനിവേഴ്‌സിറ്റി, കോളേജ് ആന്റ് ഗ്രാന്‍ഡ് ഇന്‍എയിഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥക്ക് വിരുദ്ധമാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിയെന്ന് വിലയിരുത്തേണ്ടിവരും.
എന്നാല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം വരുന്നതിന് മുമ്പ് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ എയിഡഡ് കോളജുകളില്‍ സംവരണം നിലനില്‍ക്കുന്ന സഹചര്യത്തിലാണ് പുതിയ വിധി പ്രഖ്യാപനം ചര്‍ച്ചയാകുന്നത്. കേരളത്തില്‍ എ യിഡഡ് കോളജുകളില്‍ നിയമനത്തിന്റെ പൂര്‍ണമായ അധികാരം മാനേജ്‌മെന്റില്‍ മാത്രം നിക്ഷിപ്തമാണ്. ഇഷ്ടാനുസരണം കോഴ വാങ്ങി കൊണ്ട് മാനേജ്‌മെന്റ് അധ്യാപക നിയമനം നടത്തുന്ന എയിഡഡ് കോളജുകളില്‍ ശമ്പളം നല്‍കുന്നത് പൊതുഖജനാവില്‍ നിന്നാണ്.
1981ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ യുനിവേഴ്‌സിറ്റി ആക്ട് സ്റ്റാറ്റിയൂട്ട് ഓര്‍ഡിനന്‍സ്, റഗുലേഷന്‍ എന്നിവ പാലിക്കാതെ നിയമനം നടത്തിയാല്‍ ഡയറക്ട് പേയ്‌മെന്റ് ആക്ട് പ്രകാരമുള്ള ശമ്പളം അത്തരം നിയമനങ്ങള്‍ക്ക് ബാധകമാകില്ല എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, എയിഡഡ് മേഖലയില്‍ നടത്തുന്ന അധ്യാപക നിയമനത്തില്‍ ഇതുവരെ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പങ്കാളിത്തം നടക്കാത്തതിന് കാരണം സാമ്പത്തികവും ജാതിയ വിവേചനവുമാണെന്ന് അനുഭവസ്ഥരായ ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കുന്നു, 1972 ല്‍ ഇടതുപക്ഷ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് Direct Payment Act കൊണ്ടുവന്നത്. അതിന് കാരണമായത് 1971ലെ അധ്യാപകരുടെ സമരമാണ്. സമരത്തിന്റെ ഒത്ത് തീര്‍പ്പ് ഫോര്‍മുല എന്ന രീതിയില്‍ ഉണ്ടാക്കിയ കരാര്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടതായിരുന്നു. അതില്‍ സുപ്രധാനമായി പറയുന്നു:
(1). 1.9.1972 മുതല്‍ സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് /ശമ്പളവും, മറ്റാനുകൂല്യങ്ങളും നല്‍കും.
(2). അധ്യാപക, അനധ്യാപക നിയമനങ്ങള്‍ നടത്താനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്കായിരിക്കും.
(3). 50 ശതമാനം അധ്യാപക അനധ്യാപക നിയമനങ്ങള്‍ യോഗ്യരായ അതത് മാനേജ്‌മെന്റ് സമുദായാംഗങ്ങളില്‍ നിന്നും ബാക്കി 50 ശതമാനം “ഓപ്പണ്‍ മെറിറ്റില്‍” നിന്നും മാനേജ്‌മെന്റിന് സെലക്ട് ചെയ്ത് നിയമിക്കാവുന്നതാണ്.
UGC ACT പ്രകാരം (Section 20(1) 07 the UGC Act 1956) പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ സംവരണം പാലിക്കണം എന്ന സുവ്യക്തമായ നിയമം നിലവിലുള്ളപ്പോഴാണ് ഇത്തരം ഒരു സവര്‍ണ കരാര്‍ ഡ്രാഫ്റ്റ് ചെയ്യപ്പെട്ടത് എന്നതും ഗൗരവമായി ആലോചിക്കേണ്ടതാണ്. U G Cയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ഇടതുപക്ഷം മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി കരാര്‍ ഒരുക്കിക്കൊണ്ട് സംവരണത്തെ അട്ടിമറിച്ചത്.
നിയമനങ്ങളും മറ്റും മാനേജ്‌മെന്റ് തീരുമാനിക്കപ്പെടുകയും സ്വസമുദായത്തില്‍ നിന്ന് സാമ്പത്തികമുള്ളവനെ മാത്രം നിയമിക്കപ്പെടുകയും ചെയ്തതിലൂടെ മുന്നാക്കക്കാരിലെ തന്നെ സമ്പത്തില്ലാത്ത വിഭാഗം പിന്നോക്കമാകുകയും ചെയ്തു. സാമ്പത്തിക മാനദണ്ഡമനുസരിച്ച് പണം വാങ്ങി നിയമനം നടത്തുന്നതിന് പകരം സമുദായ മാനേജ്‌മെന്റുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണന നല്‍കിയിരുന്നെങ്കില്‍ മുന്നാക്കക്കാരിലെ പിന്നാക്കം ഉണ്ടാവുമായിരുന്നില്ല എന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്.
സര്‍ക്കാറിന്റെ പൊതുഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ഈ മേഖലയിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ഇത്തരത്തില്‍ എയിഡഡ് മാനേജ്‌മെന്റുകള്‍ പ്രതിവര്‍ഷം 50,000 കോടിയിലധികം ലാഭം ഉണ്ടാക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അണ്‍ എയിഡഡ് സ്ഥാപനങ്ങളില്‍ നിയമനം ലഭ്യമാകാന്‍ PSC ടെസ്‌റ്റെഴുതി റാങ്ക് ലിസ്റ്റ് പ്രകാരം കാത്തിരിക്കണം. കഴിവുള്ളവര്‍ക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂ. എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ടെസ്റ്റും അഭിമുഖവും നടത്താതെ എയിഡഡ് മേഖലയില്‍ നിയമനം ലഭിക്കാന്‍ കോഴ മാത്രം മതി. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ ശമ്പളം സര്‍ക്കാര്‍ നല്‍കേണ്ട അവസ്ഥയിലേക്ക് സ്വകാര്യ നിയമനത്തിലൂടെ നിര്‍ബന്ധിതമാവുകയാണ്.
കേരളത്തില്‍ 52 സര്‍ക്കാര്‍ കോളജുകളുണ്ട്. എ യിഡഡ് കോളജുകള്‍ 180 ആണ് പ്രവര്‍ത്തിക്കുന്നത്. ആകെ കോളജുകളുടെ 71. 11 ശതമാനം എയിഡഡ് കോളജുകളാണ്. സര്‍ക്കാര്‍ കോളജുകളില്‍ 12 ശതമാനം S C, ST വിഭാഗം അധ്യാപകരുണ്ട്. അതേസമയം 8233 എയ്ഡഡ് കോളജധ്യാപകരില്‍ 49 പേര്‍ മാത്രമാണ് S C, ST വിഭാഗത്തില്‍ നിന്നുള്ളത്. 3725 അനധ്യാപകരില്‍ 16 പേര്‍ മാത്രമാണ് S C, ST വിഭാഗം. മൊത്തം അധ്യാപക അനധ്യാപക എണ്ണം 11,958. ഇതില്‍ S C, ST വിഭാഗം 65 പേര്‍ മാത്രം. അതായത് 0.54 ശതമാനം മാത്രം. കോളജുകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, പോളിടെക്‌നിക്ക്, വി എച്ച് എസ് സി, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, യു പി സ്‌കൂള്‍, എല്‍ പി സ്‌കൂള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളിലായി 1,54,360 അധ്യാപക അനധ്യാപകരുണ്ട്. ഇതില്‍ S C, ST വിഭാഗത്തില്‍ നിന്നുള്ളവര്‍ 586 പേര്‍ മാത്രമാണ്. മൊത്തം തൊഴില്‍ വ്യാപ്തിയുടെ 0.37 ശതമാനം മാത്രമാണ് S C, ST പ്രാതിനിധ്യം.
സ്വകാര്യ മാേനജ്‌മെന്റ് സ്ഥാപനങ്ങളില്‍ S C, ST വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കാന്‍ നിര്‍ബന്ധിതരായ SC-ST പോസ്റ്റില്‍ വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ ഒ ബി സിയില്‍ നിന്നോ മെറിറ്റില്‍ നിന്നോ പരിഗണിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അധ്യാപക അനധ്യാപക നിയമനത്തില്‍ സംവരണം ബാധകമാക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റ് വിട്ടു നില്‍ക്കുന്നത് U G C നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കേന്ദ്രമാനവശേഷിവികസനമന്ത്രാലയം എയിഡഡ് കോളജ് (ഗ്രാന്റ്ഇന്‍എയ്ഡ്) നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യു ജി സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. (order no.630/2005 ) യൂനിവേഴ്‌സിറ്റികള്‍ക്ക് യു ജി സി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ഇങ്ങനെ പറയുന്നു. കേന്ദ്രസര്‍വകലാശാലകള്‍ ഡിംഡ് യുണിവേഴ്‌സിറ്റികള്‍, പൊതുഖജനാവില്‍ നിന്ന് ഗ്രാന്റ് ഇന്‍ എയിഡ് ലഭിക്കുന്ന കോളജുകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയിലെ അധ്യാപകനിയമനങ്ങളില്‍ 15 ശതമാനം എസ് സി സംവരണവും 7.5 ശതമാനം എസ് ടി സംവരണവും നടപ്പാക്കേണ്ടതാണ്. നിലവില്‍ ഈ നിയമം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള സര്‍വകലാശാലകള്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, ഇന്നേവരെ ഈ നിയമം അനുസരിക്കാന്‍ കേരളത്തിലെ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
സര്‍ക്കാര്‍ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട്, യു ജി സിയുടെ നിര്‍ദേശത്തെ അവഗണിച്ചു കൊണ്ട് സമാന്തര ഗ്രൂപ്പായി മാറി നിയമനങ്ങളൂം തീരുമാനങ്ങളും നടപ്പിലാക്കി പൊതു ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എയിഡഡ് മേഖല യഥാര്‍ഥത്തിന്‍ സ്വകാര്യ സര്‍ക്കാര്‍ ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഈ സ്വകാര്യ സര്‍ക്കാര്‍ സംവരണം അട്ടിമറിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍ ഉത്തരവാദികള്‍ ആരാണ് എന്ന് ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. അതോടൊപ്പം 1972 ല്‍ ഇടതുപക്ഷ അച്യുതമേനോന്‍ കൊണ്ടുവന്ന Direct Payment Act കരാര്‍ റദ്ദുചെയ്തു കൊണ്ട് എയിഡഡ് മേഖലയില്‍ നിയമനം സുതാര്യമാക്കേണ്ടതുണ്ട്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ സമരം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.