Connect with us

International

റോഹിംഗ്യന്‍ വിഷയത്തില്‍ ചൈനയും റഷ്യയും ഇടപെടണം: യു എന്‍

Published

|

Last Updated

സിയൂള്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന മ്യാന്മറില്‍ ഇടപെടല്‍ നടത്താന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ സന്നദ്ധമാകണമെന്ന് യു എന്‍ പ്രത്യേക അന്വേഷക യാങ്കീ ലീ. റോഹിംഗ്യന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മ്യാന്മര്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് യാങ്കീ. റോഹിംഗ്യന്‍ വിഷയത്തില്‍ ചൈനക്കും റഷ്യക്കും മേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നും മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ എതിര്‍ക്കാന്‍ ഇരുരാജ്യങ്ങളും മുന്നോട്ടുവരണമെന്നും യാങ്കീ ആവശ്യപ്പെട്ടു. റഷ്യയും നേരത്തെ സമാനമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ലീയുടെ ഇപ്പോഴത്തെ പ്രസ്താവനയോട് റഷ്യ പ്രതികരിച്ചിട്ടില്ല.

അതേസമയം, മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ വിമര്‍ശിക്കുന്നവരെ അഭിനേതാക്കള്‍ എന്നാക്ഷേപിച്ച് ചൈന രംഗത്തെത്തി. ലീക്കുള്ള മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ പ്രസ്താവനയിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും ആക്ഷേപിക്കുന്ന പരാമര്‍ശം. പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുകയില്ലെന്ന വിചിത്രമായ ന്യായീകരണമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.