Connect with us

Malappuram

വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയില്ല; അങ്കണ്‍വാടി ജീവനക്കാര്‍ കോടതിയിലേക്ക്‌

Published

|

Last Updated

മലപ്പുറം: വര്‍ധിപ്പിച്ച ഓണറേറിയം ലഭിക്കാത്തതിനെതിരെ അങ്കണ്‍വാടി ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കാ നൊരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അങ്കണ്‍വാടി ജീവനക്കാര്‍ക്ക് അനുവദിച്ച തുകയാണ് ഇപ്പോഴും കിട്ടാത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തുക നല്‍കണമെന്നായിരുന്നു നിര്‍ദേശം. വര്‍ധിപ്പിച്ചത് പ്രകാരം അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 2200 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1450 രൂപയുമാണ്.

എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളും സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ക്ക് ഇത് നല്‍കുന്നില്ല. ചരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വല്ലപ്പോഴും വര്‍ധിപ്പിച്ച ഓണറേറിയം ലഭിക്കുന്നത്. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ആന്റണി സര്‍ക്കാര്‍ അനുവദിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുക, അങ്കണ്‍വാടി ജീവനക്കാരെ സംസ്ഥാന ശമ്പള കമ്മിഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അങ്കണ്‍വാടി ജീവനക്കാര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ ലഭിക്കുന്ന ഓണറേറിയത്തിന്റെ അമ്പത് ശതമാനം പെന്‍ഷനയി അനുവദിക്കുക, ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ ചെയര്‍മാനാക്കി അങ്കണ്‍വാടി ജീവനക്കാരുടെ സേവന വേതന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹരിസാദ് പുല്‍പ്പറ്റ, വൈസ് പ്രസിഡന്റ് എം പത്മിനി, ജനറല്‍ സെക്രട്ടറി എന്‍ ജയശ്രീ, ജോ സെക്രട്ടറി കെ റാബിയ എന്നിവര്‍ പങ്കെടുത്തു.

 

Latest