സാഹിത്യകാരന്‍മാര്‍ അവാര്‍ഡിന് വേണ്ടി നെട്ടോട്ടമോടുന്നുവെന്ന് ടി പത്മനാഭന്‍

Posted on: December 28, 2017 1:38 pm | Last updated: December 28, 2017 at 11:11 am
SHARE
നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനെതിരെ ഒളിയമ്പുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. കഴിവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം വാങ്ങണമെന്ന് വളര്‍ന്നു വരുന്ന തലമുറയെ ഉപദേശിക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സാഹിത്യകാരന്‍മാര്‍ക്ക് ഒരു അര്‍ഹതയുമില്ലെന്ന് ടി പത്മനാഭന്‍ ആഞ്ഞടിച്ചു.

കലോത്സവ വേദികളില്‍ എങ്ങനെയെങ്കിലും അംഗീകാരം തരപ്പെടുത്തണമെന്ന ത്വര ഉണ്ടാകരുതെന്ന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉപദേശിക്കാന്‍ താനുള്‍പ്പെടുന്ന സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും എന്ത് അര്‍ഹതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില്ലറ സാഹിത്യം കുറിച്ചിട്ട് അവര്‍ഡിനായി നെട്ടോട്ടമോടാനാണ് താനുള്‍പ്പെടെ കൂടുതല്‍ സമയം ചെലവിടുന്നത്. അക്കാദമി പുരസ്‌കാരമായാലും മറ്റു പുരസ്‌കാരങ്ങളായാലും സ്ഥിതിക്ക് മാറ്റമില്ല. എത്ര ബ്രിട്ടീഷ് രൂപ കിട്ടും എന്നാണ് കണക്കുകൂട്ടുന്നവര്‍ ആദ്യം നോക്കുന്നത്. അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളവര്‍ക്ക് ബൈലോ പ്രകാരം അവര്‍ഡിന് അര്‍ഹതയില്ല. എന്നാല്‍ അത് ആദ്യം കൈയ്യില്‍ കിട്ടണമെന്ന് ആഗ്രഹമുള്ളവര്‍ തത്കാലം കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കും. മൂന്ന് മാസം കഴിഞ്ഞാല്‍ വീണ്ടും തിരിച്ചുവരും. അക്കാദമികളിലും ഇത് തന്നെയാണ് നടക്കുന്നത്. പരമാവിധി 2000 രൂപ നല്‍കുന്ന എന്‍ഡോവ്‌മെന്റ് അവര്‍ഡ് കയ്യടക്കിയ ശേഷം അക്കാദമി അവാര്‍ഡ് നേടിയെന്ന് ബയോഡാറ്റയില്‍ എഴുതിച്ചേര്‍ക്കുന്നവരാണ് പലരുമെന്നും അദ്ദേഹം ഹാസ്യരൂപേണ വിമര്‍ശിച്ചു. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സംസാരിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here