Connect with us

Kannur

ജൈവകൃഷി കൂട്ടായ്മയില്‍ വിളവെടുപ്പിനൊരുങ്ങി പച്ചക്കറി

Published

|

Last Updated

മുയ്യം ക്ലസ്റ്റര്‍ കര്‍ഷക കൂട്ടായ്മയുടെ ജൈവ ചീരകൃഷി വിളവെടുപ്പ്

തളിപ്പറമ്പ്: കാര്‍ഷിക കേരളത്തിന് മാതൃകയായി ജൈവ കൃഷിയില്‍ തുടര്‍ച്ചയായ വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കുറുമാത്തൂര്‍ കൃഷിഭവനു കീഴിലെ മുയ്യം ക്ലസ്റ്റര്‍ കര്‍ഷക കൂട്ടായ്മ. കുറുമാത്തൂര്‍ പഞ്ചായത്തില്‍ മുയ്യത്തുള്ള ഇരുപതേക്കര്‍ വയലില്‍ വിവിധയിനം പച്ചക്കറികളോടൊപ്പം തണ്ണിമത്തനും ചെറുപയറുമൊക്കെ വിളയിക്കാനുളള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. ആദ്യഘട്ടത്തില്‍ രണ്ട് ഹെക്ടറിലായി ചെയ്ത ചീരകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു.

കുറുമാത്തൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് എം പി പത്മനാഭന്‍ നേതൃത്വം നല്‍കി. ഇതര സംസ്ഥാനത്തുനിന്ന് വിഷം കുത്തിനിറച്ചെത്തുന്ന പച്ചക്കറികള്‍ക്ക് തടയിടുന്നതിന് വേണ്ടി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികളിലൂടെ കൃഷിഭവന്‍ മുഖാന്തരം ആവശ്യമായ എല്ലാ സഹായങ്ങളോടൊപ്പം ഡ്രിപ്പ് ഇറിഗ്രേഷന്‍ വകുപ്പിന്റെ കീഴില്‍ സുലഭമായി ലഭിക്കുന്ന ജലവും മുയ്യം വയലിലെ കാര്‍ഷിക സമൃദ്ധിക്ക് അനുഗ്രഹമാണ്.

20 വര്‍ഷത്തോളമായി ജലസേചനത്തിന് ഈ സൗകര്യം ഉപയോഗിക്കുന്നു. നൂതനമായ രീതിയില്‍ ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കാനുളള ശ്രമങ്ങള്‍ ജൈവ കൃഷിയുടെ കുതിപ്പിന് കരുത്തേകുമെന്ന് കര്‍ഷകര്‍ കരുതുന്നു. നെല്‍കൃഷി കഴിഞ്ഞതോടെ ആരംഭിച്ച ചീര കൃഷി വിളവെടുപ്പ് തുടങ്ങി മിക്ക വയലുകളും ചെറുപയറിനും തണ്ണിമത്തനും വഴിമാറിക്കഴിഞ്ഞു. ഒപ്പം മത്തന്‍, ഇളവന്‍, വെണ്ട, പാവല്‍, പയര്‍, വെള്ളരി, കക്കിരി തുടങ്ങിയവയും ഇവര്‍ കൃഷിചെയ്യുന്നു. പാടശേഖര സമിതിയിലെ വിദഗ്ദരുടെ സേവനം പര്യാപ്തമല്ലാതായപ്പോള്‍ കുറുമാത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കര്‍മസേന സഹായവുമായി രംഗത്തു വന്നു. ടില്ലറുകളും ടാക്ടറുകളുമുപയോഗിച്ച് നിലമൊരുക്കിയത് ഇവരാണ്.

പൂര്‍ണമായും ജൈവ വളങ്ങളും കീടനാശിനികലും ഉപയോഗിച്ചു കഴിഞ്ഞ വര്‍ഷം നടത്തിയ കൃഷി വിലയിരുത്തി മുയ്യം ക്ലസ്റ്ററിന് ഇത്തവണ എ ഗ്രേഡ് ലഭിച്ചു. ചോളം ചെറുപയര്‍ തുടങ്ങിയവ കൃഷി ചെയ്ത് സൂപ്പര്‍ ക്ലസ്റ്റര്‍ പദവി നേടാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഇരുപത് ഏക്കര്‍ വയലില്‍ നൂറ്റി ഇരുപത്തി അഞ്ചോളം കര്‍ഷകരാണുള്ളത്. ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി കുറുമാത്തൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് എം പി പത്മനാഭനും, ക്ലസ്റ്റര്‍ സെക്രട്ടറി എം പി പുരുഷോത്തമനും പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലും മുയ്യത്തെ ജൈവ പച്ചക്കറികള്‍ തേടി ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്.

 

 

Latest