Connect with us

International

സാമ്പത്തിക ഇടനാഴി ഇന്ത്യക്ക് എതിരല്ല: ചൈന

Published

|

Last Updated

ബീജിംഗ്: തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഇന്ത്യക്കെതിരല്ലെന്നും പദ്ധതി മൂന്നാമതൊരു രാജ്യത്തെ ബാധിക്കുന്നത് അലോസരം സ്യഷ്ടിക്കുന്നതല്ലെന്നും ചൈന. 50 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ പദ്ധതയില്‍ അഫ്ഗാനിസ്ഥാനെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസമാണ് ചൈന ഇങ്ങനെ പറഞ്ഞത്. ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ യോഗത്തിലാണ് സി പി ഇ സി പദ്ധതിയില്‍ അഫ്ഗാനിസ്ഥാനെക്കൂടി ഉള്‍പ്പെടുത്താമെന്ന് ചൈന വാഗ്ദാനം ചെയ്തത്. തീവ്രവാദ പ്രതിരോധ സഹകരണം ഊര്‍ജിതമാക്കുക, മൂന്ന് രാജ്യങ്ങളിലേയും മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും മന്ത്രിമാര്‍ പ്രതിബന്ധത അറിയിച്ചു.

അഫ്ഗാനെക്കൂടി ഉള്‍പ്പെടുത്തി സി പി ഇ സി പദ്ധതി വിപുലമാക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ഇന്ത്യയുടെ ആശങ്ക സംബന്ധിച്ച റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പദ്ധതി വിപുലീകരണം മൂന്നാമത് ഒരു രാജ്യത്തെ ലക്ഷ്യമാക്കിയല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹു ചുന്‍യിംഗ് മറുപടി നല്‍കിയത്.
സി പി ഇ സി പദ്ധതി മൂന്ന് രാജ്യങ്ങളുടേയും പൊതുവായ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുക. സഹകരണം ഏതെങ്കിലും രാജ്യത്തിനെയൊ കക്ഷിയേയൊ ലക്ഷ്യംവച്ചല്ല. ചര്‍ച്ചകളും സഹകരണവും ഏതെങ്കിലും രാജ്യത്തെ ബാധിക്കുകയൊ അസ്വസ്ഥപ്പെടുത്തുകയൊ ചെയ്യില്ലെന്നും ചുന്‍യിങ് പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ ആശങ്ക സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യയുടെ പേരെടുത്തു പറയാതെയാണ് ഇവര്‍ മറുപടി പറഞ്ഞത്. പാക്ക് അധീന കശ്മീരിലൂടെയുള്ള സി പി ഇ സി പദ്ധതിയില്‍ ഇന്ത്യ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിന്‍ജിയാങ് മേഖലയേയും പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ വണ്‍ ബെല്‍റ്റ് വണ്‍ റോഡിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ് സി പി ഇ സി.

 

Latest