താടി വടിക്കാതിരുന്ന വിദ്യാര്‍ഥികളെ എന്‍ സി സി ക്യാമ്പില്‍ നിന്ന് പുറത്താക്കി

Posted on: December 28, 2017 8:15 am | Last updated: December 28, 2017 at 12:32 am

ന്യൂഡല്‍ഹി: താടി വെച്ചതിനെത്തുടര്‍ന്ന് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ എന്‍ സി സി ക്യാമ്പില്‍ നിന്ന് പുറത്താക്കിയതായി പരാതി.
ഡല്‍ഹിയിലെ രോഹിണിയില്‍ നടന്ന എന്‍ സി സി ക്യാമ്പില്‍ നിന്നാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. താടി വടിക്കുക അല്ലെങ്കില്‍ ക്യാമ്പില്‍ നിന്ന് പുറത്തുപോകണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ താടിവടിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ പുറത്താക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
എന്നാല്‍ തങ്ങളെ പുറത്താക്കുന്നതിനുള്ള കാരണം എഴുതി നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇതോടെ അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് പുറത്തിയാക്കിയതായുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വിദ്യാര്‍ഥികള്‍ ക്യാമ്പിന് പുറത്ത് പ്രതിഷേധിക്കുകയും ഞായറാഴ്ച രാവിലെ ജാമിഅ വി സി തല്‍ഹത്ത് അഹമ്മദിന് പരാതി നല്‍കുകയും ക്യാമ്പസിനകത്ത് പ്രതിഷേധം നടത്തുകയും ചെയ്തു.