ഇന്ത്യയില്‍ മുള ഇനി മരമല്ല

Posted on: December 28, 2017 12:45 am | Last updated: December 28, 2017 at 12:31 am

ന്യൂഡല്‍ഹി: മുളയെ മരങ്ങളുടെ നിര്‍വചനത്തില്‍ നിന്നും മാറ്റുന്നതിനുള്ള ഭേദഗതി ബില്ലിന് ഇന്നലെ രാജ്യസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ ഫോറസ്റ്റ് ഭേദഗതി ബില്ല് പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഈ സര്‍ക്കാറിന്റെ അതിപ്രാധാന്യമേറിയ സംരംഭമാണ് ബില്ലെന്ന് പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. തൊണ്ണൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബില്ലില്‍ ഭേദഗതി വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2006ലെ ഇന്ത്യന്‍ ഫോറസ്റ്റ് അവകാശ നിയമവും 1927ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടും ഒരുമിച്ച് ഭേദഗതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുള ഗ്രാമീണര്‍ ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഫോറസ്റ്റ് ആക്ടില്‍ പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി. ബില്ല് സ്വകാര്യ കമ്പനികളെ സഹായിക്കുന്നതാണെന്ന് മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് ആരോപിച്ചു.

94 ശതമാനത്തോളം മുളകളും ഉത്പാദിപ്പിക്കുന്നത് വനങ്ങളില്‍ നിന്നാണ്. ബാക്കി വരുന്ന ആറ് ശതമാനത്തിന് വേണ്ടിയാണ് ബില്‍ നിര്‍മിക്കുന്നത്. എ ഐ എ ഡി എം കെ ബില്ലിനെ അനുകൂലിച്ചു. പിന്നീട് വോട്ടിനിട്ടാണ് രാജ്യസഭ ബില്‍ പാസ്സാക്കിയത്. ലോക്‌സഭ കഴിഞ്ഞ ദിവസം ബില്‍ പാസ്സാക്കിയിരുന്നു.