Connect with us

Gulf

സഊദിയില്‍ നിന്നുള്ള പക്ഷി-മുട്ട ഇറക്കുമതി യു എ ഇ നിരോധിച്ചു

Published

|

Last Updated

ദുബൈ: സഊദി അറേബ്യയില്‍ നിന്നുള്ള വന്യജീവി ഗണത്തില്‍പെടുന്ന പക്ഷികള്‍, അലങ്കാര കിളികള്‍, കോഴികള്‍, മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നത് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. സഊദി അറേബ്യയിലെ റിയാദിലെ അസീസിയ മാര്‍ക്കറ്റില്‍ വിപണനം നടത്തുന്നവയില്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എന്‍ 8 ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം, ഈ മാസം ഒന്നിനുമുമ്പ് രാജ്യത്തേക്ക് എത്തിച്ചിട്ടുള്ള പക്ഷി വര്‍ഗങ്ങളുടെ കാര്‍ഗോകളില്‍ ബാക്കിയുള്ളവ രാജ്യത്ത് വിപണനം നടത്തുന്നതിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. മതിയായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് രാജ്യത്ത് വിപണനാനുമതി നല്‍കിയതെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ മനുഷ്യരാശിയുടെ മരണത്തിനുവരെ ഇടയാക്കാവുന്ന മാരക ബാക്ടീരിയകള്‍ അടങ്ങിയ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടകരമായ രീതിയില്‍ പക്ഷിപ്പനി പടരുന്ന ബള്‍ഗേറിയ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും സഊദി അറേബ്യ ഈ വര്‍ഷം ആദ്യത്തില്‍ നിരോധിച്ചിരുന്നു. സഊദിയില്‍ പക്ഷിപ്പനി പടരുന്നത് തടയുന്നതിനായിരുന്നു നിരോധനം ഏര്‍പെടുത്തിയത്.