ദുബൈയില്‍ ഇന്‍ഷ്വറന്‍സ് പുതുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴ

Posted on: December 26, 2017 8:17 pm | Last updated: December 26, 2017 at 8:17 pm
ഡോ. ഹൈദര്‍ അല്‍ യൂസുഫ്‌

ദുബൈ: ഹെല്‍ത് ഇന്‍ഷ്വറന്‍സ് പുതുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴ ലഭിക്കുമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി.
വിസ പുതുക്കുമ്പോള്‍ ഇലക്ട്രോണിക് സംവിധാനം വഴി പിഴ ഈടാക്കും. ഇതിനിടെ 20000 മുതല്‍ 60000 വരെ ചില ഫാര്‍മസികള്‍ക്കും ആശുപത്രികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയിലില്ലാത്ത മരുന്നുകള്‍ നല്‍കിയതിനും മറ്റും അഞ്ചു ഫാര്‍മസികള്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. 2014 ജനുവരിയിലാണ് ദുബൈ ഹെല്‍ത് ഇന്‍ഷ്വറന്‍സ് നിയമം പ്രാബല്യത്തില്‍ വന്നത്. ഓരോ ജീവനക്കാരനും ഇന്‍ഷ്വറന്‍സ് നല്‍കേണ്ടത് സ്ഥാപനത്തിന്റെ ബാധ്യതയാണ്.

4000 ദിര്‍ഹമില്‍ കുറഞ്ഞ ശമ്പളം പറ്റുന്ന ജീവനക്കാരന് 550 മുതല്‍ 700 വരെ ദിര്‍ഹമാണ് ഇന്‍ഷ്വറന്‍സ് പാക്കേജ്. അടിസ്ഥാന പാക്കേജില്‍ ഒന്നര ലക്ഷം ദിര്‍ഹമിന്റെ ചികിത്സവരെ സൗജന്യമാണ്. സ്തന, ഉദര അര്‍ബുദ ചികിത്സ വരെ ഇതില്‍ ഉള്‍പെടും. ഇതുവരെ 40 ലക്ഷം ആളുകള്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാണെന്നും ഡോ. യൂസുഫ് അറിയിച്ചു.