പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറ് മരണം

Posted on: December 26, 2017 7:00 pm | Last updated: December 27, 2017 at 10:52 am

മലപ്പുറം: പൊന്നാനി ചങ്ങരംകുളം നരണിപ്പുഴ കടുകുഴിക്കായലില്‍ തോണി മറിഞ്ഞ് ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷിച്ചു. പ്രസന്ന (12), ആദിദേവ് (നാല്), വൈഷ്ണ (15), പൂജ (14), ജനീഷ (എട്ട്) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ അറഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തോണി തുഴഞ്ഞ വേലായുധനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവധി ആഘോഷിക്കാനെത്തിയ കുടുംബക്കാര്‍ സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയപ്പോഴായിരുന്നു അപകടം. കുട്ടികള്‍ തോണി തുഴഞ്ഞപ്പോഴാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഒന്‍പതു പേരാണ് തോണിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.