ആര്‍ കെ നഗര്‍ രാഷ്ട്രീയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാകും

ശശികല വിഭാഗത്തിന്റെ കരുനീക്കങ്ങള്‍ക്ക് മൂര്‍ച്ചയേറും
Posted on: December 25, 2017 10:28 am | Last updated: December 25, 2017 at 11:41 am

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ ചോദ്യം ജയലളിതയുടെ പാരമ്പര്യം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്നതായിരുന്നു. ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടപ്പാടി- ഒ പി എസ് സഖ്യത്തിന് നല്‍കിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ ചിന്നമ്മയെന്ന പദവി ശശികലക്ക് അവകാശപ്പെട്ടതാണെന്ന ഉത്തരമാണ് ആര്‍ കെ നഗര്‍ നല്‍കിയിരിക്കുന്നത്. ജയലളിതക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ടി ടി വി ദിനകരന്‍ ജയിച്ചു വരുമ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അത് വലിയ ചലനങ്ങള്‍ക്ക് വഴി വെക്കുമെന്നുറപ്പ്. ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി തങ്ങളാണെന്ന് ഉറക്കെ അവകാശപ്പെടാന്‍ ദിനകരന്‍ പക്ഷത്തിന് ഈ വിജയം ആത്മവിശ്വാസം നല്‍കും. അനധികൃത സ്വത്ത് കേസില്‍ ശശികല ജയിലില്‍ കഴിയുമ്പോഴും അവരുടെ അടുപ്പക്കാരായ നേതാക്കള്‍ വഴി രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താന്‍ ഈ വിജയം അവസരമൊരുക്കും.
ശശികല നിയമിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ശശികലയെ പുറത്താക്കുകയും എതിരാളിയായ ഒ പനീര്‍ശെല്‍വവുമായി ചേര്‍ന്ന് പാര്‍ട്ടി പിടിക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നതില്‍ ദിനകരന്‍ വിഭാഗം വിജയിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഈ നീക്കങ്ങള്‍ അമ്മയുടെ താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധവും അവരുടെ ഓര്‍മകളെപ്പോലും അപമാനിക്കുന്നതുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു.

ജയലളിതയുടെ മരണം വെച്ച് ഔദ്യോഗിക പക്ഷം നടത്തിയ പ്രചാരണം വിപരീത ഫലമുണ്ടാക്കുകയാണ് ചെയ്തത്. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശശികല വിഭാഗം മറച്ച് വെച്ചുവെന്ന ആരോപണത്തെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് ദിനകരന്‍ നേരിട്ടത്. ജയലളിതയുടെ തോഴിയായി രംഗപ്രവേശം ചെയ്ത് അവരുടെ സന്തത സഹചാരിയായി മാറിയ ശശികലയും മന്നാര്‍ഗുഡി സംഘമെന്ന് വിളിക്കപ്പെട്ട അവരുടെ കുടുംബവും പാര്‍ട്ടി പിടിക്കാന്‍ വന്‍ സന്നാഹമാണ് ജയലളിതയുടെ മരണ ശേഷം നടത്തിയത്. പിന്നീട് പാര്‍ട്ടി മൂന്നായി പിളരുന്നതാണ് കണ്ടത്. എടപ്പാടി പളനി സ്വാമി, ഒ പനീര്‍ ശെല്‍വം, ശശികല എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് കഷ്ണമായി. ഒടുവില്‍ എടപ്പാടിയും ഒ പി എസും കൈകോര്‍ക്കുകയും പാര്‍ട്ടി ചിഹ്നം കരസ്ഥമാക്കുകയും ചെയ്തു. അപ്പോഴും ജനങ്ങളുടെ മനസ്സില്‍ ചിന്നമ്മക്ക് സ്ഥാനമുണ്ടായിരുന്നുവെന്നാണ് ആര്‍ കെ നഗര്‍ തെളിയിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കിടയില്‍ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ ദിനകരനായിരുന്നു മുന്നില്‍. താഴേത്തട്ടില്‍ പണമൊഴുക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

1999ല്‍ പെരിയംകുളം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലും 2004 മുതല്‍ 2010 വരെ രാജ്യസഭയിലും അംഗമായിട്ടുണ്ട് ദിനകരന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കൈക്കൂലി കൊടുത്തെന്ന കേസിലും വിദേശ പണവിനിമയ കേസിലും പ്രതിയാണ് അദ്ദേഹം. ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരന്‍. മിന്നുന്ന വിജയത്തിന്റെ പിന്‍ബലത്തില്‍ പളനിസ്വാമി സര്‍ക്കാറിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള നീക്കമായിരിക്കും ഇനി ദിനകരന്‍ നടത്തുക. ‘സര്‍ക്കാറിനെതിരെയുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലം. മൂന്ന് മാസത്തിനകം പളനിസ്വാമി സര്‍ക്കാര്‍ താഴെവീഴു’മെന്നുമുള്ള ദിനകരന്റെ പരാമര്‍ശം ഇതാണ് സൂചിപ്പിക്കുന്നത്.

പാര്‍ട്ടി എം എല്‍ എമാരെ സ്വന്തം പാളയത്തിലേക്ക് ആകര്‍ഷിക്കാനായിരിക്കും അദ്ദേഹം ഇനി കരുക്കള്‍ നീക്കുക. ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുക്കാനിടയുണ്ട്. പാര്‍ട്ടിയില്‍ ശശികല പക്ഷം മേല്‍ക്കൈ ഉറപ്പിക്കുന്ന സ്ഥിതിയുണ്ടായാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ഡി എം കെയുടെ കണക്കു കൂട്ടലുകള്‍ മുഴുവന്‍ പിഴച്ച തിരഞ്ഞെടുപ്പാണ് ഇത്. എ ഐ എ ഡി എം കെയുടെ വോട്ടുകള്‍ ഭിന്നിക്കുന്നതും കാത്തിരിക്കുകയായിരുന്നു ഡി എം കെ. ഒടുവില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്ന നാണക്കേടില്‍ ഡി എം കെ എത്തിച്ചേര്‍ന്നു. ഡി എം കെയില്‍ സ്റ്റാലിനെതിരായ പടയൊരുക്കത്തിന് ഈ തോല്‍വി വഴി വെക്കും. ബി ജെ പി നോട്ടക്കും പിറകിലായി ഫിനിഷ് ചെയ്ത് സമ്പൂര്‍ണ മാനക്കേടിലേക്ക് കൂപ്പു കുത്തി. തമിഴകത്തെ ശാക്തിക ബലാബലത്തില്‍ നേട്ടമുണ്ടാക്കാന്‍ ബി ജെ പി ഉണ്ടാക്കിവെച്ച തന്ത്രങ്ങളെല്ലാം ഇനി മാറ്റേണ്ടി വരും.