കണ്ടെത്താന്‍ ഇനിയും 208 പേര്‍; മലയാളികള്‍ 166

Posted on: December 25, 2017 8:27 am | Last updated: December 24, 2017 at 11:30 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പുതിയ കണക്കുകളുമായി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍പ്പെട്ട 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്. ചെറുവള്ളങ്ങളില്‍ പോയവരാണ് കണ്ടെത്താനുള്ളവരില്‍ ഏറെയും. 166 മലയാളികളെയും 42 ഇതര സംസ്ഥാനക്കാരെയുമാണ് കണ്ടെത്താനുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. 132 പേരെ കാണാതായതിന് എഫ് ഐ ആര്‍ എടുത്തിട്ടുണ്ട്.

34 പേരുടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ കണക്ക് കൂടി പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കിയത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 32 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാനക്കാരില്‍ കൂടുതല്‍. അസം, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കാണാതായവരിലുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞ കണക്കുകളുമായി പുതിയത് പൊരുത്തപ്പെടുന്നില്ല. കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാകുകയും ചെയ്‌തെന്നാണ് രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചത്. നേരത്തെ മുന്നൂറ് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് പോലീസും റവന്യൂ വകുപ്പും പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ലാത്ത സാഹചര്യത്തില്‍, ഗൗരവസ്വഭാവമുള്ള ദുരന്തമായി കണക്കാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പുനല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിവേദനത്തിലെ വാക്കുകള്‍ തന്നെയാണ് കേന്ദ്ര മന്ത്രി മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഓഖിയെ ഗൗരവസ്വഭാവമുള്ള ദുരന്തമായി കണക്കാക്കുന്നത് കേരളത്തിന് കൂടുതല്‍ ദുരിതാശ്വാസ, പുനരധിവാസ സഹായം ലഭിക്കാന്‍ സഹായകമാകുമെന്നും രാജ്‌നാഥ് പറഞ്ഞു.
ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം നാളെ സംസ്ഥാനത്ത് എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മൂന്നായി തിരിഞ്ഞ് ദുരന്തബാധിത ജില്ലകള്‍ സന്ദര്‍ശിക്കും. ഇവര്‍ 29 വരെ സംസ്ഥാനത്ത് ഉണ്ടാകും. കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് സന്ദര്‍ശിക്കുക.

കേന്ദ്ര ഊര്‍ജ മന്ത്രാലയം ഡയറക്ടര്‍ എം എം ധകാതെ നേതൃത്വം നല്‍കുന്ന രണ്ടാമത്തെ സംഘം പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ സന്ദര്‍ശിക്കും. എറണാകുളം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘത്തിന് എസ് തങ്കമണി നേതൃത്വം നല്‍കും. ജില്ലകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് സന്ദര്‍ശനമെങ്കിലും മറ്റു ജില്ലകളില്‍ നാശനഷ്ടമുണ്ടെന്ന് പരാതി ഉയര്‍ന്നാല്‍ അവിടേക്കും പോകും. 26ന് വൈകീട്ട് തലസ്ഥാനത്തെത്തുന്ന സംഘങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.