ദ്രാവിഡ രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്റെ സൂചന

Posted on: December 25, 2017 6:19 am | Last updated: December 24, 2017 at 11:21 pm

എടപ്പാടി പളനിസ്വാമി സര്‍ക്കാറിനെയും തമിഴക രാഷ്ട്രീയത്തെയും ഞെട്ടിച്ചിരിക്കയാണ് ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. സ്വതന്ത്രനായി മത്സരിച്ച എ ഐ എ ഡി എം കെ വിമതന്‍ ടി ടി വി ദിനകരന്‍ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എ ഐ എ ഡി എം കെയിലെ മധുസൂദനെ തറപറ്റിച്ചത്. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തിയ ദിനകരന്‍ അവസാനം വരെ അതു തുടര്‍ന്നു. ഡി എം കെയുടെ മരുതുഗണേഷാണ് മൂന്നാം സ്ഥാനത്ത്. അണ്ണാ ഡി എം കെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍ നിന്നു പളനിസാമി, പനീര്‍സെല്‍വം വിഭാഗം പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ തമിഴകവും ദേശീയ രാഷ്ട്രീയം തന്നെയും വന്‍പ്രാധാന്യത്തോടെയാണ് ഈ തിരഞ്ഞടുപ്പിനെ കണ്ടിരുന്നത്.

അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചിട്ടും പാര്‍ട്ടി സ്ഥാനാര്‍ഥി മധുസൂദനന്‍ ബഹുദൂരം പിന്നിലായത് ഔദ്യോഗിക പക്ഷത്തിനുണ്ടാക്കുന്ന ക്ഷീണം കുറച്ചൊന്നുമല്ല. പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത ബഹുഭൂരിപക്ഷത്തിന് വിജയിച്ചിരുന്ന ഈ മണ്ഡലത്തിലെ ദയനീയ തോല്‍വി സര്‍ക്കാറിനെതിരെയുള്ള ജനവികാരമായി വ്യാഖ്യാനിക്കപ്പെടുന്നതിനപ്പുറം പാര്‍ട്ടിയെ വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
ഡിസംബര്‍ അഞ്ചിന് ജയലളിത മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ തീരുമാനിച്ചതായിരുന്നു. പ്രചാരണത്തിനിടെ ദിനകരന്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് റദ്ദാക്കുകയായിരുന്നു. അതിനിടെ, എ ഐ എ ഡി എം കെയിലെ പിളര്‍പ്പും ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമാതോടെ അനന്തമായി നീണ്ടു.

പാര്‍ട്ടി ചിഹ്നമായ രണ്ടില പനീര്‍ശെല്‍വം – പളനിസാമി പക്ഷത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ. തെലുങ്ക് വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ വിഭാഗത്തില്‍ നിന്നുള്ള ആളാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെന്നതും പാര്‍ട്ടിയെ തുണക്കുമെന്ന് കരുതിയിരുന്നു. മാത്രമല്ല, മധുസൂദനന് വേണ്ടി സംസ്ഥാന മന്ത്രിമാരെല്ലാം പ്രചാരണ വേദിയിലെത്തുകയും ചെയ്തു. അതൊന്നും ഫലപ്പെട്ടില്ലെന്നാണ് ഫലം കാണിക്കുന്നത്. ജയയുടെ മരണത്തില്‍ ദിനകരന്‍ പക്ഷത്തിന് പങ്കുണ്ടെന്ന ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം വോട്ടര്‍മാരെ ദിനകരനില്‍ നിന്ന് അകറ്റുമെന്ന കണക്കുകൂട്ടലും വെറുതെയായി. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയുടെ അവസാന നാളുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ദിനകരന്‍ പക്ഷം ഈ ആരോപണത്തെ പ്രതിരോധിച്ചത്. ജയലളിത മരിച്ച ശേഷമാണ് ശശികല അവരെ ആശുപത്രിയിലെത്തിച്ചതെന്ന ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം ഇതോടെ വെള്ളത്തിലായി.
ഡി എം കെക്കും ഫലം തിരഞ്ഞെടുപ്പ് നിരാശാജനകാണ്. തിരിച്ചുവരവിനുള്ള കളമായായിരുന്നു ആര്‍കെ നഗറിനെ പാര്‍ട്ടി കണ്ടിരുന്നത്. 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയെയും രാജയെയും വെറുതെ വിട്ടുകൊണ്ടുള്ള സി ബി ഐ പ്രത്യേക കോടതി വിധി വന്നത് തിരഞ്ഞടുപ്പ് ദിനത്തിലായിരുന്നു. അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇടതുപാര്‍ട്ടികളും വൈക്കോയും ഡി എം കെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് നേതാവെന്ന നിലയില്‍ എ കെ സ്റ്റാലിന് കടുത്ത ക്ഷീണമാണ്. പണക്കൊഴുപ്പില്‍ ദിനകരന്‍പക്ഷത്തിന്റെ പ്രചാരണത്തിനൊപ്പമെത്താന്‍ സാധിക്കാത്തതിനാലാണ് പിന്തള്ളപ്പെട്ടതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. മണ്ഡലത്തില്‍ ബി ജെ പി രംഗത്തിറക്കിയ നാഗരാജന് നോട്ടക്കും പിന്നില്‍ ആറാമതായാണ് സ്ഥാനം ലഭിച്ചതെന്നത് സംസ്ഥാനത്ത് ബി ജെ പിയുടെ ദയനീയത വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയാറെടുത്തു കൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് ഇതു കനത്ത തിരിച്ചടിയാണ്.

1999-ല്‍ പെരിയംകുളം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലും 2004 മുതല്‍ 2010 വരെ രാജ്യസഭയിലും അംഗമായിട്ടുണ്ട് വിജയിച്ച സ്ഥാനാര്‍ഥി ദിനകരന്‍. തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ കൈക്കൂലി കൊടുത്തെന്ന കേസിലും വിദേശ പണവിനിമയ കേസിലും പ്രതിയാണ് അദ്ദേഹം. ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ സഹോദരി വനിതാമണിയുടെ മകനായ ദിനകരന് തമിഴ് രാഷ്ട്രീയത്തിലും മറ്റു ഉന്നതങ്ങളിലും വലിയ സ്വാധീനവുമുണ്ട്. ഈ സ്വാധീനങ്ങളുടെയും തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ പിന്‍ബലത്തിലും പളനിസ്വാമി സര്‍ക്കാറിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള നീക്കമായിരിക്കും ഇനി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. ‘സര്‍ക്കാറിനെതിരെയുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലം. മൂന്ന് മാസത്തിനകം പളനിസ്വാമി സര്‍ക്കാര്‍ താഴെവീഴു’മെന്നുമുള്ള ദിനകരന്റെ പരാമര്‍ശം അതിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്.