Connect with us

Sports

മെസിക്ക് തൊട്ടരികില്‍ ഹാരി കാന്‍

Published

|

Last Updated

ബണ്‍ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബണ്‍ലിക്കെതിരെ ടോട്ടനം ഹോസ്പറിനായി ഹാട്രിക്ക് നേടിയ ഹാരി കാന്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമാകുന്നു.
2017 കലണ്ടര്‍ വര്‍ഷം വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഹാരി കാനിന്റെ നേട്ടം 53 ആണ്. 54 ഗോളുകള്‍ നേടിയ ലയണല്‍ മെസി മാത്രമാണ് കാനിന് മുന്നിലുള്ളത്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി, റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പി എസ് ജിയുടെ എഡിന്‍സന്‍ കവാനി എന്നിവര്‍ക്കൊപ്പമാണ് കാന്‍ ഇപ്പോള്‍. എന്നാല്‍, ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍ സ്ഥാനം നേടിയെടുക്കാന്‍ കാനിന് മുന്നില്‍ അവസരമുണ്ട്.

നാളെ സതംപ്ടണിനെതിരെ ബോക്‌സിംഗ് ഡേ മത്സരമുണ്ട് ടോട്ടനം ഹോസ്പറിന്. ഹാട്രിക്ക് ഫോമില്‍ നില്‍ക്കുന്ന കാനിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡിലാണ് കാന്‍ ഇപ്പോള്‍.
1995 ല്‍ ബ്ലാക്‌ബേണ്‍ താരം അലന്‍ഷിയറര്‍ നേടിയ 36 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമാണ് ടോട്ടനം സ്‌ട്രൈക്കര്‍. ഒരു ഗോള്‍ നേടിയാല്‍ ഷിയററെ പിറകിലാക്കാം. 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കപ്പെടും. 2011 ല്‍ ആഴ്‌സണലിന്റെ റോബിന്‍ വാന്‍ പഴ്‌സി 35 ഗോളുകളുമായി ഷിയറര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു. 2004 ല്‍ ആഴ്‌സണലിന്റെ തിയറി ഓന്റി 34 ഗോളുകള്‍ നേടിയത് പട്ടികയില്‍ നാലാം സ്ഥാനത്തായി ഇടം പിടിക്കുന്നു. 1994 ല്‍ അലന്‍ഷിയറര്‍ 30 ഗോളുകളുമായി ടോപ് സ്‌കോററായിരുന്നു. തുടര്‍ന്നുള്ള വര്‍ഷത്തിലാണ് 36 ഗോളുകളുമായി സ്വന്തം റെക്കോര്‍ഡ് പുതുക്കിയത്. 1995 ല്‍ ന്യൂകാസില്‍ യുനൈറ്റഡിന്റെ ലെസ് ഫെര്‍ഡിനന്റ് മുപ്പത് ഗോളുകള്‍ നേടിയിരുന്നു. 2003ല്‍ ഇതേ നേട്ടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡച്ച് സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയി ആവര്‍ത്തിച്ചു.
പ്രീമിയല്‍ ലീഗ് ടേബിളില്‍ 19 മത്സരങ്ങളില്‍ 34 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടനം ഹോസ്പര്‍.
ബണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറില്‍ ഏഴാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാരി കാന്‍ തുടങ്ങിയത്. 69, 79 മിനുട്ടുകളില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 2015 ജനുവരിയില്‍ ക്രിസ്റ്റല്‍പാലസാണ് ഇതിന് മുമ്പ് ബണ്‍ലിയുടെ ഗ്രൗണ്ടില്‍ മൂന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. അന്ന് 3-2ന് ക്രിസ്റ്റല്‍പാലസ് ജയിച്ചു.

പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനായി 93താം ഗോളാണ് ഹാരി നേടിയത്. 97 ഗോളുകള്‍ നേടിയ ടെഡി ഷെറിംഗ്ഹാമാണ് കാനിന് മുന്നിലുള്ളത്. എവേ മാച്ചില്‍ അമ്പത് ഗോളുകള്‍ നേടുന്ന ആദ്യ ടോട്ടനം താരം കൂടിയാണ് കാന്‍.

 

Latest