മൗറിഞ്ഞോ ക്ഷുഭിതന്‍; ചില താരങ്ങള്‍ക്ക് പക്വതയില്ലെന്ന് വിമര്‍ശം

Posted on: December 25, 2017 12:11 am | Last updated: December 24, 2017 at 11:12 pm

ലെസ്റ്റര്‍ : ഇതിലും ഭേദം തോല്‍ക്കുന്നതായിരുന്നു – ലെസ്റ്റര്‍ സിറ്റിയോട് സ്‌റ്റോപ്പേജ് ടൈമില്‍ സമനില വഴങ്ങേണ്ടി വന്നതിനെ കുറിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോയുടെ പ്രതികരണം. പത്തു പേരുമായി പൊരുതിയാണ് ലെസ്റ്റര്‍ സിറ്റി 94ാം മിനുട്ടില്‍ സമനില ഗോള്‍ നേടിയത് (2-2).

കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോള്‍ മൂന്ന് പോയിന്റ് കരസ്ഥമാക്കാമെന്ന മൗറിഞ്ഞോയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത് ഡിഫന്‍ഡര്‍ ക്രിസ് സ്മാളിംഗിന് അവസാന നിമിഷം സംഭവിച്ച പരുക്കാണ്.
ഹാരി മാഗ്വാര്‍ സമനില ഗോള്‍ നേടിയത് സ്മാളിംഗിന് ഡിഫന്‍ഡ് ചെയ്യാനുള്ള ഫിറ്റ്‌നെസ് നഷ്ടപ്പെട്ടതാണ്. ഈ ഗോളോടെ മത്സരം അവസാനിക്കുകയും ചെയ്തു. ഇതോടെ, ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി പതിമൂന്ന് പോയിന്റ് പിറകിലായി യുനൈറ്റഡ്.
ഇരുപത്തേഴാം മിനുട്ടില്‍ വര്‍ഡിയുടെ ഗോളില്‍ ലീഡെടുത്ത ലെസ്റ്ററിനെ യുവാന്‍ മാറ്റയുടെ ഇരട്ട ഗോളുകളില്‍ മാഞ്ചസ്റ്റര്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. അറുപതാം മിനുട്ടില്‍ മാറ്റ ഫ്രീകിക്കിലൂടെ യുനൈറ്റഡിന് നല്‍കിയത് ഗംഭീര തിരിച്ചുവരവായിരുന്നു. ഇതിനിടെ 73ാം മിനുട്ടില്‍ ലെസ്റ്ററിന്റെ അമാര്‍തി ചുവപ്പ ്കാര്‍ഡ് കണ്ടു. എതിരാളിയുടെ ആള്‍ ബലം കുറഞ്ഞത് മുതലെടുക്കാന്‍ പക്ഷേ യുനൈറ്റഡിന് സാധിച്ചില്ല. കളിക്കാരെ രൂക്ഷമായിട്ടാണ് മൗറിഞ്ഞോ വിമര്‍ശിച്ചത്. ചില താരങ്ങള്‍ കാലം കഴിയുന്തോറും പക്വതയാര്‍ജിക്കും. ചിലര്‍ കരിയറിന്റെ അവസാനം വരെ പക്വതയാര്‍ജിക്കില്ല – തോല്‍വിക്ക് കാരണക്കാരായ കളിക്കാരെ പേരെടുത്ത് പരാമര്‍ശിക്കാതെ മൗറിഞ്ഞോ വിമര്‍ശിച്ചു. മാര്‍കസ്‌റാഷ് ഫോഡ്, ജെസി ലിംഗാര്‍ഡ്, ആന്റണി മാര്‍ഷ്വല്‍ എന്നിവര്‍ സുവര്‍ണാവസരങ്ങള്‍ തുലച്ചിരുന്നു.