Connect with us

Kerala

വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ കോടിയിലധികം തട്ടിയയാള്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: പ്രവര്‍ത്തിക്കാത്ത ബംഗളൂരുവിലെ വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപം കടലാശ്ശേരി വീട്ടില്‍ സുര്‍ജിത്ത് കെ ബാലനാണ് അറസ്റ്റിലായത്.

മഹാ ജോതിസ് ആസ്‌ട്രോ ആന്‍ഡ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനവും വന്‍ ലാഭ വിഹിതവും വാഗ്ദാനം നല്‍കി തൃശൂരില്‍ മള്‍ട്ടി മീഡിയ സ്ഥാപനം നടത്തുന്ന യുവതിയില്‍ നിന്ന് പല തവണകളായി ഒരു കോടിയിലധികം കൈപ്പറ്റുകയായിരുന്നു. പിന്നീട് ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ നല്‍കാതെ വഞ്ചിച്ചു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സി ഐ. കെ സി സേതുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തന്റെ പേരിലുള്ള മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളുടെ കൈയില്‍ കൊടുത്ത് പോലീസിന്റെ ശ്രദ്ധ തിരിച്ചു വിവിധ സ്ഥലങ്ങളില്‍ മറ്റ് ഫോണുകള്‍ ഉപയോഗിച്ച് സുര്‍ജിത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. തൃശൂര്‍ ടൗണിനടുത്താണ് പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ മറ്റ് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. ജോസഫ്, എസ് സി പി ഒ. വിനയന്‍, സി പി ഒ. സിബു എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.