Connect with us

Gulf

മര്‍കസിലെ ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിനെ പ്രകീര്‍ത്തിച്ച് പ്രാദേശിക അറബ് പത്രം

Published

|

Last Updated

ദുബൈ: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നാമത് ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിനെ പ്രകീര്‍ത്തിച്ച് പ്രാദേശിക അറബ് പത്രം. അബുദാബിയില്‍ നിന്നിറങ്ങുന്ന അല്‍ ഇത്തിഹാദ് പത്രത്തിന്റെ ഇന്നലത്തെ പതിപ്പിലാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നാലു മുതല്‍ ഏഴു വരെയാണ് വിവിധ പരിപാടികളോടെ മര്‍കസ് മുഖ്യ ആസ്ഥാനത്തും മറ്റുമായി സമ്മേളനം നടക്കുന്നത്. സമ്മേളന പരിപാടികളില്‍ ശ്രദ്ധേയമായ ഇനമാണ് ആറിന് (ശനി) നടക്കുന്ന മൂന്നാമത് ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ്.

ലോക സമാധാനത്തിനും മാനുഷികതക്കും യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, യു എ ഇ, സഊദി അറേബ്യ, മലേഷ്യ, ബ്രിട്ടന്‍ തുടങ്ങിയ ഏഷ്യന്‍-യൂറോപ്പ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. യു എ ഇയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും. ശൈഖ് സായിദിന്റെ മാനുഷിക സേവനങ്ങളും സമാധാന ചര്‍ച്ചകളും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. 2018നെ “സായിദ് വര്‍ഷ”മായി പ്രഖ്യാപിച്ച സമയത്ത് തന്നെ പീസ് കോണ്‍ഫറന്‍സ് നടക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്തോഷം പ്രകടിപ്പിച്ചു. “ശൈഖ് സായിദ്, ഈ നൂറ്റാണ്ടിലെ സമാധാന വാഹകന്‍” എന്ന പേരില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മര്‍കസ് നോളജ് സിറ്റിയില്‍ ശൈഖ് സായിദിന്റെ പേരില്‍ പഠനകേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. വൈദ്യശാസ്ത്ര, സാങ്കേതിക, എന്‍ജിനിയറിംഗ് കോളജുകളും സാംസ്‌കാരിക കേന്ദ്രവും ഉള്‍പെടുന്നതാവും പഠനകേന്ദ്രം.

ഭീകര വിരുദ്ധവും സമാധാനപൂര്‍ണവുമായ ഒരു ലോകത്തിന്റെ സൃഷ്ടിപ്പിന് യു എ ഇ രാഷ്ട്രപിതാവ് കാഴ്ചവെച്ച സന്ദേശങ്ങളും സേവനങ്ങളും പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നതിനാലാണ് സമാധാന സമ്മേളനത്തിന് ശൈഖ് സായിദിന്റെ പേര് നല്‍കിയതെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.

 

Latest