എം.എം.ഹസന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് കുമ്മനം

Posted on: December 24, 2017 8:31 pm | Last updated: December 24, 2017 at 8:31 pm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണെന്ന കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് വെറും ഗ്രൂപ്പ് വഴക്കായി കണക്കാക്കാനാകില്ല. അധികാരത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിനു തെളിവാണ് ഹസന്റെ വാക്കുകളെന്നും കുമ്മനം പറഞ്ഞു.

 

കെ. കരുണാകരന്‍ മാറി എ.കെ ആന്റണി വരുന്നതോ ഐ ഗ്രൂപ്പില്‍ നിന്ന് ‘എ’ യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനു വേണ്ടി രാജ്യത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറഞ്ഞേ മതിയാവൂവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കരുണാകരനെ സ്ഥാന ഭ്രഷ്ടനാക്കാന്‍ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹസനു ബാധ്യതയുണ്ട്. ഇതിന് അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ പൊലീസ് ഹസനെ ചോദ്യം ചെയ്യണമെന്നും കുമ്മനം പറഞ്ഞു.