കുത്തുപാളയെടുക്കുന്ന കെ എസ് ആര്‍ ടി സി

Posted on: December 24, 2017 7:51 am | Last updated: December 23, 2017 at 11:53 pm

കെ എസ് ആര്‍ ടി സി രണ്ട് ഡിപ്പോകള്‍ പണയം വെച്ചിരിക്കുന്നു. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് കൊല്ലം സഹകരണ ബേങ്കില്‍ 50 കോടി രൂപക്ക് പണയംവെച്ചത്. നാലുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അറ്റകൈക്കാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശനിരക്കിലാണ് വായ്പയെടുത്തത്. എതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുക്കളും പണയം വെച്ചും സര്‍ക്കാര്‍ നല്‍കുന്ന സഹായവും കൊണ്ടാണ്് സ്ഥാപനം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. എകദേശം 1300 കോടി രൂപ ഈയിനത്തില്‍ സ്ഥാപനം വായ്പ എടുത്തിട്ടുണ്ട്.

കേരളത്തിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ എസ് ആര്‍ ടി സി നാളിതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ല. ഇപ്പോള്‍ ഡിപ്പോകളുടെ പണയത്തിലൂടെ ലഭിച്ച പണമുപയോഗിച്ച് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്‌തെങ്കിലും നാല് മാസത്തെ പെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുണ്ട്. പെന്‍ഷന്‍കാര്‍ ബസ് തടയല്‍ അടക്കം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഡിപ്പോകള്‍ പണയം വെക്കേണ്ടി വന്നത്. സ്ഥാപനത്തിന്റെ നഷ്ടം അടിക്കടി ഭീമമായി വര്‍ധിക്കുകയാണ്. കേരളത്തില്‍ നഷ്ടത്തിലോടുന്ന 53 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത വാര്‍ഷിക നഷ്ടം 889 കോടിയാണെങ്കില്‍ ഇതില്‍ 508 കോടിയും കെ എസ് ആര്‍ ടി സിയുടേതാണെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2016ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോര്‍പറേഷന്റെ തകര്‍ച്ച ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാല്‍ മാറിമാറി വന്ന സര്‍ക്കാറുകളെല്ലാം വന്‍ തുകകള്‍ അനുവദിച്ചു സ്ഥാപനത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥാപനം കരകയറുന്നില്ലെന്ന് മാത്രമല്ല, നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കയുമാണ്.

തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും ഒരു പറ്റം ജീവനക്കാരുടെ ആത്മാര്‍ഥതക്കുറവുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് ഇതെക്കുറിച്ച് പഠനം നടത്തിയവരെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബസ് വ്യവസായത്തെക്കുറിച്ച് അറിവോ മനേജ്‌മെന്റ് പരിജ്ഞാനമോ ഇല്ലാത്തവരാണ് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയും. നിലവില്‍ തലപ്പത്തുള്ളവരില്‍ പലരും പ്രമോഷന്‍ ലഭിച്ചാണ് അവിടെ എത്തിപ്പെട്ടത്. ഇവര്‍ക്ക് വേണ്ടത്ര ഭരണ നൈപുണ്യമില്ല. ഉയര്‍ന്ന യോഗ്യതയുള്ളവരെയും കഴിവു തെളിയിച്ച സങ്കേതികസാമ്പത്തിക വിദഗ്ധരെയും തലപ്പത്ത് നിയമിക്കണമെന്നും മാനേജ്‌മെന്റില്‍ സമഗ്ര അഴിച്ചുപണി വേണമെന്നും വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. അത് നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാറിനുണ്ടായില്ല.ഡിപ്പോകളില്‍ ഡി ടി ഒ, എ ടി ഒ തസ്തികകളില്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കാനെടുത്ത തീരുമാനവും രാഷ്ട്രീയട്രേഡ് യൂനിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടു.

കോര്‍പറേഷനെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിക്കപ്പെട്ട പ്രൊഫ. സുശീല്‍ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടും ജീവനക്കാരില്‍ ചിലരുടെ ഇടങ്കോല്‍ കാരണം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ്. ഡ്യൂട്ടി പാറ്റേണിലാണ് സുശീല്‍ ഖന്ന കമ്മീഷന്‍ കാര്യമായ മാറ്റം നിര്‍ദേശിച്ചത്. ഇതനുസരിച്ചു ഇരട്ട ഡ്യൂട്ടി ഒഴിവാക്കണം. 12 മണിക്കൂര്‍ ജോലി നോക്കി രണ്ട് ഡ്യൂട്ടി അറ്റന്‍ഡന്‍സ് വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനു പകരം എട്ടുമണിക്കൂര്‍ കഴിഞ്ഞുള്ള ഡ്യൂട്ടിക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കി വേതനം നല്‍കാനാണ് നിര്‍ദേശം. മാസത്തില്‍ എട്ടു ദിവസം മാത്രം ജോലിക്കു ഹാജരാകുന്ന കണ്ടക്ടര്‍മാര്‍ക്ക് ം20 ദിവസം ഡ്യൂട്ടി അറ്റന്‍ഡന്‍സ് അനുവദിക്കുന്ന രീതിയും ഒഴിവാക്കണം. നിലവിലെ രണ്ട് രീതികളും കോര്‍പറേഷന് വന്‍ നഷ്ടമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മെക്കാനിക്കുകളും സുരക്ഷാജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സന്നദ്ധമാണ്. മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. നിലവിലെ രീതിയനുസരിച്ച് ഈ വിഭാഗത്തിന് മറ്റുള്ളവര്‍ക്കില്ലാത്ത പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. പുനരുദ്ധാരണ പാക്കേജ് വന്നാല്‍ ഇവയില്‍ പലതും നഷ്ടപ്പെടും. ഇതാണ് അവരുടെ എതിര്‍പ്പിന് കാരണം. യൂനിയനുകളുടെ തലപ്പത്ത് ഏറെയും മിനിസ്റ്റീരിയല്‍ വിഭാഗക്കാരായതിനാല്‍ യുനിയന്‍ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഉറച്ച ഒരു തീരുമാനമെടുക്കാനും സാധിക്കുന്നില്ല.

കെ എസ് ആര്‍ ടി സിയെ കമ്പനിയാക്കണമെന്ന ഒരു നിര്‍ദേശം നേരത്തെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ ആസ്ഥാനമാക്കി സ്വയംഭരണാധികാരവും സ്വതന്ത്ര സ്വഭാവവുമുള്ള നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത് എന്നിങ്ങനെ മൂന്ന് കമ്പനികളായി വിഭജിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പ് മൂലം ഈ നിര്‍ദേശവും നടപ്പാക്കാനായില്ല. ഇങ്ങനെ സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനായി വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളത്രയും കോര്‍പറേഷന്റെ ഉന്നതങ്ങളിലുള്ള ചിലരും ഒരു പറ്റം ജീവനക്കാരും അട്ടിമറിക്കുകയാണ്. ഇവരാണ് യഥാര്‍ഥത്തില്‍ സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്.