Connect with us

Articles

തീവ്രവാദം: അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ബദലുണ്ട്

Published

|

Last Updated

യാത്രകള്‍ യഥാര്‍ഥത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ചെല്ലുന്ന നാടിന്റെ സാംസ്‌കാരിക വിശേഷങ്ങളിലേക്കും ഭക്ഷണം, വസ്ത്രം, കല, സാഹിത്യം, ഉപചാരങ്ങള്‍, പെരുമാറ്റ രീതികള്‍ തുടങ്ങിയ വ്യതിരിക്തതകളിലേക്കുമാണ് നാം ചെന്നിറങ്ങുക. രാഷ്ട്രീയ ഘടനയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം യാത്രയുടെ രണ്ടാം നിര പരിഗണനാ വിഷയമാകുകയെന്നതാണ് പൊതു അനുഭവം. എന്നാല്‍ യാത്ര അമേരിക്കയിലേക്കാകുകയും അത് സംഘടിപ്പിക്കുന്നത് യു എസ് വിദേശകാര്യ വകുപ്പാകുകയും സംഘത്തിലുള്ളവരെല്ലാവരും മാധ്യമ പ്രവര്‍ത്തകരാകുകയും ചെയ്യുമ്പോള്‍ പുറപ്പാട് രാഷ്ട്രീയഭരിതമാകാതെ തരമില്ല. അക്രമാസക്ത തീവ്രവാദം തടയുന്നതില്‍ പൗരസമൂഹത്തിന്റെ ശ്രമം- സിവില്‍ സൊസൈറ്റി എഫേര്‍ട്‌സ് ടു കൗണ്ടര്‍ വയലന്റ് എക്‌സ്ട്രിമിസം എന്നതായിരുന്നു “ലോകവിശേഷ”കാരന്‍ ഉള്‍പ്പെടെയുള്ള മലയാളി മാധ്യമപ്രവര്‍ത്തക സംഘം ഉള്‍പ്പെട്ട യാത്രയുടെ ശീര്‍ഷകം. അതുകൊണ്ട് തന്നെ കാണുന്നതിലെല്ലാം രാഷ്ട്രീയം കാണുന്ന സവിശേഷമായ ഉള്ളടക്കമാണ് ഈ യാത്രക്കുണ്ടായിരുന്നത്. അമേരിക്കന്‍ പൊതു സമൂഹം എങ്ങനെയാണ് തീവ്രവാദി പ്രവണതകളെ കാണുന്നത്? ഭൗമ രാഷ്ട്രീയത്തിലെ നേതൃരാഷ്ട്രമെന്ന നിലയില്‍ ആ രാജ്യത്തിന്റെ വിദേശ നയം ഏതളവില്‍ വിവിധ രൂപത്തിലുള്ള അക്രമാസക്ത തീവ്രവാദ ആശയഗതികള്‍ക്ക് വളമായിത്തീരുന്നു? ട്രംപിസത്തിന്റെ സ്വാധീനം എന്തെന്ത് മാറ്റങ്ങളാണ് യു എസ് പൊതു മണ്ഡലത്തില്‍ വരുത്തിയിട്ടുള്ളത്? മുസ്‌ലിംകള്‍ പുതിയ അമേരിക്കയില്‍ എത്രമാത്രം അന്യവത്കരിക്കപ്പെടുന്നുണ്ട്? കുടിയേറ്റക്കാരോട് ഭരണകൂടത്തിന്റെ സമീപനമെന്താണ്? വാഷിംഗ്ടണ്‍ ഡി സിയില്‍ ചെല്ലുമ്പോള്‍ ചോദ്യങ്ങളുടെ ആവനാഴി നിറഞ്ഞ് കവിഞ്ഞിരുന്നു.

സമയ വ്യത്യാസത്തില്‍ താറുമാറായ ഉറക്കത്തിനൊടുവില്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ ഉണര്‍ന്നത് ഇസ്‌റാഈലിലെ യു എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വാര്‍ത്തയോടെയാണ്. 1955ല്‍ യു എസ് കോണ്‍ഗ്രസ് പാസ്സാക്കിയതാണ് എംബസി മാറ്റ ബില്‍. ജൂത ലോബിക്ക് കീഴടങ്ങി അന്നത്തെ ഭരണകൂടം കൊണ്ടു വന്ന ബില്‍ പക്ഷേ നടപ്പാക്കാന്‍ മാറി മാറി വന്ന പ്രസിഡന്റുമാരൊന്നും തയ്യാറായിരുന്നില്ല. ഇസ്‌റാഈലിനായി രക്ഷാ കവചമൊരുക്കുന്നതില്‍ മത്സരിക്കുമ്പോഴും മുസ്‌ലിം ലോകവുമായുള്ള ബന്ധം അപ്പാടെ തകിടം മറിയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഓരോ പ്രസിഡന്റുമാരും വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേക ഉത്തരവിറക്കി തീരുമാനം നടപ്പാക്കുന്നത് നീട്ടി വെച്ച് വരികയായിരുന്നു. ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക തന്നെ ചെയ്തു. എന്നുവെച്ചാല്‍ ജൂത ലോബിയോടും ഫണ്ട് ദാതാക്കളോടുമുള്ള വാഗ്ദത്തം പാലിച്ചു. 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത പ്രദേശമാണ് മസ്ജിദുല്‍ അഖ്‌സയടക്കമുള്ള മുസ്‌ലിം പുണ്യ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറൂസലം. ഈ പ്രദേശം കീഴടക്കി സ്വന്തം അതിര്‍ത്തി വിപുലമാക്കിയ ഇസ്‌റാഈല്‍ നടപടിയെ യു എന്നടക്കം ഒരു അന്താരാഷ്ട്ര സമിതിയും അംഗീകരിച്ചിട്ടില്ല. ഫലസ്തീന്‍ രാജ്യത്തിന്റെ നിര്‍ദിഷ്ട തലസ്ഥാനമാണ് ജറൂസലം. യു എസ് എംബസി അങ്ങോട്ട് മാറ്റുന്നുവെന്നാല്‍ ഇസ്‌റാഈല്‍ അധിനിവേശത്തെ ട്രംപ് ഭരണകൂടം നിരുപാധികം പിന്തുണക്കുന്നുവെന്നാണ് അര്‍ഥം. ദ്വിരാഷ്ട്ര പരിഹാരത്തിന് ആ രാജ്യം ഒരുക്കമല്ലെന്നും.

ഇത്തരം നിരവധി തീരുമാനങ്ങള്‍ പിറന്ന വൈറ്റ് ഹൗസിന് മുന്നിലാണ് നില്‍ക്കുന്നത്. സമര ഭരിതമാണ് വൈറ്റ്ഹൗസ് പരിസരം. ജറൂസലം എംബസി വിഷയത്തില്‍ പ്രതിഷേധിക്കുകയാണ് ഫലസ്തീന്‍ പ്രക്ഷോഭകര്‍. ജൂതാഇസം എന്നാല്‍ സിയോണിസമല്ല എന്ന മുദ്രാവാക്യം മുഴക്കി വൈറ്റ് ഹൗസ് പരിസരത്ത് സ്ഥിരം സമരക്കൂട് ഉയര്‍ത്തിയ ജൂയിഷ് പ്രക്ഷോഭകാരികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഫ്രീ ഫലസ്തീന്‍ എന്ന മുദ്രാവാക്യം ആ തണുത്ത അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു. വിദ്യാര്‍ഥികളും പ്രൊഫഷനലുകളുമാണ് മുദ്രാവാക്യം മുഴക്കുന്നവരിലേറെയും. യിസ്രോഎല്‍ ദോവിദ് വെയ്‌സ് എന്ന ജൂത നേതാവ് ആവേശവും രോഷവും നിറഞ്ഞ ഭാഷയിലാണ് സംസാരിച്ചത്. സയണിസ്റ്റുകളെ ജൂത സമൂഹം പിന്തുണക്കില്ല. ഫലസ്തീന്‍ രാഷ്ട്രം ഞങ്ങള്‍ തിരിച്ചു നല്‍കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നാടു കാണുന്ന രീതിയിലായിരുന്നില്ല യാത്ര സംവിധാനിച്ചിരുന്നത്. ആളെക്കാണലായിരുന്നു മുഖ്യം. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളായവരെ കണ്ടും സംസാരിച്ചും അവരെ റിപ്പോര്‍ട്ട് ചെയ്തും മുന്നേറണം സഞ്ചാരമെന്നതായിരുന്നു താത്പര്യം. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രഫസറും ഗവേഷകയും എഴുത്തുകാരിയുമാണ് മദീഹ അഫ്‌സല്‍. പാക്കിസ്ഥാന്‍ അണ്ടര്‍ സീജ് എന്ന അവരുടെ പുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ കേന്ദ്രീകരിച്ച് നടത്തുന്നത് അപകടകരമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഒബാമ ഭരണകൂടം ഇക്കാര്യത്തില്‍ ശരിയായ വഴിയിലായിരുന്നു. വെള്ളക്കാരുടെ പരമാധികാരം പ്രഖ്യാപിക്കുന്ന നവനാസി സംഘടനകളുടെയടക്കം വ്യാപനം കണക്കിലെടുത്തുള്ള കമ്യൂണിറ്റി എംഗേജ്‌മെന്റായിരുന്നു അന്നത്തേത്. കരുതലായിരുന്നു അന്നത്തെ നയം. ഇന്നത് ഇടപെടലാണ്. ട്രംപിസത്തിന്റെ സ്വാധീനം മുസ്‌ലിം തീവ്രവാദമെന്ന ഒറ്റ ആഖ്യാനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്ന ചെറു ന്യൂനപക്ഷത്തെ കൂടുതല്‍ അപകടകാരികളാക്കുകയേ ഉള്ളൂ. അത് അവരെ കൂടുതല്‍ അന്യവത്കരിക്കും. മദീഹക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അക്കാദമിക് സ്വാതന്ത്ര്യം അമേരിക്കയിലുണ്ടെന്നത് വര്‍ത്തമാന കാല ഇന്ത്യ പാഠമാക്കേണ്ടതാണ്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്വയംഭരണ, സര്‍ക്കാറിതര ഗവേഷക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കേരളത്തിന് മാതൃകയാക്കാവുന്നതുമാണ്. കുടിയേറ്റക്കാര്‍, വിദ്യാവിഹീനര്‍, തൊഴിലില്ലാത്തവര്‍, ദരിദ്രര്‍ തുടങ്ങി തീവ്രവാദത്തിന്റെ പ്രഭവ സമൂഹങ്ങളായി പരമ്പരാഗതമായി എണ്ണിയിരുന്നവരൊന്നുമല്ല ഇത്തരം വിധ്വംസക സംഘങ്ങളില്‍ ചെന്ന് പെടുന്നതെന്ന് മദീഹയും സംഘവും നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. തീവ്രവാദ പ്രവണതയില്‍ ഉള്‍പ്പെട്ടവരെ ഒരു മുറിയില്‍ ഒരുമിച്ച് കൂട്ടിയാല്‍ ഒന്നോ രണ്ടോ പേര്‍ കുടിയേറ്റക്കാര്‍ ഉണ്ടാകാം. അതിനര്‍ഥം കുടിയേറ്റക്കാരുടെ തനതായ സവിശേഷതയാണ് തീവ്രവാദ പ്രവണതയെന്ന് പറയാനാകില്ലല്ലോ. അതിവൈകാരിക ആഖ്യാനങ്ങളില്‍ മുഴുകാനാകാത്തതിനാല്‍ വിദ്യാവിഹനനും അന്നത്തെ അപ്പത്തിന് വഴി തേടേണ്ടതിനാല്‍ ദരിദ്രനും തീവ്രവാദ ആശയങ്ങളിലേക്ക് ചാഞ്ഞ് നില്‍ക്കാനിടയില്ലെന്നാണ് ഈ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതെന്നും മദീഹ പറയുന്നു. ഇന്റര്‍നെറ്റില്‍ മുഴുകുന്ന സാമാന്യം സാമ്പത്തിക ശേഷിയുള്ള സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നവരാണ് പല പേരുകളിലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ അകപ്പെടുന്നത്.

യാത്രയിലെ രണ്ടാം നഗരം മിന്നസോട്ട സ്റ്റേറ്റിലെ മിനപോളിസ് ആയിരുന്നു. 36 ശതമാനം പേരും കുടിയേറ്റക്കാര്‍. ഇതില്‍ പകുതി പേരും സോമാലിയയില്‍ നിന്ന് വന്നവര്‍. അഭയാര്‍ഥികളായും ജോലി തേടിയും വന്ന് പൗരത്വം നേടിയവര്‍. ഇവര്‍ക്കിടയിലാണ് അല്‍ ശബാബും ഇസിലുമെല്ലാം തീവ്രവാദത്തിന്റെ വിത്തിറക്കുന്നത്. ഇന്റര്‍നെറ്റാണ് ആയുധം. സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി യുവാക്കളെ വഴിതെറ്റിക്കാന്‍. അമേരിക്കയുടെ അക്രമാസക്ത വിദേശ നയം ഈ ഭീകര സംഘടനകള്‍ അതിവൈകാരികമായി പ്രചരിപ്പിക്കുന്നു. സ്വതവേ സ്വത്വ പ്രതിസന്ധിയും അപകര്‍ഷതയും അനുഭവിക്കുന്ന ഇവര്‍ക്കിടയിലേക്ക് ഭീകര സംഘടനകളുടെ വിധ്വംസക ആശയങ്ങള്‍ വേഗത്തില്‍ കടന്ന് കയറുന്നു. ഇസില്‍ സൈനികമായി പരാജയപ്പെടുമ്പോഴും ആശയ പ്രചാരണത്തില്‍ മുന്നേറുകയാണ്. മതം ശരിയായി പഠിക്കാത്ത പരിവര്‍ത്തിതരെ അവര്‍ ലക്ഷ്യമിടുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് മാത്രം മതം പരിചയിച്ച, അക്രമാസക്തരും ബഹിഷ്‌കൃത ബോധം സൂക്ഷിക്കുന്നവരുമായ യുവാക്കളും ഇവരുടെ വലയില്‍ വീഴുന്നു. പലരും മയക്കു മരുന്നിന് അടിമകളാണ്. പരമ്പരാഗത വിശ്വാസത്തിന്റെ നേര്‍ വിപരീതത്തിലാണ് ഇവരുള്ളത്. മഹാന്‍മാരായ സാത്വികരെ അവര്‍ക്ക് പുച്ഛമാണ്. പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടേണ്ട എടുപ്പുകളും.

ഫെഡറല്‍ ഭരണകൂടവും പ്രസിഡന്റും എന്ത് നയവും എടുത്തു കൊള്ളട്ടേ ഹെനപെന്‍ കൗണ്ടിയിലേതു പോലുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ തീവ്രവാദത്തിനെതിരെ മാതൃകാപരമായ സമീപനമാണ് കൈകൊള്ളുന്നത്. മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തന രീതിയാണ് ആവിഷ്‌കരിക്കുന്നത്. അമേരിക്ക ഭയത്തിന്റെ പിടിയിലാണ്. ഏത് നിമിഷവും ഒരു തീവ്രവാദിയുടെ തോക്ക് തീ തുപ്പുമെന്ന് അവര്‍ പേടിക്കുന്നു. പല നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ പേടി അവരെ സജ്ജരാക്കുന്നു. കേന്ദ്ര ഭരണകൂടം വിദേശത്ത് പടനിലങ്ങള്‍ തുറക്കുമ്പോള്‍ ഇവിടെ താഴേ തട്ടില്‍ തനതായ സംവിധാനങ്ങള്‍ ഒരുങ്ങുകയാണ്. അമേരിക്കന്‍ ഫെഡറലിസത്തിന്റെ ശക്തിയാണ് ഇത്തരം വിശാലതകള്‍ ഒരുക്കുന്നതെന്ന്് പറയാം. റിച്ചാര്‍ഡ് സ്റ്റാനക് എന്ന പോലീസ് മേധാവിയാണ് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ജനപങ്കാളിത്ത മാതൃകക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്നത് സോമാലിയയില്‍ ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ചെറുപ്പത്തിലേ മിനിയാപോളിസില്‍ എത്തിയ ആബിദി മാലികും. ആബിദിക്ക് തന്റെ സമുദായത്തിന്റെ ചിന്തകളറിയാം. അതിനാല്‍ ഇടപെടല്‍ എളുപ്പമാണ്. മത നേതൃത്വത്തെയും സിവില്‍ സമൂഹത്തിലെ ഉന്നതരെയും സന്നദ്ധ സംഘടനകളെയും കലാകാരന്‍മാരെയുമെല്ലാം കോര്‍ത്തിണക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. നിയമത്തിന്റെ വാള്‍ ആഞ്ഞ് വീശിയല്ല, തീവ്രവാദ പ്രവണത തലപൊക്കുന്ന സമൂഹങ്ങളെ വിശ്വാസത്തിലെടുത്താകണം പ്രതിരോധ പ്രവര്‍ത്തനമെന്ന സന്ദേശം ഈ പദ്ധതി മുന്നോട്ട് വെക്കുന്നു.

തീവ്രവാദത്തിനെതിരെ കാര്‍ട്ടൂണ്‍ കൊണ്ട് പോരാടുന്ന മുഹമ്മദ് അഹമ്മദിനെ ഇവിടെ പരിചയപ്പെട്ടു. കറകളഞ്ഞ വിശ്വാസി. പ്രവാചക പ്രേമി. എട്ടിനും 14നുമിടയിലുള്ള കുട്ടികള്‍ക്കിടയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് സ്റ്റേഷന്‍ മാനേജരായ അദ്ദേഹത്തിന്റെ “ആവറേജ് മുഹമ്മദ്” എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പ്രസിദ്ധമാണ്. ആഫ്രിക്കന്‍ വംശജനായ മുഹമ്മദിനെ ഈ ദൗത്യത്തിലേക്ക് വഴി നടത്തിയത് സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ തന്നെയാണ്. ഈ വര്‍ഷത്തെ സിറ്റിസണ്‍ ഡിപ്ലമാറ്റ് അവാര്‍ഡ് നേടിയ മുഹമ്മദ് ശരിക്കും ആവറേജ് ആണ്. എളിമയാണ് മുഖമുദ്ര. നിഷ്‌കളങ്കമായ ചിരി. ആര്‍ഭാടമൊട്ടുമില്ലാത്ത വീട്ടിലിരുന്ന് അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. തീവ്രവാദത്തെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ മാറിയെന്നും ഇനി അത് വൈറ്റ് സൂപ്പര്‍മാസിസ്റ്റുകളിലേക്ക് തിരിയണമെന്നും സോവറീന്‍ സിറ്റിസണ്‍ എന്ന വിഭാഗം പിടിമുറുക്കുകയാണെന്നും അവരെ ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിം പേരുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ഇപ്പോള്‍ വളരുന്നതെന്നും മുഹമ്മദ് പറഞ്ഞു. മുമ്പ് അല്‍ ശബാബായിരുന്നു യുവാക്കളെ വഴിതെറ്റിക്കുന്ന പ്രചാരണം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇസിലാണ് മുന്നില്‍. മതമൂല്യങ്ങളെ വളച്ചൊടിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കുടിയേറ്റ സമൂഹത്തിന്റെ സ്വത്വ പ്രതിസന്ധികളെ അവര്‍ മുതലെടുക്കുന്നു. എടുത്തു ചാട്ടക്കാരായ യുവാക്കളെ അവര്‍ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഇസിലിനെ സൈനികമായി തകര്‍ത്തുവെന്ന് പറയുമ്പോഴും വെര്‍ച്ച്വല്‍ ലോകത്ത് അവര്‍ സജീവമാണെന്ന് മുഹമ്മദ് അഹമ്മദ് പറയുന്നു. ഇതല്ല ഇസ്‌ലാമെന്ന് പ്രചരിപ്പിച്ചേ തീരൂ. ഇസ്‌ലാം അടിമത്വത്തിനെതിരാണ്. ഇസില്‍ മനുഷ്യരെ അടിമകളാക്കുന്നു. മതത്തില്‍ ബലാത്കാരമില്ല. എന്നാല്‍ ഇസില്‍ മനുഷ്യരെ കൊന്ന് തള്ളുന്നു. ഇന്റര്‍നെറ്റാണ് അവരുടെ ആയുധം. സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി അവര്‍ക്ക് വിധ്വംസക ആശയം പ്രചരിപ്പിക്കാന്‍. തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്ന ആരും പള്ളികളില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ മതം പഠിച്ചവരല്ല. ഇന്റര്‍നെറ്റാണ് അവരുടെ മുഫ്തി. ഇതിനെതിരെ അതേ തന്ത്രം പയറ്റുകയാണ് താനെന്നും മുഹമ്മദ് അഹമ്മദ് പറയുന്നു.

യാത്രാസമുച്ചയത്തിലെ ഒടുവിലത്തെ നഗരം ഡെന്‍വറായിരുന്നു. കൊളറാഡോ സ്റ്റേറ്റിലാണ് ഡെന്‍വര്‍. പര്‍വത നഗരം. മൂന്ന് പെണ്‍കുട്ടികള്‍ ഇസിലില്‍ ചേരാന്‍ സിറിയയിലേക്ക് സഞ്ചരിച്ചത് ഈ പ്രദേശത്തു നിന്നുള്ള വലിയ വാര്‍ത്തയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട ഇവരെ ഇസ്‌ലാമിക് അക്കാദമിയില്‍ ചേര്‍ത്ത് ശരിയായ മതവിദ്യാഭ്യാസം നല്‍കുകയെന്ന പരിഹാരമാണ് പ്രാദേശിക ഭരണകൂടം കൈകൊണ്ടത്. ഇവര്‍ക്കെതിരെ ഒരു കേസുമെടുത്തില്ല. ഈ പുറപ്പെട്ട് പോകലിന് ശേഷം ഇസ്‌ലാമിക് സെന്ററുകളെ കൂട്ടുപിടിച്ച് വ്യാപകമായ ബോധവത്കരണ ശ്രമങ്ങള്‍ നടന്നു. ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്നൂര്‍ അക്കാദമിയായിരുന്നു. അക്കാദമിയിലെ ഡോ. അഹമ്മദ് സ്വാലിഹുമായി ദീര്‍ഘമായി സംസാരിച്ചു. സലഫീ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന തന്റെ ഭൂതകാലത്തെ പിന്നിലാക്കി അദ്ദേഹം തീര്‍ത്തു പറഞ്ഞു: വഹാബിസ്റ്റ്, മൗദൂദിസ്റ്റ് ആശയങ്ങളില്‍ നിന്നാണ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രചോദനമുള്‍ക്കൊള്ളുന്നത്. പാരമ്പര്യ നിരാസത്തിന്റെയും കൂട്ടക്കൊലയുടെയും വര്‍ത്തമാന കാലത്തെ ന്യായീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് വഹാബിസത്തിന്റെ ഭൂതകാലത്തെ തന്നെയാണ്. മനുഷ്യരെ കൊന്നു തള്ളി സ്വന്തം മതവും ഖിലാഫത്തും സ്ഥാപിക്കാനിറങ്ങിയ ഇവര്‍ ബഹുസ്വര സമൂഹത്തിന്റെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തെ തകര്‍ത്തെറിയുന്നുവെന്ന് ആഫ്രോ വംശജനായ മുഹമ്മദ് സ്വാലിഹ് സാക്ഷ്യപ്പെടുത്തി.

ഡെന്‍വറിനോട് ചേര്‍ന്ന പ്രദേശമാണ് അറോറ. അവിടുത്തെ കമ്യൂണിറ്റി കോളജിലെ പീര്‍ ടു പീര്‍ പ്രോഗ്രാമും കുടിയേറ്റ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അറോറ കമ്യൂണിറ്റി കോളജിലെ ബോബി പെയ്‌സ് ഗംഭീര അധ്യാപകനാണ്. കുടിയേറ്റക്കാരായ കുട്ടികളിലെ അന്യത മാറ്റാനും അവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കാനും അദ്ദേഹം സൃഷ്ടിച്ചെടുത്ത മാതൃകയാണ് പീര്‍ ടു പീര്‍ പ്രോഗ്രാം. ബോബിയോട് സംസാരിച്ചിരിക്കുമ്പോള്‍ ഒട്ടും മടുപ്പ് തോന്നില്ല. അദ്ദേഹത്തിന്റെ കുട്ടികള്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ശുഭയാത്ര നേര്‍ന്നത്.

യാത്രയിലെ ഔപചാരികവും അല്ലാത്തതുമായ കൂടിക്കാഴ്ചകള്‍ തീവ്രവാദ സംബന്ധിയായി നാല് അവബോധങ്ങളാണ് പ്രധാനമായും അവശേഷിപ്പിച്ചത്. ഒന്ന് അമേരിക്ക യഥാര്‍ഥത്തില്‍ ഭയക്കുന്നത് നവ നാസി ഗ്രൂപ്പുകളെയാണ്. വെള്ളക്കാരുടെ പരമാധികാരം ഉദ്‌ഘോഷിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ ദിനംപ്രതി ശക്തി സംഭരിച്ചു കൊണ്ടിരിക്കുകയാണ്. കൊളറാഡോ സ്റ്റേറ്റ്് അറ്റോര്‍ണി ബോബ് ട്രെയറുടെയും ഡോ. ബോബ് പെയ്‌സിന്റെയുമെല്ലാം വാക്കുകളില്‍ ഈ ആശങ്ക പ്രകടമായിരുന്നു. ട്രംപിന്റെ വിജയം ഈ വിഭാഗങ്ങളെ ഉന്‍മാദികളാക്കിയിരിക്കുന്നു. മോദി വാഴും ഇന്ത്യയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നതിന് സമാനമാണ് അത്.

മുസ്‌ലിം പേരുള്ള തീവ്രവാദത്തെ ഇസ്‌ലാമുമായല്ല, വഹാബിസവുമായാണ് ചേര്‍ത്ത് പറയേണ്ടതെന്ന് അമേരിക്ക തിരിച്ചറിയുന്നുവെന്നതാണ് രണ്ടാമത്തെ വസ്തുത. യഥാര്‍ഥ ഇസ്‌ലാമിന്റെ പഠനവും പ്രചാരണവുമാണ് ഇതിന് പരിഹാരമെന്നും ഈ നാട് വഴി കാണിക്കുന്നു.
തീവ്രവാദ പ്രവണതകളെ നേരിടുന്നതില്‍ നിലവിലെ കേന്ദ്ര ഭരണകൂടവും സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളും വ്യത്യസ്ത വഴിയാണ് സ്വീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. കമ്യൂണിറ്റി എംഗേജ്‌മെന്റിന്റെ ജനകീയ മാതൃകയാണ് കൗണ്ടറിംഗ് വയലന്റ് എക്‌സ്ട്രിമിസം (സി വി ഇ) മുന്നോട്ട് വെക്കുന്നത്. അമേരിക്കന്‍ പൗരത്വത്തിന്റെ ഉത്കൃഷ്ട ബോധം എല്ലാ വിഭാഗം ജനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതാണ് ആത്യന്തിക വസ്തുത. പ്രജകളേക്കാള്‍ ഭരണാധികാരികളില്‍ ഈ ബോധം ജ്വലിച്ച് നില്‍ക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്