ഉ. കൊറിയയെ സാമ്പത്തികമായി തകര്‍ക്കാന്‍ അമേരിക്ക

Posted on: December 23, 2017 11:12 pm | Last updated: December 23, 2017 at 11:12 pm

യു എന്‍: അന്താരാഷ്ട്ര ഉപരോധങ്ങളും യു എസ് ഭീഷണിയും വകവെക്കാതെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും നിരന്തരം വെല്ലുവിളികള്‍ മുഴക്കുകയും ചെയ്യുന്ന ഉത്തര കൊറിയക്കെതിരായ നടപടി വന്‍ ആഘാതമുണ്ടാക്കിയേക്കും. ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ക്കാനുള്ള തീരുമാനം മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും ഉത്തര കൊറിയ പ്രകോപിതമാകുമെന്നും അമേരിക്ക ഭയപ്പെടുന്നുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ തയ്യാറാകാന്‍ യു എസ് പ്രതിരോധ സെക്രട്ടറി സൈനികരോട് ആവശ്യപ്പെട്ടു. ലോകത്തിന് ആവശ്യം യുദ്ധമല്ല സമാധാനമാണെന്ന് യു എന്നിലെ വോട്ടെടുപ്പോടെ തെളിഞ്ഞതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രമേയം വെള്ളിയാഴ്ചയാണ് രക്ഷാ സമിതി അംഗീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്മാരെ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചയക്കുക, എണ്ണ, കല്‍ക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി ഉത്തര കൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പുതിയ ഉപരോധത്തിലെ വ്യവസ്ഥകള്‍. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു. അമേരിക്കയാണ് ഉപരോധത്തിന്റെ കരട് പ്രമേയം അവതരിപ്പിച്ചത്. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ പാസ്സാക്കുകയായിരുന്നു.

എന്നാല്‍, ഉത്തര കൊറിയയുടെ എണ്ണ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക, കിം ജോംഗ് ഉന്നിന്റെയും ഉത്തര കൊറിയയുടെയും രാജ്യാന്തര സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ രക്ഷാ സമിതി പാസാക്കിയ നിരോധന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ രണ്ട് തവണ ഉത്തര കൊറിയക്കെതിരെ യു എന്‍ പ്രമേയം പാസാക്കിയിരുന്നെങ്കിലും വീണ്ടും ശക്തമായ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ ഇതിനെ നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ തീരുമാനിച്ചത്.

ഉത്തര കൊറിയയുടെ അടുത്ത സാമ്പത്തിക സൗഹൃദരാജ്യമായ ചൈനക്കാണ് പുതിയ ഉപരോധം നടപ്പിലാക്കാനുള്ള കൂടുതല്‍ ബാധ്യതയുള്ളത്. ചൈനയില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ ഉത്പന്നങ്ങളുടെ തോത് ഗണ്യമായി കുറക്കുകയും നിത്യോപയോഗങ്ങള്‍ക്ക് മാത്രമുള്ള എണ്ണ എത്തിക്കുകയും ചെയ്യുകയെന്നതാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യംവെക്കുന്നത്. ഇങ്ങനെ ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ക്കുകയെന്നതാണ് യു എന്നിന്റെ ഗുഢലക്ഷ്യം.

ഉത്തര കൊറിയയിലേക്കുള്ള 90 ശതമാനത്തോളം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. 15 അംഗ സഭയില്‍ ഐകകണ്‌ഠേനയാണ് ഉത്തര കൊറിയക്കെതിരായ ബില്‍ പാസായത്. ഔദ്യോഗിക കണക്കനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 93,000 ഉത്തര കൊറിയന്‍ പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ അയക്കുന്ന പണം സര്‍ക്കാറിനെ ആയുധങ്ങള്‍ വാങ്ങുന്നതിലേക്ക് നയിക്കുന്നുവെന്നുമാണ് യു എന്നില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ രാജ്യങ്ങളിലെയും ഉത്തര കൊറിയന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വിസ നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്.