ബ്ലേഡ് മാഫിയക്കെതിരെ റെയ്ഡ്; 26 പേര്‍ അറസ്റ്റില്‍

Posted on: December 23, 2017 8:48 pm | Last updated: December 24, 2017 at 12:51 pm

കൊച്ചി: മധ്യകേരളത്തില്‍ കൊള്ളപ്പലിശ സംഘങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രികള്‍ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റില്‍. ‘ഓപറേഷന്‍ ബ്ലേഡ്’ എന്ന പേരില്‍ നടന്ന മിന്നല്‍ പരിശോധന മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു. റെയ്ഡില്‍ നിരവധി രേഖകളും ചെക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരള മണി ലെന്‍ഡേഴ്‌സ് ആക്ട്, കേരള പ്രൊഹിബിഷന്‍ ഓഫ് ചാര്‍ജ് എക്സൊര്‍റ്റേഷന്‍ ഇന്ററെസ്റ്റ് ആക്ട് പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ക്രിസ്മസ്- പുതുവത്സരത്തിനോടനുബന്ധിച്ച് പലിശക്കാര്‍ സജീവമായ സാഹചര്യത്തിലായിരുന്നു പോലീസിന്റെ നടപടി.
ഐ ജി. പി വിജയന്റെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. ഇടുക്കിയില്‍ 26 പവന്‍ സ്വര്‍ണാഭരണങ്ങളും കോട്ടയത്ത് നാല് കാറുകളും കൊച്ചി സിറ്റിയില്‍ 2.51 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവ കൊള്ളപ്പലിശ കൊടുക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് അന്യായമായി പിടിച്ചെടുത്ത് കൈവശം വെച്ചതാണ്.

 

കൊച്ചി സിറ്റിയില്‍ പതിനാറ് ഇടങ്ങളിലും എറണാകുളം റൂറലില്‍ 53 ഇടങ്ങളിലും പരിശോധന നടന്നു. വീടുകളും സ്ഥാപനങ്ങളും ഇവയില്‍പ്പെടും. എറണാകുളം ജില്ലയില്‍ ഒമ്പത് കേസുകളിലായി നാല് പേര്‍ അറസ്റ്റിലായി. റൂറലില്‍ 95,570 രൂപ കണ്ടെടുത്തു. ആലപ്പുഴ ജില്ലയില്‍ 97 റെയ്ഡുകള്‍ നടന്നു. കോട്ടയത്ത് 106 റെയ്ഡുകളിലായി 22 കേസുകളെടുത്തു. ഇവിടെ പതിനാറ് പേരാണ് പിടിയിലായത്.
ഇടുക്കിയില്‍ 88 റെയ്ഡുകളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേര്‍ അറസ്റ്റിലായി. ഒമ്പത് മുദ്രപത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും പിടിച്ചെടുത്തു.