പ്രകൃതിക്ഷോഭ മുന്നറിയിപ്പ് കൃത്യമായി നല്‍കാന്‍ പുതിയ സാങ്കേതിക വിദ്യ ആര്‍ജിക്കണം- മന്ത്രി

Posted on: December 23, 2017 9:35 pm | Last updated: December 23, 2017 at 9:35 pm

കാസര്‍കോട്: ദുരന്തനിവാരണ മുന്നറിയിപ്പുകള്‍ തക്ക സമയത്ത് കൃത്യമായി നല്കുന്നതിന് നമ്മുടെ രാജ്യം പുതിയ അറിവും സാങ്കേതിക വിദ്യയും കൂടുതല്‍ ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നീലശ്വരം റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ തേജസ്വിനി ഇന്റര്‍നെറ്റ് റേഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി പോലുള്ള പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയണം. നമ്മുടെ രാജ്യം വിവരസാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് കൂടുതല്‍ സാങ്കേതികപുരോഗതി നേടേണ്ടത് അനിവാര്യമാണ്. അപര്യാപ്തതയില്‍ ആരെയും പരസ്പരം കുറ്റപ്പെടുത്തേണ്ടതില്ല. പൊതുജനങ്ങള്‍ക്ക് യഥാര്‍ത്ഥവിവരങ്ങള്‍ കൃത്യമായി കൈമാറുന്നതിന് ആരംഭിച്ച തേജസ്വിനി റേഡിയോ ഭാവനാപൂര്‍ണമായ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് നേതൃത്വം നല്‍കിയ കലക്ടറെ മന്ത്രി അഭിനന്ദിച്ചു. നീലശ്വരം റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ പദ്ധതി അവതരിപ്പിച്ചു.