Connect with us

Gulf

ഐക്യരാഷ്ട്ര സമാധാന ചട്ടങ്ങള്‍ ലംഘിച്ചാണ് ഉപരോധം തുടരുന്നതെന്ന് ഖത്വര്‍

Published

|

Last Updated

ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ താനി യു എന്നില്‍ സംസാരിക്കുന്നു

അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് ഖത്വറിനെ ഒറ്റപ്പെടുത്തുക ലക്ഷ്യം വെച്ച് അയല്‍ രാജ്യങ്ങള്‍ ഉപരോധം തുടരുന്നതെന്ന് ഖത്വര്‍ ആവര്‍ത്തിച്ചു. തെളിവുകളില്ലാത്തതും നീതികരിക്കാന്‍ സാധിക്കാത്തതുമായ ഏകപക്ഷീയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനമാണിത് എന്നും ഐക്യരാഷ്ട്രസഭയിലെ ഖത്വറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ താനി പറഞ്ഞു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടന്ന രാജ്യാന്തര സമാധാനവും സുരക്ഷയും നേരിടുന്ന സമകാലിക വെല്ലുവിളികളെ നേരിടുന്നതു സംബന്ധിച്ച് സെക്യൂരിറ്റി കൗണ്‍സില്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സുരക്ഷയെ നേരിടുന്നതിലെ വെല്ലുവിളികളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാല തര്‍ക്കങ്ങളും സമീപകാല പ്രശ്‌നങ്ങളുടെയും അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. വിവിധ സ്വഭാവത്തിലുള്ള ഭീകരവാദങ്ങളും തീവ്രവാദങ്ങളും ഉണ്ടാകുന്നു. ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. തര്‍ക്കങ്ങള്‍ ഇല്ലാതാക്കുന്നതിനും കാഴ്ചപ്പാടുകളുണ്ടാകണം. കാലികമായ വെല്ലുവിളികളെ നേരിടുന്നതിന് ഗൂണപരമായ സംഭാവനകളാണ് എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ലോകം നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കുന്നതിന് ഏറ്റുമുട്ടലുകള്‍ക്കു പകരം സമാധാന സംഭാഷണങ്ങളാണ് നടക്കേണ്ടത്. പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നം അവര്‍ പറഞ്ഞു.

രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും സംഭാഷണങ്ങള്‍ മതിയായ പരിഹാരമാണ്. സംഭാഷണങ്ങളുണ്ടായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുകയും അസ്ഥിരത വര്‍ധിക്കുകയും ചെയ്യും. പ്രതിസന്ധികളെയും തര്‍ക്കങ്ങളെയും മറികടക്കുന്നതിന് കൂട്ടായ പരിശ്രമങ്ങളും സംഭാഷണങ്ങളുമാണ് വേണ്ടതെന്നാണ് ഖത്വറിന്റെ നിലപാട്. ഐക്യരാഷ്ട്രസഭ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരമായിരിക്കണം പ്രശ്‌നപരിഹാര സംഭാഷണങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്വത്തിലുള്ള പ്രശ്‌ന പരിഹാര സമിതികളില്‍ സജീവമായി പങ്കെടുത്തു വരുന്ന രാജ്യമാണ് ഖത്വര്‍ എന്നും അവര്‍ എടുത്തു പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മറ്റു പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം തേടുന്നതില്‍ യു എന്‍ സമിതികള്‍ നടത്തുന്ന പരിശ്രമത്തില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

 

Latest