സ്മാര്‍ട് ദുബൈ ഓഫീസ് ആഗോള നിലവാരമുള്ളതെന്ന് അധികൃതര്‍

Posted on: December 23, 2017 7:36 pm | Last updated: December 23, 2017 at 7:36 pm

ദുബൈ: ദുബൈ സ്മാര്‍ട് ഓഫീസ് ആഗോള തലത്തില്‍ പ്രശസ്തമായെന്ന് അധികൃതര്‍. സ്മാര്‍ട് ദുബൈ ഗവണ്‍മെന്റ് എസ്റ്റാബ്ലിഷ്മെന്റ് കോണ്‍ടാക്ട് സെന്ററിന് ഐ എസ് ഒ 18295 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്.

ആഗോള തലത്തില്‍ ആദ്യമായാണ് ഗവണ്‍മെന്റ് സംവിധാനങ്ങളുടെ സ്മാര്‍ട് സൗകര്യങ്ങള്‍ക്ക് ഐ എസ് ഒ പുരസ്‌കാരം ലഭിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആണ് മികച്ച സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഐ എസ് ഒ പുരസ്‌കാരം നല്‍കുന്നത്. മേഖലയില്‍ ആദ്യമായി, യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കോണ്‍ടാക്ട് അസോസിയേഷന്‍ ഏര്‍പെടുത്തിയ മികച്ച സംവിധാങ്ങള്‍ക്കുള്ള പുരസ്‌കാരവും സ്മാര്‍ട് കോണ്‍ടാക്ട് സെന്റര്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ച രീതിയില്‍ സേവനങ്ങള്‍ ഒരുക്കുകയും ലോകോത്തര സൗകര്യങ്ങള്‍ തയാറാക്കുകയും ചെയ്തതിനാണ് പുരസ്‌കാരം. സ്മാര്‍ട് ദുബൈ ഏര്‍പെടുത്തിയ മികച്ച സൗകര്യങ്ങള്‍ക്കാണ് ഐ എസ് ഒ പുരസ്‌കാരം. സ്മാര്‍ട് ദുബൈ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ആഗോള തലത്തില്‍ അംഗീകരിച്ചതിന്റെ സാക്ഷ്യപത്രമായാണ് പുരസ്‌കാരത്തെ കാണുന്നതെന്നും സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍ പറഞ്ഞു. ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം സേവനങ്ങള്‍ക്ക് ഉപഭോക്ത സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും പുരസ്‌കാരം നേടുന്നതിന് വഴിയൊരുക്കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.