കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു കുറ്റക്കാരന്‍

Posted on: December 23, 2017 12:00 pm | Last updated: December 23, 2017 at 9:13 pm

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജനുവരി മൂന്നിന് ശിക്ഷ വിധിക്കും.

900 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ ശിക്ഷിച്ചത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത് ആറ് കേസുകളില്‍ രണ്ടാമത്തെ കേസാണിത്. നേരത്തെ ചായ്ബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസില്‍ ലാലു ഉള്‍പ്പെടെ 45 പേരെ പ്രത്യേക കോടതി 2013ല്‍ ശിക്ഷിച്ചിരുന്നു. അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ലാലുവിന് ലോക്‌സഭാംഗത്വം നഷ്ടപ്പെടുകയും പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരുകയും ചെയ്തിരുന്നു.

വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് കോടതിയിലെത്തിയിരുന്നു.
കാലിത്തീറ്റ കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ലാലു പ്രസാദ് യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.