Connect with us

Kerala

ബാലനീതി നിയമത്തിലെ സങ്കീര്‍ണത: നൂറിലധികം അനാഥാലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി

Published

|

Last Updated

സംസ്ഥാന ബാല നീതി നിയമത്തിലെ സങ്കീര്‍ണത ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് അടുത്തിടെയായി സംസ്ഥാനത്ത് 100 ലധികം അനാഥ മന്ദിരങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് അനാഥാലയങ്ങള്‍ക്ക് മേല്‍ ബാലനീതി നിയമപ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന ഹൈക്കോടതി വിധി വന്നത്. എന്നാല്‍ വിധിക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് 100 ലധികം അനാഥ മന്ദിരങ്ങള്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി 100 ലധികം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ലഭിച്ചതായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്ത കണക്ക് പ്രകാരം പ്രവര്‍ത്തനം അവസാനിപ്പിച്ച അനാഥ മന്ദിരങ്ങളുടെ എണ്ണം നൂറിലധികം വരും. അതേസമയം ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധി ആശ്വാസകരമാണെങ്കിലും ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അനാഥാലയങ്ങളില്‍ ബാല നീതി നിയമം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കോടതി വ്യക്തക്കിയിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബാല നീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ സ്ഥാപന നടത്തിപ്പുകാര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥയുടെ കാര്യത്തില്‍ കോടതി കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലും ബാലനീതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഒപ്പം 25 ജീവനക്കാര്‍ വേണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു സ്ഥാപനങ്ങള്‍ അനാഥലയങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉപേക്ഷിച്ചത്.

എന്നാല്‍ സര്‍ക്കാറിന്റെ സഹായമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന സ്ഥാപനങ്ങളില്‍ ബാലനീതി നിയമത്തിലെ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി അനാഥാലയ മന്ദിരം നടത്തിപ്പുകാര്‍ക്ക് ഏറെ ഗുണകരമാകും. കേരള ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഉള്‍പ്പെടെ 18 ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.

 

---- facebook comment plugin here -----

Latest