Connect with us

Articles

മോദിയെ തോല്‍പ്പിക്കാന്‍ കഴിയും; പക്ഷേ എങ്ങനെ, ആര്‍ക്ക്?

Published

|

Last Updated

ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലത്തെപ്പറ്റി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ ഫലം നല്‍കുന്ന സൂചനകള്‍ ഓരോരുത്തരും തങ്ങളുടെ ഇഷ്ടപ്പടി വ്യാഖ്യാനിക്കുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി എന്നത് ഗുജറാത്തില്‍ പോലും അപ്രതിരോധ്യമല്ല, അഥവാ തോല്‍പ്പിക്കപ്പെടാവുന്ന ഒന്നാണ് എന്നതാണ് വിധി നല്‍കുന്ന ഏറ്റവും പ്രധാന സൂചന എന്ന് പറയാം. ഇതൊരു ചെറിയ കാര്യമല്ല. ആറു തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ഏറ്റവും കുറവ് സീറ്റ് കിട്ടിയ തിരഞ്ഞെടുപ്പാണിത്. മോദിയുടെ അന്തിമ പരാക്രമങ്ങള്‍ ആണ് അവിടെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് എന്ന് തീര്‍ച്ച. പാര്‍ട്ടി തോല്‍ക്കുക എന്നാല്‍ ഗുജറാത്തിന്റെ മകനായ ഞാന്‍ തോല്‍ക്കുക എന്നാണര്‍ഥം എന്ന് വിളിച്ചു പറയേണ്ടിവന്നു മോദിക്ക്. ഗുജറാത്ത് മോഡല്‍ വികസനം എന്നതിന്റെ പൊള്ളത്തരം അവിടെ കണ്ടു. ഈ പറയുന്ന വികസനം ഗുജറാത്ത് ഗ്രാമങ്ങളില്‍ എത്തിയിട്ടില്ലെന്നും തിരിച്ചറിഞ്ഞു. സമീപകാലത്ത് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിക്കുന്നവര്‍ക്ക് വളരെ ഉയര്‍ന്ന ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിരുന്നു. ഡല്‍ഹി, ബീഹാര്‍, യു പി, പശ്ചിമ ബംഗാള്‍, പഞ്ചാബ് മുതലായവ ഉദാഹരണങ്ങള്‍. പക്ഷേ, ഗുജറാത്തില്‍ അതുണ്ടായില്ല എന്നതും ഒരു സൂചനയാണ്.

കോണ്‍ഗ്രസ് ഇതില്‍ നിന്നും എന്തെങ്കിലും പാഠങ്ങള്‍ പഠിക്കുമോ എന്നതാണ് ആദ്യമായി എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം. 2019ല്‍ എന്ത് സംഭവിക്കും എന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും ചിന്ത. മോദിക്ക് ഇനി ഒരവസരം കൂടി കിട്ടാനുള്ള സാധ്യതയാണ് തടയപ്പെടേണ്ടത് എന്ന് ചിന്തിക്കുന്നവര്‍ മഹാഭൂരിപക്ഷമാണ്. പക്ഷേ, അവര്‍ പല തലങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതാണ് മോദിയുടെ ധൈര്യവും. ഗുജറാത്തില്‍ തന്നെ കുറച്ചു കൂടി തന്ത്രപരമായി കോണ്‍ഗ്രസ് ഇടപെട്ടിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. കണക്കുകള്‍ വെച്ച് അത് ശരിയുമാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍ സി പിയെപ്പോലും കൂടെ നിര്‍ത്താന്‍ അവര്‍ക്കായില്ല. അതിനവര്‍ കുറ്റം പറയുന്നത് മറ്റു പലരെയുമാണ്. കോണ്‍ഗ്രസുമായി ഒരുമിക്കാന്‍ ഒരു സാധ്യതയുമില്ലെന്നറിയാമായിരുന്നിട്ടും ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഒരു നിലപാടെടുത്തു. എവിടെയൊക്കെ ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുണ്ടോ അവിടെയെല്ലാം അവര്‍ക്ക് വോട്ടുചെയ്യണം എന്ന് അരവിന്ദ് കെജ്‌രിവാള്‍ പൊതുയോഗത്തില്‍ തന്നെ ആവശ്യപ്പെട്ടു. അതില്‍ ചിലയിടത്തെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കിലും അവര്‍ ജയിക്കാന്‍ സാധ്യതയില്ലെങ്കില്‍ ജയിക്കാവുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ ഇന്ത്യയില്‍ മറ്റൊരു നേതാവും തയ്യാറാകില്ല. പലരും ഒളിഞ്ഞ ഇടപാടുകള്‍ക്ക് പോയേക്കാം. പക്ഷേ, എ എ പി അതിനു തയ്യാറല്ല. കെജ്‌രിവാളിന്റെ ഈ തീരുമാനം കുറെ പ്രവര്‍ത്തകരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ തമ്മിലല്ല; മറിച്ച് മോദിയും ജനങ്ങളും തമ്മിലാണ് എന്ന്. ഈ തീരുമാനം മൂലം പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു വളരെ കുറഞ്ഞു. കോണ്‍ഗ്രസ് കുറഞ്ഞ വോട്ടിനു തോറ്റ മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ പാര്‍ട്ടി മത്സരിച്ചിരുന്നുള്ളൂ. അവിടെ കിട്ടിയത് കേവലം 230 വോട്ടുകള്‍ മാത്രം. എന്നിട്ടും ചില കോണ്‍ഗ്രസുകാര്‍ അവര്‍ തോറ്റതിനുള്ള കാരണക്കാരുടെ കൂട്ടത്തില്‍ എ എ പിയെയും ഉള്‍പ്പെടുത്തി എന്നത് അവരുടെ വിചിത്രഭാവം മാത്രം.

കോണ്‍ഗ്രസിനു അവിടെ ഇത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞതിനു മൂന്നു യുവാക്കളാണ് കാരണമായതെന്ന് എല്ലാവരും സമ്മതിക്കും. ജിഗ്‌നേഷ് മേവാനിയും അല്‍പേഷ് താക്കൂറും ഹാര്‍ദിക് പട്ടേലുമാണവര്‍. ഇവരെ പൊതുസമൂഹം കേവലം ചില ജാതിനേതാക്കളായി മാത്രമാണ് അവതരിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ അതില്‍ ശരിയുണ്ട്. പക്ഷേ, അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്രചരണരീതിയും കേവല ജാതി നേതാക്കളുടെതായിരുന്നില്ല. പരസ്പരം കലഹിക്കുന്ന ജാതികളുടെ നേതാക്കളായ അവര്‍ ഉന്നയിച്ചത് പൊതുസമൂഹത്തിന്റെ അഥവാ യുവസമൂഹത്തിന്റെ പ്രശ്‌നങ്ങളായിരുന്നു എന്ന് കാണാം. കേവലം കുറെ ജാതിവാദികളല്ല മറിച്ച് യുവാക്കളായിരുന്നു അവരെ സ്വീകരിച്ചത്. സംവരണം അവരില്‍ ചിലരുടെ ആദ്യ മുദ്രാവാക്യമായിരുന്നു. പക്ഷേ, അവര്‍ യോജിച്ചപ്പോള്‍ അതെല്ലാം പിന്നിലായി. ഗുജറാത്തില്‍ മഹാവികസനം ഉണ്ടായെന്നു മോദി അവകാശപ്പെടുമ്പോഴും എല്ലാ സമുദായങ്ങളിലും പെട്ട യുവാക്കള്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ കിട്ടാതെ അലയുന്നു എന്നവര്‍ തുറന്നുകാണിച്ചു. ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും കര്‍ഷകരുമെല്ലാം അവരുടെ ലക്ഷ്യങ്ങളായി. തീര്‍ത്തും മതനിരപേക്ഷമായി അവര്‍ മോദിയെ നേരിട്ട് വെല്ലുവിളിച്ചു. ഇവര്‍ ഉന്നയിക്കുന്നത്ര പോകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല എന്നതാണ് കോണ്‍ഗ്രസിന് ഭരണം കിട്ടാത്തതിനുള്ള മറ്റൊരു പ്രധാനകാരണം. ജനങ്ങള്‍ നേരിടുന്ന വിഷയങ്ങളില്‍ ഒന്നിലേറെ വര്‍ഷങ്ങളായി തെരുവിലിറങ്ങി ഈ യുവാക്കള്‍ പോരാടുകയായിരുന്നു. അപ്പോഴൊന്നും ഒരു കോണ്‍ഗ്രസ് നേതാവിനെയും ജനങ്ങള്‍ കണ്ടില്ല. അതുകൊണ്ടു തന്നെ കൊണ്‍ഗ്രസിനെ ജനം ഇവരെയെന്നപോലെ വിശ്വസിച്ചില്ല. മടിച്ചു മടിച്ചു പോലും മതേതരം, ദളിത് ന്യുനപക്ഷപീഡനം തുടങ്ങിയ കാര്യങ്ങള്‍ തുറന്നു പറയാന്‍ കോണ്‍ഗ്രസ് ഭയപ്പെട്ടു. അതുകൊണ്ടു തന്നെ ബി ജെ പിക്കുള്ള ബദലായി കൊണ്‍ഗ്രസിനെ അവര്‍ കണ്ടില്ല.

ഇതിനെ മറ്റൊരുവിധത്തിലും കാണാം. കോണ്‍ഗ്രസിനു ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ ജനകീയനായ ഒരു നേതാവും ഗുജറാത്തിലില്ല. മോദിയെ നേരിട്ട് വെല്ലുവിളിക്കാന്‍ ശേഷിയുള്ള ആരുമില്ല. കോണ്‍ഗസിനു സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായപ്പോഴും അവരുടെ പല പ്രധാന നേതാക്കളും തോറ്റുപോയി. അര്‍ജുന്‍ മൊധ്‌വാദിയ, ശക്തിസിന്‍ഹ് ഗൊഹില്‍, തുഷാര്‍ ചൗധരി, സിദ്ധാര്‍ഥ് പട്ടേല്‍ തുടങ്ങിയവരാണ് ഇങ്ങനെ തോറ്റത്. ഒരു പക്ഷേ, അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനിടയുള്ളവരാണിവര്‍ എന്നും ഓര്‍ക്കാം. പഞ്ചാബില്‍ അതുണ്ടായിരുന്നു എന്നത് കോണ്‍ഗ്രസിനു സഹായകമായി. ഗുജറാത്തില്‍ ഇതും അവരുടെ ഒരു ദൗര്‍ബല്യമായിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ ഘടന ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ടു നേടാന്‍ കഴിവുള്ള നേതാക്കള്‍ വളര്‍ന്നുവരാനുള്ള സാധ്യത വളരെ കുറവാണ്.

2019നെ കോണ്‍ഗ്രസും മറ്റു കക്ഷികളും എങ്ങനെ കാണുന്നു എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ഒറ്റക്ക് ഇന്ത്യ പിടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. തീര്‍ച്ചയായും മറ്റു കക്ഷികളുടെ സഹായം വേണ്ടിവരും. ഓരോ സംസ്ഥാനത്തും സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അവിടെയൊക്കെ തന്ത്രപരമായി ഇടപെട്ടു മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കഴിയുമോ എന്നാണു പലരും ഉന്നയിക്കുന്ന ചോദ്യം. അതിനു കോണ്‍ഗ്രസ് തങ്ങളാണ് ഇപ്പോഴും നേതൃത്വത്തില്‍ വരേണ്ടതെന്ന സമീപനം ഉപേക്ഷിക്കേണ്ടിവരും. മിക്കയിടത്തും കോണ്‍ഗ്രസ് ഒരു ജൂനിയര്‍ പങ്കാളി ആകേണ്ടതായി വരും. ഗുജറാത്തില്‍ എന്‍ സി പിക്കു അല്‍പം സീറ്റുകള്‍ നല്‍കി കൂടെ നിര്‍ത്താന്‍ തടസ്സമായത് കോണ്‍ഗ്രസുകാരുടെ സീറ്റ് തര്‍ക്കമാണ്. സ്വന്തം സീറ്റ് വര്‍ധിപ്പിക്കുക എന്നതിനെക്കാള്‍ ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും കിട്ടാവുന്ന സീറ്റുകള്‍ പരമാവധി കുറക്കുക എന്നതാകണം ലക്ഷ്യം.

പക്ഷേ, ഇത് പറയുമ്പോഴും കേവലമായി ചില ഏച്ചുകൂട്ടലുകള്‍ നടത്തിക്കൊണ്ടു ഭരണം പിടിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ മനിഷ്‌സിസോദിയ നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേവലം ഒരു ഐക്യമുന്നണി ഉണ്ടാക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. അവരെ ജനങ്ങള്‍ പെട്ടന്ന് തിരിച്ചറിയും. അദ്ദേഹം ചോദിക്കുന്നു:
ഇപ്പോള്‍, ഇന്ത്യയില്‍ വിശ്വസിക്കാവുന്ന പ്രതിപക്ഷമില്ല. പ്രതിപക്ഷ കൂട്ടായ്മ എന്ന് പറയുന്നത് ഇന്ത്യയില്‍ കേവലം ഒരു കണക്കുകൂട്ടല്‍ മാത്രം. അത് രാഷ്ട്രീയത്തില്‍ പ്രായോഗികമല്ല. അവര്‍ അത് ചെയ്യുന്നത് അധികാരം പങ്കിടാന്‍ വേണ്ടി. അഞ്ചു ലക്ഷ്യങ്ങള്‍ മനസ്സിലുള്ള അഞ്ചു പാര്‍ട്ടികള്‍ക്ക് എങ്ങനെ ഒരു ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റും? പ്രധാനമന്ത്രി ആവണമെന്ന മോഹവുമായി നടക്കുന്ന അഞ്ചു പേര്‍ക്ക് എങ്ങനെ ഒരുമിച്ച് ഒരു തിരഞ്ഞെടുപ്പില്‍ പരസ്പരം വിശ്വാസ്യത പുലര്‍ത്താന്‍ പറ്റും ?

അഴിമതി ഇല്ലാത്ത ഒരു ഇന്ത്യക്ക് വേണ്ടി ഒരു യോജിച്ച പ്രതിപക്ഷം എന്ന മുദ്രാവാക്യം ഏറ്റു വിളിക്കാന്‍ ഇവിടെ ആരൊക്കെ തയ്യാറുണ്ട് ?
സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തി യോജിച്ച പ്രതിപക്ഷം ആവാന്‍ ഇവിടെ ആരുണ്ട്?
ഇതിനൊന്നും ഇവരൊന്നും തയ്യാറല്ല എന്നതാണ് വാസ്തവം. ഏച്ചുകെട്ടിയിട്ടാണെങ്കിലും എങ്ങനെയെങ്കിലും അധികാരം കിട്ടുക എന്നത് മാത്രമാണ് ഇവരുടെയൊക്കെ പ്രതിപക്ഷ ഐക്യം എന്നതിന്റെ ഏക ലക്ഷ്യം.
ഇവരെ ഇന്ത്യയിലെ ജനത വിശ്വസിക്കണമെങ്കില്‍ അവര്‍ക്ക് വിശ്വാസ്യമായ രീതിയിലുള്ള ഒരു പരിപാടി വേണം. അത് നടപ്പിലാക്കാന്‍ തയ്യാറുള്ളവരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഇവക്കെല്ലാം വേണ്ടി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അവര്‍ സഹായിക്കും.