National
ഛത്തീസ്ഗഢില്‍ ഈ വര്‍ഷം അറസ്റ്റിലായത് 14 മാധ്യമപ്രവര്‍ത്തകര്‍

റായ്പൂര്‍: കഴിഞ്ഞ 11 മാസത്തിനിടെ ഛത്തീസ്ഗഢില്‍ 14 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് അംഗം ടി എസ് സിംഗ് ഡിയോയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രാംസേവക് പൈക്രയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 29 വരെയുള്ള കണക്കുകളാണ് സഭയില്‍ വെച്ചത്.
മന്ത്രിയുള്‍പ്പെട്ട ലൈംഗിക സിഡി പ്രചരിപ്പിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാലയളവില്‍ അറസ്റ്റിലായത്. 51കാരനായ വിനോദ് വര്‍മയെ ഉത്തര്‍ പ്രദേശിലെ ഘാസിയാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രിയുടെ എഴുതിത്തയ്യാറാക്കി മറുപടിയില്‍ പറയുന്നു. ബി ജെ പി നേതാവ് പ്രകാശ് ബജാജ് നല്‍കിയ പരാതിയില്‍ റായ്പൂരിലെ പാന്‍ഡ്രി പോലീസാണ് വിനോദ് വര്‍മക്കെതിരെ കേസെടുത്തത്. ഒക്‌ടോബര്‍ 27ന് അദ്ദേഹത്തെ ഘാസിയാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഐ പി സി 384 (അപഹരണം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ മറ്റ് മാധ്യമ പ്രവര്‍ത്തകരില്‍ മൂന്ന് പേര്‍ കൊന്‍ഡഗാവ് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ വീതം ദുര്‍ഗ്, റായ്പൂര്‍ ജില്ലകളില്‍ നിന്നും ഒരാള്‍ വീതം സൂരജ്പൂര്‍, കോരിയ, സുക്മ, മുംഗേലി, ഗരിയാബന്ദ്, കന്‍കെര്‍ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ്.