സമുദ്ര സുരക്ഷ; ദുബൈ നഗരസഭക്ക് പ്രത്യേക കപ്പല്‍

Posted on: December 22, 2017 8:58 pm | Last updated: December 22, 2017 at 8:58 pm

ദുബൈ: കടലിന്റെയും തീരത്തിന്റെയും ഘടനയും മാറ്റങ്ങളും മനസിലാക്കാന്‍ ദുബൈ നഗരഭക്കു പ്രത്യേക കപ്പല്‍. രാജ്യാന്തര സമുദ്രാതിര്‍ത്തിവരെ കപ്പലിന്റെ നിരീക്ഷണ പരിധിയിലായിരിക്കും. ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ മസാഹ് എന്ന പേരിലുള്ള കപ്പലിനു തുടര്‍ച്ചയായി 72 മണിക്കൂര്‍ സഞ്ചരിക്കാനാകും. സൈഡ് സ്‌കാന്‍ സാങ്കേതികവിദ്യയാണു മറ്റൊരു സവിശേഷത . കടലില്‍ മുങ്ങിപ്പോയ വസ്തുക്കള്‍ കണ്ടെത്താനും സ്വഭാവം മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ, ഇവയുടെ ചിത്രം പകര്‍ത്താനും എത്രമാത്രം താഴെയാണെന്നു നിര്‍ണയിക്കാനും സഹായകമാകും.
ഡ്രില്ലിംഗ് ഉള്‍പെടെയുള്ള കടലിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സംവിധാനമുണ്ട്. ജലത്തിന്റെ ഘടനയും രാസ-ജൈവ മാറ്റങ്ങളും തീരപ്രദേശ മേഖലയുടെ പ്രത്യേകതകളും മനസ്സിലാക്കാനാകുമെന്നതാണു മറ്റൊരു നേട്ടം. കൂടുതല്‍ കൃത്യതയോടെ ഇലക്ട്രോണിക് നാവിഗേഷന്‍ മാപ്പ് തയാറാക്കാന്‍ കപ്പലിലെ സംവിധാനങ്ങള്‍ സഹായകമാകുമെന്നു ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. കൃത്യമായ സഞ്ചാരപഥം നിര്‍ണയിക്കാന്‍ സാധിക്കുമെന്നത് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും സഹായകമാകും. ഈ ആവശ്യങ്ങള്‍ക്കുള്ള ഏറ്റവും നൂതന സംവിധാനങ്ങളാണു കപ്പലില്‍ ഉള്ളതെന്നു ജിയോഡെറ്റിക് ആന്‍ഡ് മറൈന്‍ സര്‍വേ സെക്ഷന്‍ മേധാവി ഇമാന്‍ അല്‍ ഖാതിബി പറഞ്ഞു.

കടലിന്റെ അടിത്തട്ടിലെ എക്കല്‍, ഖര കണികകള്‍ തുടങ്ങിയവ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സംവിധാനമുള്ള കപ്പല്‍, കടല്‍സുരക്ഷക്ക് എല്ലാവിധത്തിലും നിര്‍ണായകമാകും. തകര്‍ന്ന കപ്പലിന്റെയോ ബോട്ടുകളുടെയോ ഘടകങ്ങള്‍ അടിത്തട്ടില്‍ മറഞ്ഞുകിടപ്പുണ്ടെങ്കില്‍ എളുപ്പം കണ്ടെത്താം. മറ്റു സാധനങ്ങള്‍, പാറക്കഷണങ്ങള്‍, ജൈവവസ്തുക്കള്‍ എന്നിവയും നൂതന സംവിധാനത്തിന്റെ നിരീക്ഷണ പരിധിയില്‍ വരും.

ഇവയുടെ സാമ്പിള്‍ ശേഖരിച്ചു പ്രത്യേകതകള്‍ മനസിലാക്കാനും സംവിധാനമുണ്ടെന്ന് നഗരസഭാ എന്‍ജിനീയറിംഗ് ആന്‍ഡ് പ്ലാനിംഗ്് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. അടിത്തട്ടിലെ നിമ്‌നോന്നത ഘടനയില്‍ സ്വാഭാവിക നിരീക്ഷണ പരിധിയില്‍ വരാത്ത ഭാഗങ്ങളും സൂക്ഷ്മമായി വിലയിരുത്താനാകും. ജി പി എസ് സംവിധാനം ഉപയോഗിച്ചു ജലയാനങ്ങള്‍ ഉള്‍പെടെ കടലിലെ ഓരോ വസ്തുവിന്റെയും സ്ഥാനവും അതിനു കരയില്‍നിന്നുള്ള അകലവും നിര്‍ണയിക്കാനാകും.