നിരോധനം കര്‍ശനമാക്കി; ഇരു ഹറം പള്ളികളില്‍ ഫോട്ടോ എടുത്താല്‍ ക്യാമറ പിടിച്ചെടുക്കും

Posted on: December 22, 2017 8:54 pm | Last updated: December 22, 2017 at 8:54 pm

അബുദാബി: വിശുദ്ധ മക്ക, മദീന ഹറം പള്ളികളിലും പരിസരങ്ങളിലും വീഡിയോയും ഫോട്ടോയും എടുക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കി. ഇനി മുതല്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവരുടെ സാമഗ്രികള്‍ പിടിച്ചെടുക്കും. സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്ട്രേഷന്‍ അഫയേഴ്സ് വിഭാഗമാണ് നിലവിലെ വിലക്ക് കര്‍ശനമാക്കിക്കൊണ്ട് ഉത്തരവിട്ടത്. ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള വിശ്വാസികളുടെ താത്പര്യം മാനിച്ചാണ് പുതിയ നടപടി. വിലക്കിനെ കുറിച്ച് തീര്‍ഥാടകരെ ബോധവത്കരിക്കുന്നതിന് ഹജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വഹണത്തിനും മറ്റുമായി ഹറമുകളിലെത്തിയിരുന്ന മലയാളികളടക്കമുള്ള ഒരുപാട് പേര്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്.

ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്ട്രേഷന്‍ അഫയേഴ്സ് വിഭാഗം സഊദിയിലെ എല്ലാ വിദേശ രാജ്യങ്ങളെുടെയും നയതന്ത്ര കാര്യാലയങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ഹറമിനകത്തും മദീന പള്ളിയിലും ഫോട്ടോ എടുക്കുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സഊദി ഹജ്ജ് മന്ത്രാലയം നിരന്തരം ബോധവത്കരണവും മറ്റും നല്‍കിയിരുന്നു.