അബുദാബി പോലീസ് ഡ്രൈവറില്ലാ കാറും ഡ്രോണ്‍ ആംബുലന്‍സും അവതരിപ്പിക്കും

Posted on: December 22, 2017 8:51 pm | Last updated: December 22, 2017 at 8:51 pm

അബുദാബി: നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ ഇല്ലാ കാറുകളും ഡ്രോണ്‍ ആംബുലന്‍സുകളും അവതരിപ്പിക്കാന്‍ ഒരുങ്ങി അബുദാബി പോലീസ്. ജന്‍മശതാബ്ദിയില്‍ സേനയുടെ രൂപം എങ്ങനെയായിരിക്കുമെന്നതിന് വ്യക്തമായ രൂപരേഖ ഒരുക്കിയിരിക്കുകയാണ് അബുദാബി പോലീസ്.
നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് ഇനിയും നാല്‍പത് വര്‍ഷം കാത്തിരിക്കണമെങ്കിലും സേന ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി യൂണിഫോം, ബാഡ്ജ്, വാഹനങ്ങളുടെ നിറം എന്നിവയെല്ലാം മാറ്റി പുതിയ രൂപഭാവാദികള്‍ നേടിയ പോലീസിന് മുന്നില്‍ ഇനിയുള്ളത് വലിയ ലക്ഷ്യങ്ങളാണ്. 2057 ആകുമ്പോള്‍ പൊലീസ് വാഹനങ്ങളെല്ലാം ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നവയായിരിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത പൊലീസ് ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. രണ്ട് പേരെ ഒരേസമയം കൊണ്ടുപോകാര്‍ കഴിവുള്ളവയായിരിക്കും ഈ ഡ്രോണ്‍ ആംബുലന്‍സുകള്‍. യാത്രയിലുടനീളം രോഗികളുടെ സ്ഥിതി ആശുപത്രിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യും.

അബൂദബി പോലീസിന്റെ മൊബൈല്‍ ആപിലൂടെ സഹായം ആവശ്യപ്പെടുന്നവര്‍ക്ക് ബാറ്ററിയിലോടുന്ന ഓട്ടോ പൈലറ്റ് ഇലക്ട്രിക് കാറുകള്‍ സഹായത്തിനെത്തും. നിലവില്‍ അഞ്ച് ഹൈഡ്രജന്‍ കാറുകള്‍ വാങ്ങാനുള്ള നീക്കത്തിലാണ് സേന. 2018 ഓടെ ഇവ ലഭിക്കും. 2020 ഓടെ സ്വയം നിയന്ത്രിത പോലീസ് കാറുകള്‍ എത്തും. പോലീസിനായി സ്‌പേസ് സയന്‍സ് ലാബും അധികം വൈകാതെ സ്ഥാപിക്കുന്നുണ്ട്.
ഭാവിയില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള യൂണിഫോം ആയിരിക്കും 10 ശതമാനം പോലീസുകാര്‍ ധരിക്കുന്നത്. 25 ശതമാനം അബൂദബി ജയിലുകള്‍ ഇന്നൊവേഷന്‍ സെന്ററുകളാകും. പത്ത് ശതമാനം വാഹനങ്ങള്‍ ഡ്രൈവര്‍ ഇല്ലാത്തവയുമാകും. പൊലീസിന്റെ പക്കലുള്ള പകുതി കെട്ടിടങ്ങളും വൈദ്യുതി ഉല്‍പാദിപ്പിച്ചു തുടങ്ങും.