ഡല്‍ഹിയില്‍ അഞ്ച് കുട്ടികള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു

Posted on: December 22, 2017 11:59 am | Last updated: December 22, 2017 at 2:56 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 കാരിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജഹാന്‍ഹീര്‍പൂരിലെ മാലിന്യപ്പെട്ടിയുടെ സമീപത്ത് നിന്ന് തന്നെ ചെറുപ്പക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തനിക്കുണ്ടായ ദുരനുഭവം യുവതി കഴിഞ്ഞ ദിവസം ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ഡിസിപി അസ്‌ലം ഖാന്‍ പറഞ്ഞു. യുവതിയുടെ അയല്‍ക്കാരാണ് പ്രതികള്‍. സ്‌കൂള്‍ പഠനം മതിയാക്കിയ ശേഷം ഇവര്‍ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.