Connect with us

National

ടുജി സ്‌പെക്ട്രം കേസ്: എ രാജയും കനിമൊഴിയും ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. മുന്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി എ രാജ, കരുണാനിധിയുടെ മകളും രാജ്യസഭാ എംപിയുമായ കനിമൊഴി ഉള്‍പ്പെടെ 19 പ്രതികളെയാണ് വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈയ്‌നിയാണ് വിധി പ്രസ്താവിച്ചത്.ഒറ്റവരി പ്രസ്താവത്തിലൂടെയാണ് കോടതി വിധി പറഞ്ഞത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ രാജയും കനിമൊഴിയും കോടതിയിലെത്തിയിരുന്നു. കോടതിക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
സിബിഐ അന്വേഷിച്ച രണ്ട് കേസുകളുടെയും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിരിക്കുന്നത്.

എ രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. 2011 നവംബര്‍ പതിനൊന്നിന് ആരംഭിച്ച വിചാരണ കഴിഞ്ഞ ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. 2007-2008 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് 2010ല്‍ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2011ല്‍ എ രാജയെ അറസ്റ്റ് ചെയ്തു.

അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സിഎജി കണ്ടെത്തിയിരുന്നു. 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് വന്‍ വിവാദമുണ്ടാക്കിയ കേസായിരുന്നു ഇത്. യുപിഎ സര്‍ക്കാറിന്റെ പതനത്തിന് വഴിവെച്ചതും ടുജി കേസാണെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. വിധി ഡിഎംകെക്ക് മാത്രമല്ല, കോണ്‍ഗ്രസിനും വലിയ ആശ്വാസമാണ് സമ്മാനിച്ചത്. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.