Connect with us

Gulf

വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ യു എ ഇയുടെ കുതിപ്പ്‌

Published

|

Last Updated

ദുബൈ;ആഭ്യന്തര ഉല്‍പാദന വളര്‍ച്ചക്ക് സമാനമായി വിവിധ മേഖലകളിള്‍ യു എ ഇയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. യുണൈറ്റഡ് നാഷന്‍സ് കൗണ്‍സില്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് (യു എന്‍ സി ടി എ ഡി) പ്രസിദ്ധീകരിച്ച 2017ലെ ആഗോള നിക്ഷേപ റിപ്പോര്‍ട്ട് പ്രകാരം വിദേശനിക്ഷേപമാകര്‍ഷിക്കുന്ന ഏഷ്യയിലെ 11-ാമത്തെ ഏറ്റവും വലിയ രാജ്യമാണ് യു എ ഇ. ബ്രിട്ടന്‍, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പ്രധാനമായും യു എ ഇയില്‍ നിക്ഷേപമിറക്കിയിരിക്കുന്നത്.

2009ല്‍ താഴേക്ക് പോയ യു എ ഇയിലെ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് 2016 ആയപ്പോള്‍ കരുത്തുറ്റതായി. 2015ന്റെ അവസാനത്തില്‍ 10,900 കോടി ഡോളറായിരുന്ന വിദേശനിക്ഷേപം 2016 അവസാനിച്ചപ്പോള്‍ 11,790 കോടി ഡോളറായി ഉയര്‍ന്നു. 890 കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് ഒറ്റവര്‍ഷത്തിനുള്ളില്‍ യു എ ഇ ആകര്‍ഷിച്ചത്. യു എ ഇയുടെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിരതയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. റീടെയില്‍, ഹോള്‍സെയില്‍ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ്, ഉത്പാദന മേഖലകളിലാണ് കൂടുതലായും നിക്ഷേപം.

ബിസിനസിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയായ, വേള്‍ഡ് ബേങ്ക് പ്രസിദ്ധീകരിച്ച ആന്വല്‍ ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട്-2018ല്‍ 190 രാജ്യങ്ങളില്‍ യു എ ഇ 21-ാം സ്ഥാനത്തെത്തി. 2017ല്‍ 26-ാമതായിരുന്നു യു എ ഇ. പട്ടികയില്‍ ഏറെ മുന്നിലുള്ള ജി സി സി രാജ്യവും യു എ ഇയാണ്. ബഹ്‌റൈന്‍-66, ഒമാന്‍-91, ഖത്വര്‍- 83, സഊദി അറേബ്യ-92, കുവൈത്ത്-96 സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ റാങ്ക് 100 ആണ്.

സുസ്ഥിര സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ആധാരമാണ് വിദേശ നിക്ഷേപമെന്ന് യു എ ഇ സാമ്പത്തിക കാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തിന് (ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ്- എ ഐ എം) മുന്നോടിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ഏപ്രില്‍ ഒന്‍പതു മുതല്‍ 11 വരെയാണ് സമ്മേളനം.
സുസ്ഥിര വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് വിദേശ നിക്ഷേപം. ഇതിന്റെ നേട്ടം ഫലപ്രദമായി ലഭിക്കണമെങ്കില്‍ വികസനകാഴ്ചപ്പാടുകള്‍ക്കതീതമായി വിദേശനിക്ഷേപത്തെ പിന്തുണക്കുന്ന ശരിയായ നയവും ചട്ടക്കൂടും ഓരോ രാജ്യവും തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ആശ്രയിച്ചുകൊണ്ടാണ് ലോകം ഇന്ന് മുന്നോട്ടുപോകുന്നത്. ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അത് മറ്റുള്ളവരെ കൂടി ബാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. പൊതുവായ വെല്ലുവിളികളെയാണ് യു എ ഇ അഭിമുഖീകരിക്കുന്നത്. മറ്റു ഭരണകൂടങ്ങളുമായും സ്വകാര്യ മേഖലയുമായുള്ള പരസ്പര കൂട്ടുപ്രവര്‍ത്തനത്തിലൂടെ ഇതിനെ അതിജയിക്കാനാകും. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമായ ഭാവി കെട്ടിപ്പടുക്കാന്‍ ഇതിലൂടെ സാധിക്കുകയും അവര്‍ക്ക് സന്തോഷകരമായ ജീവിതവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനാകുമെന്നും അല്‍ മന്‍സൂരി വ്യക്തമാക്കി.
എ ഐ എം ആഗോള സമ്മേളനത്തിലും പ്രദര്‍ശനത്തിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സികള്‍, ഗവണ്‍മെന്റ് സ്ഥാപന പ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ബിസിനസ് കൗണ്‍സില്‍, ബിസിനസ് ഗ്രൂപ്പുകള്‍, സ്വകാര്യ മേഖലാ പ്രതിനിധികള്‍, ബേങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 141 രാജ്യങ്ങളില്‍ നിന്നായി 535 പ്രദര്‍ശകരും 19,000ത്തിലേറെ സന്ദര്‍ശകരും എത്തും.
ചൈന, ഈജിപ്ത്, ഇന്ത്യ, മൊറോക്കോ, നൈജീരിയ, റഷ്യ, സഊദി അറേബ്യ, ഉക്രൈന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി ഈ വര്‍ഷത്തെ വാര്‍ഷിക നിക്ഷേപ സംഗമം വഴിവെക്കും.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സുഗമമായ കര-സമുദ്ര-വ്യോമ ഗതാഗത സൗകര്യം, വൈവിധ്യവും സവിശേഷവുമായ 31 സ്വതന്ത്ര വ്യാപാര മേഖലകള്‍, കരുത്തുറ്റ ബേങ്കിംഗ് മേഖല, വൈവിധ്യപൂര്‍ണമായ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്ന നവീകരിച്ച നിയമ വ്യവസ്ഥ, സമ്പുഷ്ടമായ വാണിജ്യാന്തരീക്ഷം, തൊഴില്‍ ശക്തിക്കനുയോജ്യമായ സാംസ്‌കാരിക വൈവിധ്യം തുടങ്ങിയവയാണ് യു എ ഇയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

 

Latest