അത്യാഹിതങ്ങള്‍ നേരിടുന്നതിന് ഡി എച്ച് എയുടെ പുതിയ സംവിധാനം

Posted on: December 20, 2017 7:38 pm | Last updated: December 20, 2017 at 7:38 pm
അവന്‍സാ സൊല്യൂഷന്‍സും ദുബൈ ഹെല്‍ത് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍

ദുബൈ: ദുബൈ നഗരത്തില്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്മെന്റ് സെന്റര്‍ ഒരുക്കാന്‍ ദുബൈ ഹെല്‍ത് അതോറിറ്റി. പദ്ധതിയുടെ നടത്തിപ്പിനായി അവന്‍സാ സൊല്യൂഷന്‍സുമായി ഡി എച്ച് എ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഡി എച്ച് എ ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാതമി, അവന്‍സ സൊല്യൂഷന്‍ മാനേജിഗ് ഡയറക്ടര്‍ വഖാസ് മിര്‍സ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. ദുബൈ നഗരത്തെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമാക്കുന്നതിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങള്‍ തമ്മില്‍ ഏകോപിച്ചാണ് പ്രവര്‍ത്തനം.

ഹോസ്പിറ്റലുകളില്‍ ബെഡുകള്‍ ഒഴിവുള്ളത്, ആശുപത്രിയിലെ സജ്ജീകരണങ്ങള്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതോടെ പരിചരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കല്‍ എന്നിവ പദ്ധതിയിലൂടെ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ ഹൃദയ സ്തംഭനം മൂലം അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്ന രോഗികള്‍ക്കടക്കം മികച്ച രീതിയില്‍ ചികിത്സ പെട്ടെന്ന് ഒരുക്കുന്നതിന് കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.