ലാവ്‌ലിന്‍; പിണറായി വിജയനെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Posted on: December 19, 2017 10:34 pm | Last updated: December 20, 2017 at 11:35 am

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അപ്പീലില്‍ സിബിഐ പറയുന്നു. അപ്പീല്‍ നല്‍കാനുള്ള കാലാവധി കഴിഞ്ഞതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണു സിബിഐ അപ്പീല്‍ നല്‍കിയത്.

 

വിചാരണയ്ക്കു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ അപ്പീല്‍ നല്‍കിയത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ അപ്പീലില്‍ പറയുന്നു.

 

പിണറായി വൈദ്യുതി മന്ത്രിയായിരുന്ന 199698 കാലഘട്ടത്തില്‍ കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതു സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണു കേസ്. പിണറായി വിജയന്‍, മുന്‍ വൈദ്യുതി സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് അനുകൂലമായി ഓഗസ്റ്റ് 23നാണു ഹൈക്കോടതി വിധി വന്നത്.