Connect with us

Kerala

സര്‍ക്കാറിനെതിരെ കെ പി സി സി പ്രക്ഷോഭത്തിന്

Published

|

Last Updated

തിരുവനന്തപുരം: പടയൊരുക്കം നല്‍കിയ ആത്മവിശ്വാസം മുതല്‍ക്കൂട്ടാക്കി സര്‍ക്കാറിനെതിരെ ശക്തമായി നീങ്ങാന്‍ കെ പി സി സി. വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയാകുന്ന കവര്‍ച്ചകള്‍ മുതല്‍ കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ മുടങ്ങിയതുവരെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് തീരുമാനം. റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന കെ പി സി സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, ഡി സി സി പ്രസിഡന്റുമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ കവര്‍ച്ചകള്‍ പോലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നതുകൊണ്ടാണെന്ന് യോഗം വിലയിരുത്തി. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും യോഗം രാഷ്ട്രീയ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തിയതായി തീരുമാനങ്ങള്‍ വിശദീകരിച്ച കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശിക നല്‍കാത്തതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും മുഖ്യ ആയുധമാക്കും.കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം നടത്താന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി വി അന്‍വര്‍ എം എല്‍ എ, ജോയ്‌സ് ജോര്‍ജ് എം പി എന്നിവരുടെ ഭൂമി കൈയേറ്റത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കും. ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍വകക്ഷി യോഗത്തില്‍ സമ്മതിച്ച പ്രകാരം 25 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം നല്‍കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ ശക്തമായ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അടുത്ത വര്‍ഷം ജനുവരി 17ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ധര്‍ണ നടത്തും.

ഓഖി ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കുന്നതിനും പുന:രധിവാസം വേഗത്തിലാക്കാനുമായി ഈ മാസം 29 മുതല്‍ 31 വരെ സംസ്ഥാനത്തെ ഏഴ് തീരദേശ ജില്ലകളില്‍ ഡി സി സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പദയാത്രകള്‍ നടത്തും. അതോടൊപ്പം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. ഒപ്പം ഈ മാസം 20 മുതല്‍ ഒരാഴ്ച പൊതുജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് അനുഭാവികളില്‍ നിന്നും ഫണ്ട് പിരിച്ച് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്നും ഹസന്‍ അറിയിച്ചു.

 

Latest