എന്നിട്ടും കോണ്‍ഗ്രസ്

ഗുജറാത്തില്‍ ബി ജെ പിയെ വെല്ലുവിളിക്കാവുന്ന പ്രതിപക്ഷമായി കോണ്‍ഗ്രസ് എത്തിയെന്നത്, ദേശീയതലത്തില്‍ പ്രധാനമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുകയും ബി ജെ പിയെ അപേക്ഷിച്ച് 27 ശതമാനം വോട്ട് കുറയുകയും ചെയ്ത കോണ്‍ഗ്രസ്, ശക്തമായി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മോദിയുടെ നാട്ടില്‍, വികസനത്തിന്റെ മാതൃകയായി അവതരിപ്പിക്കപ്പെട്ട ദേശത്ത്, മോദിക്കൊപ്പം നില്‍ക്കാവുന്ന നേതാവ് രാജ്യത്തില്ലെന്ന വലിയ പ്രചാരണത്തിന്റെ അന്തരീക്ഷത്തില്‍, അതിനെയൊക്കെ തളച്ചിടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും സാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണ് ഫലം. സ്വന്തം നാട്ടില്‍, അത്യധ്വാനം ചെയ്തിട്ടും വിജയത്തിന് തിളക്കം കുറഞ്ഞത് മോദിക്ക് ഇതര സംസ്ഥാനങ്ങളിലുള്ള സ്വീകാര്യത കുറയാന്‍ കാരണമായേക്കും. മോദി - അമിത് ഷാ സഖ്യത്തിനെതിരെ ബി ജെ പിക്കുള്ളില്‍ ഉയരുന്ന വിമത സ്വരം ശക്തമാകാനും ഇത് വഴിവെച്ചേക്കും.            
Posted on: December 19, 2017 6:13 am | Last updated: December 19, 2017 at 6:57 pm

ഗുജറാത്തില്‍ ആറാം തവണ അധികാരം നിലനിര്‍ത്തിയിരിക്കുന്നു ബി ജെ പി. ഹിമാചല്‍ പ്രദേശില്‍ ഒരിടവേളക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഗംഭീര വിജയത്തിന് പിറകെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി വിജയിക്കാന്‍ സാധിച്ചത് ആ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2019ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഹിമാചലിലെ ബി ജെ പിയുടെ വിജയം വലിയ അത്ഭുതം സമ്മാനിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരായ വികാരം, മുഖ്യമന്ത്രി വീരഭദ്ര സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഒക്കെ സൃഷ്ടിച്ച സാഹചര്യത്തിന്റെ സ്വാഭാവിക പരിണതി മാത്രമാണത്.

ഗുജറാത്തില്‍ അതായിരുന്നില്ല സ്ഥിതി. ഭിന്നമായൊരു രാഷ്ട്രീയ പരീക്ഷണത്തിന്റെ വേദിയായിരുന്നു ഇക്കുറി അവിടം. 22 വര്‍ഷത്തെ ഭരണത്തിന് ശേഷം ബി ജെ പി നിഷ്‌കാസനം ചെയ്യപ്പെട്ടേക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ വികാരം ശക്തമായുണ്ടായി. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് രംഗത്തുവന്ന ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസിനൊപ്പം നിന്നു. പട്ടേലുമാരുടെ സംവരണാവശ്യത്തെ എതിര്‍ത്ത് രംഗത്തുവന്ന പിന്നാക്ക സമുദായ നേതാവ് അല്‍പ്പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവധ നിരോധത്തിന്റെ പേരിലും അല്ലാതെയും ദളിതുകള്‍ക്കു നേര്‍ക്കുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനെ പിന്തുണച്ചു. 1995ന് ശേഷം നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടുവെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വലിയ ഇടിവുണ്ടായിരുന്നില്ലെന്ന് മാത്രമല്ല ക്രമേണ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. 2012ല്‍ നാല്‍പ്പത് ശതമാനത്തോളം വോട്ട് സമാഹരിക്കാന്‍ സാധിച്ച കോണ്‍ഗ്രസിന്, ഇവരുടെ പിന്തുണ കൂടി ലഭിച്ചതോടെ, ബി ജെ പിയെ പരാജയപ്പെടുത്താനാകുമെന്ന പ്രതീക്ഷ ഉണര്‍ന്നിരുന്നു. അതിനെ മറികടക്കാന്‍ ബി ജെ പിക്ക് സാധിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ, ഗുജറാത്തിനെക്കുറിച്ച് വലിയ അവകാശവാദം ബി ജെ പി ഉന്നയിച്ചിരുന്നു. ആകെയുള്ള 182 സീറ്റില്‍ 150 സീറ്റ് തങ്ങള്‍ നേടുമെന്നാണ് ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റും ഗുജറാത്തില്‍ നിന്നുള്ള നേതാവുമായ അമിത് ഷായും അവിടുത്തെ മുഖ്യമന്ത്രി വിജയ് രൂപാണിയും അവകാശപ്പെട്ടത്. അതിനടുത്തെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. 2012ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച 115 സീറ്റ് നിലനിര്‍ത്താനും സാധിച്ചില്ല. ഈ സാഹചര്യം ഗുജറാത്ത് രാഷ്ട്രീയത്തെ സംബന്ധിച്ചും ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചും പ്രധാനമാണ്. ബി ജെ പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ ശക്തി കേന്ദ്രത്തില്‍ അവരുടെ ജനപിന്തുണയില്‍ വിള്ളല്‍ വീണിരിക്കുന്നു. ഗുജറാത്തില്‍ മുപ്പതോളം റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ വലിയ ഓട്ടപ്രദക്ഷിണം മോദി നടത്തി. അഹമ്മദാബാദിലെ റാലി, സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടപ്പോള്‍ സീ പ്ലെയിന്‍ വാടകക്കെടുത്ത് ഇതര ഇടങ്ങളില്‍ പ്രചാരണത്തിനെത്താന്‍ മോദി തയ്യാറായ കാഴ്ച കണ്ടു. ഇത്രയും കഠിനമായ പ്രയത്‌നം നരേന്ദ്ര മോദി നടത്തുകയും ഗുജറാത്തിന്റെ മകനാണ് താനെന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആത്മാഭിമാനമുള്ള ഗുജറാത്തി സഹിക്കില്ലെന്നും പ്രചാരണം നടത്തുക വഴി പ്രാദേശിക വികാരം ഉണര്‍ത്തിവിടാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അത് പ്രതീക്ഷിച്ച വിധത്തില്‍ ഫലം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ഡിസംബര്‍ എട്ടിനും പതിനാലിനും രണ്ട് ഘട്ടമായിട്ടായിരുന്നു ഗുജറാത്തില്‍ പോളിംഗ്. ഒന്നാം ഘട്ടം പൂര്‍ത്തിയായതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍ ബി ജെ പി, വര്‍ഗീയ ധ്രുവീകരണം ശക്തമാക്കും വിധത്തിലുള്ള പ്രചാരണത്തിലേക്ക് മാറിയിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ സഹായം കോണ്‍ഗ്രസ് തേടിയെന്നും അതില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് പങ്കുണ്ടെന്നും ആരോപിക്കാന്‍ മോദി മടിച്ചില്ല. ഗുജറാത്ത് പോലെ, ഹിന്ദുത്വ വികാരം ശക്തമായ ഒരിടത്ത്, ഈ ആരോപണം വളരെ എളുപ്പത്തില്‍ കാറ്റുപിടിക്കുന്നതായിരുന്നു. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം, ഹര്‍ദിക്, അല്‍പ്പേഷ്, ജിഗ്നേഷ് എന്നിവരുടെ പേരിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് ‘ഹജ്’ എന്നാക്കി, അതിന്റെ വിജയം ഗുജറാത്തിന് ഗുണകരമോ എന്ന ചോദ്യം ബി ജെ പി ഉന്നയിച്ചു. ‘ഹജ്’ എന്നത് മുസ്‌ലിംകളെ ലാക്കാക്കി തന്നെ ഉപയോഗിച്ചതായിരുന്നു. അതിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ബി ജെ പിക്ക് സാധിച്ചുവെന്ന് കരുതണം.

ഹിന്ദുത്വ എന്ന അജന്‍ഡയാണ് 1995 മുതല്‍ ഇന്നോളം ബി ജെ പിയെ ഗുജറാത്തില്‍ വിജയിപ്പിച്ച് നിര്‍ത്തിയത്. ഹര്‍ദികിന്റെ നേതൃത്വത്തില്‍ പട്ടേല്‍ വിഭാഗവും അല്‍പ്പേഷിന്റെ നേതൃത്വത്തില്‍ പിന്നാക്ക വിഭാഗങ്ങളും ജിഗ്നേഷിന്റെ നേതൃത്വത്തില്‍ ദളിതുകളും ബി ജെ പിക്കെതിരെ രംഗത്തുവന്നപ്പോള്‍, ഹിന്ദുത്വ അജന്‍ഡയിലേക്ക് ഹിന്ദുക്കളെയൊന്നാകെ ചേര്‍ത്തുനിര്‍ത്തുന്ന ബി ജെ പി പദ്ധതിയിലാണ് വിള്ളല്‍ വീണത്. അത് വ്യാപിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയത് അതുകൊണ്ടാണ്. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് ശേഷം വലിയ തോതില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്‌ലിംകളെക്കുറിച്ച് ഈ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പറയാന്‍ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ് നേതാക്കളോ തയ്യാറാകാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. പാക്കിസ്ഥാന്റെ പിന്തുണ, അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത, ‘ഹജ്’ നേടാന്‍ ഇടയുള്ള വിജയം എന്നീ പ്രചാരണങ്ങളിലൂടെ കോണ്‍ഗ്രസിന്റെ തന്ത്രത്തെ മറികടക്കാന്‍ ബി ജെ പിക്ക് സാധിച്ചു. ഹിന്ദുത്വ അജന്‍ഡയിലേക്ക് ഭൂരിപക്ഷ സമുദായത്തെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ അവസാനഘട്ടത്തിലെങ്കിലും ബി ജെ പിയും നരേന്ദ്ര മോദി – അമിത് ഷാ സഖ്യം വിജയിച്ചുവെന്ന് ചുരുക്കം.

2012ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് 61 സീറ്റിലാണ് വിജയിച്ചത്. അതില്‍ നിന്ന് മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നത് ആ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ നല്‍കുന്ന ഊര്‍ജം ചെറുതല്ല. ബി ജെ പി എന്ന പാര്‍ട്ടി മാത്രമല്ല, സംസ്ഥാന – കേന്ദ്ര ഭരണയന്ത്രമൊന്നാകെ ചേര്‍ന്ന് നടത്തിയ വലിയ പ്രചാരണത്തെയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെയും മറികടന്ന് മുന്നോട്ടുവരാന്‍ അവര്‍ക്ക് സാധിച്ചുവെന്നത്, വ്യക്തമായ രാഷ്ട്രീയ വിജയമാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതും. ഇതിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുന്നതില്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള കട്‌വ പട്ടേല്‍ വിഭാഗം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പ്പേഷ് താക്കൂറിന്റെ കോണ്‍ഗ്രസ് പ്രവേശം പ്രതീക്ഷിച്ച ഗുണം കോണ്‍ഗ്രസിന് നല്‍കിയില്ല, വിപരീത ഫലമുണ്ടാക്കുകയും ചെയ്തു. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നീച് ആദ്മി’ എന്ന് വിശേഷിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

അല്‍പ്പേഷ് പ്രതിനിധാനം ചെയ്യുന്ന താക്കൂര്‍ വിഭാഗം പരമ്പരാഗതമായി തന്നെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ്. അവരിലൂടെ ഇതര പിന്നാക്ക വിഭാഗങ്ങളിലേക്ക് കൂടി ഇറങ്ങിച്ചെല്ലാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടിയത്. പട്ടേല്‍ വിഭാഗം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതിയും അല്‍പ്പേഷ് താക്കൂറിന്റെ കോണ്‍ഗ്രസ് പ്രവേശവും ഇതര പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ബി ജെ പിയിലേക്ക് ഏകീകരിക്കാനാണ് കാരണമായത്. ഇതിനൊപ്പമാണ് മണി ശങ്കര്‍ അയ്യരുടെ ‘നിച്’ പ്രയോഗം. പിന്നാക്ക വിഭാഗക്കാരനായ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ പിന്നാക്ക വിഭാഗങ്ങളെയാകെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത് എന്ന വലിയ പ്രചാരണം ബി ജെ പി അഴിച്ചുവിട്ടു. അതിന് നരേന്ദ്ര മോദി തന്നെ നേതൃത്വം നല്‍കുകയും ചെയ്തു. ഹര്‍ദിക് പട്ടേലിന് കോണ്‍ഗ്രസ് നല്‍കുന്ന പ്രാമുഖ്യത്തില്‍ അതൃപ്തരായിരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഏറെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കുകയും ചെയ്തു. വടക്കന്‍ ഗുജറാത്തിലും മധ്യ ഗുജറാത്തിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതിന് പ്രധാന കാരണം ഇതാണ്.

ഗുജറാത്തില്‍ പരാജയം ആവര്‍ത്തിക്കുമ്പോഴും ബി ജെ പിയെ വെല്ലുവിളിക്കാവുന്ന പ്രതിപക്ഷമായി കോണ്‍ഗ്രസ് എത്തിയെന്നത്, ദേശീയതലത്തില്‍ പ്രധാനമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുകയും ബി ജെ പിയെ അപേക്ഷിച്ച് 27 ശതമാനം വോട്ട് കുറയുകയും ചെയ്ത കോണ്‍ഗ്രസ്, ശക്തമായി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു അവിടെ. നരേന്ദ്ര മോദിയുടെ നാട്ടില്‍, വികസനത്തിന്റെ മാതൃകയായി അവതരിപ്പിക്കപ്പെട്ട ദേശത്ത്, നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാവുന്ന നേതാവ് രാജ്യത്തില്ലെന്ന വലിയ പ്രചാരണത്തിന്റെ അന്തരീക്ഷത്തില്‍, അതിനെയൊക്കെ തളച്ചിടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും സാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണ് ഗുജറാത്ത് ഫലം. സ്വന്തം നാട്ടില്‍, അത്യധ്വാനം ചെയ്തിട്ടും വിജയത്തിന് തിളക്കം കുറഞ്ഞത് നരേന്ദ്ര മോദിക്ക് ഇതര സംസ്ഥാനങ്ങളിലുള്ള സ്വീകാര്യത കുറയാന്‍ കാരണമായേക്കും. മോദി – അമിത് ഷാ സഖ്യത്തിനെതിരെ ബി ജെ പിക്കുള്ളില്‍ ഉയരുന്ന വിമത സ്വരം ശക്തമാകാനും തിളക്കം കുറഞ്ഞ വിജയം വഴിവെച്ചേക്കും.

അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന്റെ വലുപ്പം കെട്ടിപ്പൊക്കിയത് മാ്രതമാണെന്ന് ഗുജറാത്ത് ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കൊട്ടിഘോഷിച്ച വികസന മാതൃക വെറും വീണ്‍വാക്ക് മാത്രമായിരിക്കുന്നുവെന്ന് ആ ജനത മനസ്സിലാക്കുന്നു. അതവര്‍ വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്, സീറ്റ് കണക്കില്‍ വിജയവും അധികാരവും ബി ജെ പിക്കാണെങ്കിലും. അങ്ങനെ നോക്കുമ്പോള്‍ ഗുജറാത്തില്‍ നരേന്ദ്ര മോദി തോല്‍ക്കുന്നു, രാജ്യവും ജനാധിപത്യവും വിജയിക്കുമെന്ന പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു.