അല്‍-ഇഹ്സാന്‍ ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന്  പ്രൗഢോജ്ജ്വല സമാപനം

Posted on: December 18, 2017 8:02 pm | Last updated: December 18, 2017 at 11:43 pm

ലണ്ടന്‍:ലണ്ടനില്‍ നടന്ന 9ാംമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. ഉച്ചക്ക് 2ന് മുതല്‍ രാത്രി 11 മണിവരെയായിരുന്നു പരിപാടി.
വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ്,ഓഫ് സ്റ്റേജ് മത്സരങ്ങള്‍, മൗലിദ് സദസ്സ് ,മദ്ഹുറസൂല്‍ പ്രഭാഷണങ്ങള്‍,ആത്മീയ മജ്‌ലിസ്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.  സമാപന സമ്മേളനത്തിന് യു.കെയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായ സയ്യിദ്  മുഹമ്മദ് അല്‍-അഷ്‌റഫി അല്‍-ജീലാനി നേതൃത്വം നല്‍കി.

മത-ജാതി ഭേദമന്യേ മാനവ കുലത്തിന് സമാധാനവും സ്‌നേഹവും പ്രധാനം നല്‍കുന്നതിനു വേണ്ടിയാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.ആധുനിക സമൂഹത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.കെയുടെ പല ഭാഗങ്ങളിലായി ഒരു മാസക്കാലമായി നടന്നു വന്നിരുന്ന മീലാദ് പരിപാടികള്‍ക്കു ഇതോടെ പരിസമാപ്തിയായി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അല്‍-ഇഹ്്‌സാനിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ മീലാദിന്റെ ഭാഗമായി നടന്ന് വരുന്നു. യുകെയിലെ രജിസ്‌ട്രേഡ്  ചാരിറ്റിയായ അല്‍-ഇഹ് സാന്‍ സംഘടന വിവിധ സേവനങ്ങളാണ് മത-ജാതി ഭേദമന്യേ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ വര്‍ക്ക് ഷോപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയെയും സംസ്‌കാരത്തെയും വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്താനുള്ള മധുരം-മലയാളം പരിപാടികള്‍, ലൈബ്രറികള്‍ പഠന ക്യാമ്പുകള്‍ കുടുംബസംഗമങ്ങള്‍,  ഫാമിലി കൗണ്‍സിലിംഗ് പരിപാടികള്‍, സ്‌പോര്‍ട്‌സ് ആക്ടിവിറ്റി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. വ്യത്യസ്ത പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന്  അല്‍-ഇഹ്‌സാന്‍ മുഖ്യ കാര്യദര്‍ശി ഖാരിഅ് അബദുല്‍ അസീസ് അഭിപ്രായപ്പെട്ടു പരിപാടിക്ക് അല്‍-ഇഹ് സാന്‍ പ്രധാന കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവണ്‍ നന്ദിയും അറിയിച്ചു.