രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല: ജയശങ്കര്‍

Posted on: December 18, 2017 3:24 pm | Last updated: December 18, 2017 at 4:21 pm

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയാണ് നരേന്ദ്ര മോദി അങ്കം ജയിച്ചതെന്നും മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്ക് തുണയായിയെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കര്‍ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

ബിജെപിയുടെ മുന്നേറ്റം ദുര്‍ബലമായെന്നും നരേന്ദ്ര മോദിയുടെ അജയ്യത സംശയാസ്പദമായെന്നും ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമര്‍ ചേകവരാകാന്‍ കഴിഞ്ഞില്ല, രാഹുല്‍ഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ധിച്ചു, ബിജെപിയുടെ മുന്നേറ്റം ദുര്‍ബലമായി, നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമായി.

അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചത്. വികസനവും ഗര്‍വീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സര്‍ദാര്‍ പട്ടേല്‍, രാം മന്ദിര്‍, പാക്കിസ്ഥാന്‍, മിയാന്‍ അഹമ്മദ് പട്ടേല്‍ മുതലായ നമ്പറുകള്‍ എടുത്തു വീശി. മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിന്റെ മകന്‍ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടു.

അഹമ്മദാബാദ് ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കര്‍ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു.

വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് ഗുജറാത്തില്‍ നടന്നത്. അടുത്ത വര്‍ഷമാദ്യം കര്‍ണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടന്നേക്കും.

ഒരു കാര്യം ഉറപ്പാണ്: രാഹുല്‍ഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല.